ഭരണകൂടത്തിന്റെ കാലുഴിഞ്ഞ്‌

Posted on: May 3, 2020 12:05 pm | Last updated: May 3, 2020 at 12:05 pm

ക്രിമിനല്‍ കേസില്‍ ജാമ്യം അനുവദിക്കലും അതിന്റെ നിഷേധവും വലിയ അളവില്‍ ന്യായാധിപന്റെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കുന്നു. ജാമ്യം ശിക്ഷയല്ല. അതൊരു ശിക്ഷാമുറയാകാനും പാടില്ല. ഭരണഘടനാ ദത്തമായ അവകാശമായ വ്യക്തി സ്വാതന്ത്ര്യവും സമൂഹത്തിന്റെ പൊതുവായ സുരക്ഷിതത്വവും തമ്മില്‍ ബാലന്‍സ് ചെയ്തു പോകും വിധമാണ് ജാമ്യം അവകാശമായി നിലനില്‍ക്കുന്നത്. വിചാരണക്കോ അല്ലെങ്കില്‍ അന്വേഷണത്തിനോ ഇടയില്‍ ആവശ്യപ്പെടുന്ന മുറക്ക് ഹാജരാകാം എന്ന ഉറപ്പിന്‍മേലാണ് ജാമ്യം അനുവദിക്കപ്പെടാറുള്ളത് എന്ന കാര്യം സുവിദിതമാണ്. കുറ്റാരോപിതന്‍ തെളിവ് നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യില്ലെന്ന് കോടതി ഉറപ്പു വരുത്തണം.
ജാമ്യ വ്യവസ്ഥകളില്‍ നമ്മുടെ ചില നീതിപീഠങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന പുതു ട്രെന്‍ഡിനെ പ്രശ്‌നവത്കരിക്കാനാണ് മേല്‍ പ്രസ്താവിത മുഖവുര. ക്രിമിനല്‍ നിയമശാസ്ത്രത്തിന് വിരുദ്ധമായ ജാമ്യ നിബന്ധനകള്‍ ഈയിടെ ആദ്യമായി മുന്നോട്ടുവെച്ചത് ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹരജിക്കാരന് അനുകൂലമായി തീരുമാനമെടുത്ത കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകളിലൊന്ന് 10,000 രൂപ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് ദാനം ചെയ്യാനാണ്. തുടര്‍ന്നും ഏപ്രില്‍ 16ന് അതേ ഹൈക്കോടതി തന്നെ മുന്‍ പാര്‍ലിമെന്റംഗം അടക്കം ആറ് പേര്‍ ഉള്‍പ്പെട്ട നിയമ വ്യവഹാരത്തില്‍ ജാമ്യം ലഭിക്കുന്നതിന് വ്യവസ്ഥ വെച്ചത് ഓരോരുത്തരും പി എം കെയേഴ്‌സ് ഫണ്ടിലേക്ക് 35,000 രൂപ വീതം സംഭാവന ചെയ്യാനും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുമാണ്. ഈ രീതി ഒരു നയമായി ചില ഭരണഘടനാ കോടതികള്‍ സ്വീകരിക്കുകയാണെന്ന ആശങ്കയെ കാലുറപ്പിച്ചു നിര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയും സമാന ജാമ്യ വ്യവസ്ഥയുമായി രംഗത്ത് വന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ചതിനുള്ള ജാമ്യാപേക്ഷയിലാണ് ജാമ്യം നല്‍കാം, പക്ഷേ 10,000 രൂപ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവനയായി നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്.

ജാമ്യത്തെ പരാമര്‍ശിക്കുന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 437ാം വകുപ്പില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ എന്ത് വ്യവസ്ഥയും കോടതിക്ക് മുന്നോട്ടുവെക്കാം എന്നു കാണാം. അതിനര്‍ഥം ഏത് വിധമുള്ള ജാമ്യ വ്യവസ്ഥയും ചുമത്താനുള്ള പൂര്‍ണ അധികാരം കോടതിക്ക് ഉണ്ടെന്നല്ല. പ്രത്യുത നിബന്ധനകള്‍ ന്യായമായതും നിര്‍ണിത നിയമ പ്രശ്‌നത്തില്‍ സ്വീകാര്യമായതുമാകണം. ഫലത്തില്‍ ജാമ്യ വ്യവസ്ഥകള്‍ പ്രായോഗികവും ജാമ്യം അനുവദിക്കുന്നതിന്റെ ലക്ഷ്യത്തെ ഉടക്കുന്നതുമാകരുതെന്ന് 2013ലെ സുമിത് മെഹ്ത കേസില്‍ സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയിട്ടുണ്ട്.

ജാമ്യലബ്ധിക്ക് പി എം കെയേഴ്‌സ് ഫണ്ടിലേക്ക് നിശ്ചിത തുക ദാനം ചെയ്യണമെന്നാവശ്യപ്പെടുമ്പോള്‍ ജാമ്യത്തിന്റെ അന്തസ്സത്തയെ പാടെ അവഗണിക്കുകയാണ് കോടതികള്‍ ചെയ്യുന്നത്. കുറ്റാരോപിതന്റെ പേരില്‍ ചുമത്തിയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികളോട് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു കൊണ്ട് ഈടായി നല്‍കുന്ന ആസ്തി രേഖയോ തുകയോ ആണ് ജാമ്യ ബോണ്ട് എങ്കില്‍ അത് തിരികെ ലഭിക്കുന്നതാണ്. കോടതി നടപടികള്‍ക്ക് ഹാജരാകാതിരിക്കുകയോ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്യാത്ത പക്ഷം കുറ്റാരോപിതന്‍ ശിക്ഷിക്കപ്പെട്ടാലും കുറ്റമുക്തനായാലും ജാമ്യത്തുക തിരിച്ചു ലഭിക്കേണ്ടതാണെന്ന കാര്യം അറിയാവുന്നവരാണ് നമ്മള്‍. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ തുക കോടതിയിലേക്ക് കണ്ടുകെട്ടുകയും ചെയ്യും.
പി എം കെയേഴ്‌സ് ഫണ്ടിലേക്ക് നിശ്ചിത തുക നല്‍കാന്‍ ഉത്തരവിടുമ്പോള്‍ ജാമ്യ നിബന്ധനകള്‍ ലംഘിക്കപ്പെടാത്ത സാഹചര്യത്തില്‍ ഫണ്ടില്‍ നിന്ന് തുക റീഫണ്ട് ചെയ്യാന്‍ സാധിക്കില്ല. പി എം കെയേഴ്‌സ് ഫണ്ടിലേക്ക് നിക്ഷേപിച്ചാല്‍ അതൊരു സംഭാവനയാണ്. ജാമ്യം ഉറപ്പുവരുത്താനുള്ള നിബന്ധന ആകില്ല. ജാമ്യം അവകാശവും അതിനപവാദം ജയിലുമാണെന്നാണ് നിയമ വീക്ഷണം. വ്യക്തിയുടെ അവകാശത്തെ ശിക്ഷയായി മാറ്റിത്തീര്‍ത്ത് നീതിന്യായ തത്വങ്ങളെ അട്ടിമറിക്കുകയാണ് ജാമ്യം ലഭ്യമാകാന്‍ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നാവശ്യപ്പെടുന്നതിലൂടെ കോടതികള്‍ ചെയ്യുന്നത്.

ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന കോടതി നിര്‍ദേശത്തിന്റെ കാര്യവും വിഭിന്നമല്ല. നിയമാനുസാരിത്വമില്ലാത്ത ഇടപെടല്‍ എന്ന വിലയിരുത്തലാണ് പ്രസ്തുത ജാമ്യ വ്യവസ്ഥയെ സംബന്ധിച്ച് നിയമ മേഖലയില്‍ നിന്നുണ്ടായത്. ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന ഉത്തരവ് എക്‌സിക്യൂട്ടീവ് ദിശയിലുള്ളതാണ്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെയും കൊറോണ വൈറസിനെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെയും ഭാഗമായി ഒരു വേള പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവെ മുന്നോട്ടുവെച്ച നിര്‍ദേശമാണത്. അതെങ്ങനെ ഭരണഘടനാ കോടതിയില്‍ ജാമ്യ വ്യവസ്ഥയാകും. ജാമ്യം ലഭിക്കുന്നതിന് മാനദണ്ഡമായി ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം എന്നാവശ്യപ്പെടുന്നതില്‍ എന്താണ് സവിശേഷ സംഗതിയുള്ളത്. അതുവഴി എങ്ങനെയാണ് കോടതിയില്‍ കുറ്റാരോപിതന്റെ സാന്നിധ്യം ഉറപ്പുവരുത്താനാകുക.
പി എം കെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനയും ആരോഗ്യ സേതു ആപ്പുമൊക്കെ ഭരണകൂടവും പൗരസമൂഹവും തമ്മിലുള്ള ഇടപാടും ജനാധിപത്യ ക്രമത്തില്‍ സാധാരണയായ സര്‍ക്കാര്‍ നയപരിപാടികളുടെ ഭാഗവുമാണ്. ഭരണഘടനാ കോടതികളില്‍ ജാമ്യ വ്യവസ്ഥയായി രംഗപ്രവേശം ചെയ്യാന്‍ മാത്രം നീതിന്യായ കാഴ്ചപ്പാടുകളുമായി അതിന് ബന്ധമൊന്നുമില്ല. കൊറോണ വൈറസ് മൂലമുള്ള പലവിധ കെടുതികളിലാണ് രാജ്യമെങ്കിലും നീതി തത്വങ്ങള്‍ക്ക് അവധി കൊടുക്കാന്‍ കോടതിക്ക് അധികാരമില്ല തന്നെ. പി എം കെയേഴ്‌സ് ഫണ്ടിന്റെ രൂപവത്കരണവും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവില്‍ ഉള്ളപ്പോഴാണ് കൊവിഡ് 19 പോലുള്ള പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടാന്‍ പ്രധാനമന്ത്രി അധ്യക്ഷനായി പി എം കെയേഴ്‌സ് ഫണ്ട് മാര്‍ച്ച് 28ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ രൂപവത്കരിച്ചത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സി എ ജി ) പരിശോധനക്ക് വിധേയമല്ല പ്രസ്തുത ഫണ്ട്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും സി എ ജി പരിശോധന ഇല്ലെങ്കിലും പണം എങ്ങനെ ചെലവിട്ടു എന്ന് ചോദിക്കാന്‍ സി എ ജിക്ക് അധികാരമുണ്ട്. പി എം കെയേഴ്‌സ് ഫണ്ടിലെ പണം വിനിയോഗിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള പൂര്‍ണാധികാരം മുതിര്‍ന്ന മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രസ്റ്റിനാണ്. കോര്‍പറേറ്റുകള്‍ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുന്ന തുകയെ അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ വകയിരുത്തി നികുതി പൂര്‍ണമായി ഒഴിവാക്കി കൊടുക്കുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോര്‍പറേറ്റുകള്‍ സംഭാവന നല്‍കുന്നതിനെ അത്തരത്തില്‍ പരിഗണിക്കുന്നുമില്ല. പി എം കെയേഴ്‌സ് ഫണ്ട് കറതീര്‍ന്ന ഒരു സംവിധാനമല്ലെന്നിരിക്കെ ജാമ്യ വ്യവസ്ഥയായി അതിലേക്ക് സംഭാവന ചെയ്‌തോളാം എന്ന് ഒരു പടി കൂടെ കടന്ന് കുറ്റാരോപിതന്‍ തന്നെ മുന്നോട്ടുവന്നു പറഞ്ഞാല്‍ പോലും അതൊരു ജാമ്യ മാനദണ്ഡമായി അംഗീകരിക്കാന്‍ കോടതിക്ക് നിര്‍വാഹമില്ല.

ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍ പറത്തി ഭരണകൂടത്തെ പരമാവധി തൃപ്തിപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുന്ന ന്യായാധിപര്‍ നമ്മുടെ പരമോന്നത നീതിപീഠത്തിലടക്കമുണ്ട്. അവര്‍ ഉന്നം വെക്കുന്നത് വലിയ കസേരകളും തീറെഴുതുന്നത് ഭരണഘടനയേയുമാണ്. സ്വാര്‍ഥ മോഹങ്ങളില്‍ കണ്ണുടക്കി നീതിവിചാരത്തെ കോടതിക്ക് പുറത്തു നിര്‍ത്താത്ത നിഷ്‌കളങ്ക വിധിതീര്‍പ്പുകളാണ് ഇതൊക്കെ എന്ന് തീര്‍ച്ചപ്പെടുത്തിയവരാണ് പൗരസമൂഹത്തിലെ സിംഹഭാഗവും. കള്ളവും ചതിയുമില്ലാത്ത അത്തരം നിഷ്‌കപട തീര്‍ച്ചകളെ തത്കാലം നമുക്ക് മാറ്റിവെക്കാം. അല്ലാത്തപക്ഷം ഭരണഘടനയെ വല്ലാതെ പോറലേല്‍പ്പിച്ചു കളയും നമ്മുടെ ചില കോടതികളും ന്യായാധിപരും.