Connect with us

Editorial

കാര്‍ഷിക സംസ്‌കൃതിയിലേക്ക് തിരിച്ചു പോകണം

Published

|

Last Updated

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്നു കൃഷി. കാര്‍ഷികവൃത്തിയിലൂന്നിയ ജീവിതമായിരുന്നു മുന്‍കാല കേരളീയന്റേത്. ഇവിടം വിളയിച്ചെടുത്ത സുഗന്ധവ്യഞ്ജനങ്ങളിലൂടെയായിരുന്നല്ലോ കേരളത്തിന്റെ ഖ്യാതി പുറംലോകമറിഞ്ഞതു തന്നെ. ഇന്നിപ്പോള്‍ കൃഷിയുമായുള്ള കേരളീയന്റെ ബന്ധം പാടേ കുറഞ്ഞിരിക്കുന്നു. 1980കളോടെയാണ് കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങളില്‍ നിന്ന് കൃഷിയെ മാറ്റപ്പെട്ടു തുടങ്ങിയത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കാര്‍ഷിക ഭൂമി വന്‍തോതില്‍ കൈയേറിയതോടെ കൃഷിഭൂമിയുടെ വിസ്തൃതി വന്‍തോതില്‍ കുറയുകയും മലയാളിയുടെ തീന്‍മേശയിലെ വിഭവങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാകുകയും ചെയ്തു. കഴിഞ്ഞ 35-40 വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ നെല്‍വയലുകളുടെ വിസ്തൃതി 7.54 ലക്ഷം ഹെക്ടറില്‍ നിന്ന് 1.9 ലക്ഷം ഹെക്ടറായി ചുരുങ്ങി. ആവാസ വ്യവസ്ഥയായ തണ്ണീര്‍ തടങ്ങളുടെ വിസ്തൃതിയില്‍ 50 ശതമാനത്തിലധികം കുറവു വന്നു. ഗാര്‍ഹിക, വ്യാപാര ആവശ്യങ്ങള്‍ക്കായി നിയമപരമായും അനധികൃതമായും ഹെക്ടര്‍ കണക്കിനു പാടം നികത്തിക്കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവും. വയലുകളുടെ സംരക്ഷണത്തിനു പ്രത്യേക നിയമമുണ്ടെങ്കിലും അത് ഏട്ടില്‍ ചുരുങ്ങുകയാണ്.

നിലവില്‍ കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക പ്രാധാന്യമായ സംസ്‌കാരത്തിലേക്ക് തിരിച്ചു പോകാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് തരിശായി കിടക്കുന്ന ഭൂമിയില്‍ പൂര്‍ണമായി കൃഷിയിറക്കുകയും അതുവഴി ഭക്ഷ്യോത്പാദന വര്‍ധനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ബൃഹദ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു സംസ്ഥാന കൃഷിവകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കുമെന്നും ഒരു വര്‍ഷത്തിനകം 3,000 കോടി രൂപ ഈ ലക്ഷ്യത്തില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിനും കൃഷിവകുപ്പിനും പുറമെ മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകളും പദ്ധതിയില്‍ പങ്കാളികളാകും. നെല്ലിനാണ് പ്രഥമ പരിഗണനയെങ്കിലും കന്നുകാലി സമ്പത്തിന്റെയും പാലിന്റെയും മുട്ടയുടെയും ഉത്പാദന വര്‍ധനവും മത്സ്യകൃഷി അഭിവൃദ്ധിപ്പെടുത്തലും ജലസേചനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലും പദ്ധതിയുടെ ഭാഗമാണ്.

സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 19 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 6,89,305 ടണ്‍ നെല്ലാണ് 2018- 19 വര്‍ഷം കേരളത്തില്‍ വിളയിച്ചത്. മലയാളിയുടെ തീന്‍മേശയിലേക്ക് വര്‍ഷാന്തം 38 ലക്ഷം ടണ്‍ പച്ചക്കറിയെങ്കിലും ആവശ്യമുണ്ട്. ഒരാള്‍ ഒരു ദിവസം 250 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശവുമുണ്ട്. എന്നാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് അഞ്ച് ലക്ഷം ടണ്‍ പച്ചക്കറി മാത്രമാണ്. ബാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതാണ്. ഇങ്ങനെ എത്തുന്ന പച്ചക്കറികള്‍ മാരകമായ കീടനാശിനി പ്രയോഗിച്ച് ഉത്പാദിപ്പിക്കുന്നവയുമാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും കനിഞ്ഞില്ലെങ്കില്‍ കേരളീയന്റെ അന്നംമുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ ചെറിയ പ്രതിസന്ധികള്‍ പോലും കേരളീയ വിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യത്തിനും വിലക്കയറ്റത്തിനും ഇടയാക്കുന്നു. അതേസമയം, സംസ്ഥാനത്ത് ആയിരക്കണക്കിനു ഹെക്ടര്‍ ഭൂമി കൃഷിയിറക്കാതെ വെറുതെ കിടക്കുന്നുണ്ട്. ഈ ഭൂമി ഉപയോഗപ്പെടുത്തുകയും കൂടുതല്‍ ഉത്പാദന വര്‍ധനവിന് സഹായമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍ നെല്ലുള്‍പ്പെടെയുള്ള കൃഷിയുത്പാദനത്തില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. യഥാവിധി നടപ്പാക്കാനായാല്‍ സംസ്ഥാനത്തിന്റെ കാര്‍ഷിക വളര്‍ച്ചയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്നതാണ് പദ്ധതി.

നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും മഹാപ്രളയവും കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കൊറോണ മഹാമാരിയും ഇതേതുടര്‍ന്നുള്ള പ്രവാസികളുടെ തിരിച്ചു വരവും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. വരാനിരിക്കുന്ന കാലത്തെ അതിജീവനത്തിന് കൃഷിയാണ് ഫലപ്രദമായ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയൊരു കാര്‍ഷിക നവോത്ഥാനം ഉയര്‍ത്തിക്കൊണ്ടുവരണം. കൃഷിയില്‍ നിന്നുള്ള വരുമാനം താരതമ്യേന കുറവാണെന്നതാണ് കൃഷിയെ അനാകര്‍ഷകമാക്കാനും പലരും ഈ രംഗം വിടാനും ഇടയാക്കിയത്. ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ വലിയൊരളവോളം ഇത് പരിഹരിക്കാനാകും. നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 2,790 കിലോഗ്രാമാണ് ഇന്ത്യയില്‍. ചൈനയില്‍ ഇത് ഹെക്ടറിന് 6,744 കിലോഗ്രാമും ഈജിപ്തില്‍ 9,088 കിലോഗ്രാമുമാണ്.

നമ്മുടെ തൊഴില്‍, വികസന കാഴ്ചപ്പാടില്‍ സമൂലമായ മാറ്റമാണ് ഈ ലക്ഷ്യത്തില്‍ ആദ്യമായി വേണ്ടത്. പുതുതലമുറയില്‍ നല്ലൊരു വിഭാഗത്തിന്റെയും കാഴ്ചപ്പാടില്‍ മാന്യമായ തൊഴില്‍ സര്‍ക്കാര്‍ മേഖലയിലെയോ വ്യവസായ സ്ഥാപനങ്ങളിലെയോ തസ്തികകളില്‍ പരിമിതമാണ്. കാര്‍ഷിക ജോലി ഒരു താഴ്ന്ന ജോലിയായാണ് പലരും കാണുന്നത്. അരനൂറ്റാണ്ട് മുമ്പ് കാര്‍ഷിക ഭൂമിക്കായി സമരം ചെയ്ത കേരളീയന്‍ ഇന്ന് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ മടിക്കുകയാണ്. വികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വ്യാവസായിക വികസനത്തില്‍ ഒതുങ്ങുന്നു. ഈ കാഴ്ചപ്പാട് മാറി കൃഷി മാന്യമായ ഒരു തൊഴിലാണെന്ന വസ്തുത പുതിയ തലമുറ ഉള്‍ക്കൊള്ളണം. വ്യവസായവും സാങ്കേതിക മേഖലയുടെ വളര്‍ച്ചയും ഇന്നത്തെ കാലത്ത് ഒഴിച്ചു കൂടാത്തതാണ്. ഇത് പക്ഷേ പഴമയുടെ നല്ല വശങ്ങളെ അവഗണിച്ചു കൊണ്ടാകരുത്. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേര്‍ന്നുള്ള സംസ്‌കൃതിയാണ് നമുക്ക് വേണ്ടത്.

Latest