Connect with us

Covid19

ലോക്ഡൗണ്‍ തടസ്സമായില്ല; നൂറു കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് വിവാഹം; വധുവിനെയുമായി മടക്കം

Published

|

Last Updated

ഹംരിപൂര്‍ (ഉത്തര്‍പ്രദേശ്) | ലോക്ഡൗണ്‍ കാരണം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് പോലീസ് അനുമതി നിഷേധിച്ചതോടെ, നൂറ് കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്ത് യുവാവ് വധൂഗ്രഹത്തിലെത്തി. വിവാഹചടങ്ങുകള്‍ നടത്തി വധുവിനെയുമായി സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹാമിര്‍പൂര്‍ ജില്ലയിലെ പുതിയ ഗ്രാമത്തിലാണ് സംഭവം.

ഏപ്രില്‍ 25നാണ് കല്‍ക്കു പ്രജാവതി എന്ന 23കാരന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹ നിശ്ചയം. കത്തുകള്‍ അടിക്കുകയും ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹത്തിന് അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കര്‍ഷകനായ യുവാവ് സാഹസത്തിന് മുതിര്‍ന്നത്.

തനിക്ക് മോട്ടോര്‍ സൈക്കിള്‍ ഉണ്ടെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിനാല്‍ യാത്രക്ക് സൈക്കിള്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രജാപതി പറഞ്ഞു. ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞ് അണുബാധയില്‍ നിന്ന് സംരക്ഷണത്തിനായി തൂവാലകൊണ്ട് മുഖം മറച്ചായിരുന്നു യാത്ര. വധൂഗ്രഹത്തില്‍ എത്തിയതോടെ തൊട്ടടുത്ത അമ്പലത്തില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്തി. അത്യാവശ്യ ചടങ്ങുകള്‍ മാത്രമാണ് നടത്തിയതെന്നും വിവാഹസല്‍ക്കാരം ഉള്‍പ്പെടെ കാര്യങ്ങള്‍ ലോക്ഡൗണിന് ശേഷം നടത്തുമെന്നും പ്രജാപതി പറഞ്ഞു.

മടക്കയാത്രയില്‍ സൈക്കിളില്‍ ഭാര്യയേയും വഹിച്ചുള്ള യാത്ര ക്ലേശകരമായിരുന്നുവെന്ന് യുവാവ് പറയുന്നു. ഇരട്ട ലോഡുള്ളതിനാല്‍ കാലുകള്‍ നന്നായി വേദനിച്ചുവെന്നും വേദനകാരണം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും പ്രജാപതി പറഞ്ഞു. അമ്മയ്ക്ക് അസുഖം ബാധിച്ചതിനാല്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്നും ഭക്ഷണം പാചകം ചെയ്യാന്‍ ആരുമില്ലെന്നും അതിനാലാണ് വിവാഹത്തിന് ലോക്ഡൗണ്‍ കഴിയും വരെ കാത്തിരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest