Covid19
സംസ്ഥാനത്ത് നാല് ഹോട്ട് സ്പോട്ടുകള്‍ കൂടി; നാലു ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കി

തിരുവനന്തപുരം | സംസ്ഥാനത്ത് നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍, കോട്ടയത്തെ ഉദയനാപുരം പഞ്ചായത്ത് എന്നിവയാണ് പുതുതായി പട്ടികയിലെത്തിയത്. ആകെ 70 പ്രദേശങ്ങളാണ് ഇപ്പോള്‍ ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത്. ഈ സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴികെയുള്ള റോഡുകളെല്ലാം അടയ്ക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ സ്പെഷ്യല്‍ ട്രാക്കിംഗ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഇരുപത് വീടുകളുടെയും ചുമതല രണ്ട് പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ടീമിനാണ് നല്‍കിയിരിക്കുന്നത്.
ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം ഇതുവരെ 3,49504വീടുകളില്‍ പോലീസ് സേന സന്ദര്‍ശനം നടത്തുകയോ ഫോണ്‍ മുഖേന വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിനു പുറമെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ബന്ധപ്പെടല്‍.