മെയ് ദിനം ചരിത്രവും വര്‍ത്തമാനവും

Posted on: May 1, 2020 6:00 am | Last updated: May 2, 2020 at 10:13 pm

18, 19 നൂറ്റാണ്ടുകളില്‍ കൃത്യമായി പറഞ്ഞാല്‍ 1750 മുതല്‍ 1850 വരെയുള്ള കാലം വലിയൊരു വ്യവസായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. കൃഷി, വ്യാവസായിക ഉല്‍പാദനം, ഗതാഗതം എന്നിവയിലുണ്ടായ മുന്നേറ്റത്തെ വ്യവസായ വിപ്ലവം എന്ന പേരിലാണ് ചരിത്രം രേഖപ്പെടുത്തിയത്. യൂറോപ്പില്‍ നിന്ന് ആരംഭിച്ച ഇതിന്റെ അനുരണനങ്ങള്‍ പിന്നീട് വടക്കേ അമേരിക്കയിലേക്കും തുടര്‍ന്ന് ലോകമെമ്പാടും വ്യാപിച്ചു.

എന്നാല്‍ വ്യവസായ വിപ്ലവത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന മുതലാളി കുത്തക വര്‍ഗ്ഗം തൊഴിലാളികളെ ചൂഷണോപാധിയായാണ് ഉപയോഗിച്ചത്. പുരുഷ തൊഴിലാളികള്‍ മാത്രമല്ല സ്ത്രീകളും കുട്ടികളുംപോലും 1216 മണിക്കൂര്‍ പണിയെടുക്കണം. കൂലിയാണെങ്കില്‍ തുച്ചവും.

ഈ സാമൂഹ്യ പരിസരത്താണ് എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ പഠനവും വിനോദവും എന്ന മുദ്രാവാക്യം ഉയര്‍ന്നുവരുന്നത്. ഇതോടൊപ്പംതന്നെ തുല്യജോലിക്ക് തുല്യവേതനം, ബാലവേല അവസാനിപ്പിക്കുക, തൊഴില്‍ സുരക്ഷിതത്വം എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നുവന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വടക്കേ അമേരിക്കയിലെ പല നഗരങ്ങളിലും ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ബല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും തൊഴിലാളി സംഘടനകള്‍ വളര്‍ന്നുവന്നു. 1885-86 കാലത്ത് തൊഴിലാളി ചൂഷണത്തിനെതിരായ സംഘടനകളും സമരങ്ങളെ കുറിച്ചുള്ള ആലോചനകളും ശക്തമായി. വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലേബര്‍ യൂണിയനും സാമൂഹ്യപ്രവര്‍ത്തകരും 1886 മെയ് ഒന്നിന്ന് ചിക്കാഗോയില്‍ പ്രക്ഷോഭം നടത്തുന്നതിന് തീരുമാനിച്ചു. 1886 മെയ് 1 ന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ പണിമുടക്ക് സമരം മൂന്നര ലക്ഷം തൊഴിലാളികളെ ചിക്കാഗോ നഗരത്തില്‍ എത്തിച്ചുവെന്നാണ് കണക്ക്. എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന മുദ്രാവാക്യവുമായി നടന്ന സമരം ലോകവ്യാപകമായി തൊഴിലാളി പ്രസ്ഥാനങ്ങളെ അവേശഭരിതരാക്കി. പലതൊഴിലാളി യൂണിയനുകളും ഈ പണിമുടക്കില്‍ പ്രചോദിതരായി ലോകത്തിന്റെ നാനാമേഖലകളില്‍ സമരങ്ങള്‍ ആരംഭിച്ചു.

1886ല്‍ നടന്ന പൊതു പണിമുടക്ക് തൊഴിലാളി വര്‍ഗത്തിന് എതിരായ മുതലാളി ചൂഷകവര്‍ഗത്തിന്റെ നിഷ്ഠൂരമായ പ്രതികാര നടപടികള്‍ക്ക് വഴിവച്ചു. സമരത്തിനോട് അനുബന്ധിച്ച് മെയ് മൂന്നിന് നടന്ന വെടിവയ്പില്‍ 6 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ ഒത്തുചേര്‍ന്ന തൊഴിലാളികളെ പൊലീസ് അറസ്റ്റു ചെയ്തു. ക്രൂരമര്‍ദനം അഴിച്ചുവിട്ടു. നിരവധി തൊഴിലാളികളുടെ പേരില്‍ പൊലീസ് കള്ളക്കേസ് കെട്ടിച്ചമച്ച് തുറങ്കലില്‍ അടച്ചു. ഇവരില്‍ ജോര്‍ജ്ജ് എംഗല്‍, അഡോള്‍ഫ് ഫിഷര്‍, ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, അഗസ്റ്റ് സ്‌പൈസ് എന്നിവരെ തൂക്കിലേറ്റി.

സാമുവല്‍ ഫീല്‍ഡെന്‍, ഓസ്‌ക്കാര്‍ നീബി, മൈക്കല്‍ ഷ്വാബ്, ലൂയി ലിന്‍ഗ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ലൂയി ലിന്‍ഗ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു എന്ന് പിന്നീട് പൊലീസ് പ്രചരിപ്പിച്ചു. ലോകത്തെമ്പാടും തൊഴിലാളികള്‍ സംഘടിക്കാനും കരുത്തുറ്റ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിനും കഴിഞ്ഞു എന്നത് ചരിത്രത്തിന്റെ ആവേശകരമായ അനുഭവങ്ങള്‍. യൂറോപ്പിലും, അമേരിക്കയിലും ഉള്ള തൊഴിലാളി വര്‍ഗം ചുവന്ന കൊടിക്കീഴില്‍ ഒരൊറ്റ ശക്തിയായി എട്ട് മണിക്കൂര്‍ ജോലി സമയം എന്ന അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപടയാളികളായി. ഐതിഹാസികമായ ഈ സംഭവത്തിന്റെ ഓര്‍മയ്ക്കായാണ് മെയ് ഒന്ന് മെയ്ദിനം അഥവാ ലോക തൊഴിലാളിദിനമായി ആചരിക്കുന്നത്. 1893ല്‍ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയെ അനുസ്മരിച്ചുകൊണ്ടുള്ള സ്മാരകം നിര്‍മിക്കപ്പെട്ടു.

1890 മുതലാണ് മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങിയത്. 1889 ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനമെടുത്തത്.

1923 മുതല്‍ക്കേ മെയ്ദിനം ഇന്ത്യയില്‍ ആചരിക്കുന്നുണ്ടായിരുന്നുവെങ്കിലും 1927ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എഐടിയുസി സമ്മേളനമാണ് എല്ലാ പ്രവിശ്യകളിലെ ശാഖകളോടും മെയ്ദിനം ആചരിക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെടുന്നത്.

1923 മെയ് 1 ന് മദ്രാസിലെ മറീന ബീച്ചില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇന്ത്യയിലാദ്യമായി മെയ്ദിനം ആചരിക്കുന്നത്. ആ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മലയാപുരം ശിങ്കാരവേലു ചെട്ടിയാര്‍ മെയ്ദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഒരു പ്രമേയത്തിലൂടെ ഉന്നയിക്കുകയും ചെയ്തു. 1950ല്‍ താനെ ജയിലിനുള്ളില്‍ നടന്ന മെയ്ദിനാചരണം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അന്ന് ജയിലിനുള്ളില്‍ രക്തപതാക ഉയര്‍ത്തി തടവുകാര്‍ നടത്തിയ മെയ്ദിനാചരണം ലാത്തി ചാര്‍ജിലാണ് കലാശിച്ചത്. 14 തടവുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തൃശൂരിലാണ് കേരളത്തില്‍ ആദ്യമായി മെയ് ദിനാചരണം നടന്നതെന്നാണ് ചരിത്രം. ‘ലേബേഴ്‌സ് ബ്രദര്‍ഹുഡ്’ എന്ന തൊഴിലാളി പ്രസ്ഥാനം കെ കെ വാര്യര്‍, എം എ കാക്കു, കെ പി പോള്‍, കടവില്‍ വറീത്, കൊമ്പന്റെ പോള്‍, ഒ കെ ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് ആദ്യ മെയ്ദിന റാലി സംഘടിപ്പിച്ചത്. 1936 ലെ മെയ്ദിനത്തിലായിരുന്നു ഇത്.

ലോക തൊഴിലാളി ഫെഡറേഷനും, എഐടിയുസി, CITU ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ മെയ്ദിനം ഏറ്റവും ആഘോഷപൂര്‍വം ആചരിക്കുന്നതോടൊപ്പം മുന്നോട്ടുവച്ച പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ലോകത്താകമാനമുള്ള തൊഴിലാളികള്‍ക്ക് സംഘടിക്കാനും പൊരുതാനും കരുത്തും ഊര്‍ജ്ജവും നല്‍കുന്നു.

മെയ്ദിനത്തിന്റെ ഓര്‍മ്മകള്‍ പഴയകാലത്തെ കുറിച്ച് മാത്രമല്ല പുതിയകാല ദുരിതങ്ങളെ കുറിച്ചും വിലയിരുത്താനും പുതിയ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാനുമുള്ളതാണ്. ഉല്‍പാദിപ്പിക്കുന്ന സമ്പത്തിന്റെ 80 ശതമാനത്തിലേറെയും ആഗോള ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഒരുപിടി സമ്പന്നര്‍ കയ്യടക്കിവയ്ക്കുമ്പോള്‍, 450 കോടി ജനങ്ങള്‍ ദാരിദ്യ്രത്തിലും കഷ്ടപ്പാടിലും പട്ടിണിയിലും കഴിയുന്ന സാഹചര്യം നിലനില്‍ക്കുന്നു. നാം ഉല്‍പാദിപ്പിക്കുന്ന സമ്പത്ത് നമുക്ക് അവകാശപ്പെട്ടതാണെന്നും അനീതിയും അസമത്വവും അവസാനിപ്പിക്കണമെന്നും എന്നത്തേക്കാളും കൂടുതല്‍ ശക്തമായി ലോകത്തെമ്പാടും തൊഴിലാളികള്‍ ആവശ്യപ്പെടുകയും, അത് നേടിയെടുക്കാനുള്ള ഉജ്ജ്വലമായ പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും തൊഴിലാളികള്‍ക്കും, അവരുടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കും കഴിയുന്നു എന്നത് ആവേശകരമായ അനുഭവമാണ്. ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ ഈ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നാം കൂടുതല്‍ കരുത്താര്‍ജിക്കണം. നമ്മുടെ അവകാശങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കണം.

റോയി ഐ വര്‍ഗീസ്, അബൂദബി