സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ രോഗമുക്തരായി

Posted on: April 30, 2020 5:12 pm | Last updated: May 1, 2020 at 1:17 am

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തരായതായും കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം- 1, കാസര്‍കോട്- 1 എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. പാലക്കാട്- 4 കൊല്ലം- 3, കണ്ണൂര്‍, കാസര്‍കോട് രണ്ടു വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒന്ന് വീതവുമാണ് രോഗമുക്തരായത്.

497 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. 111 പേര്‍ ചികിത്സയിലുണ്ട്. 20,711 പേര്‍ നിരീക്ഷണത്തിലാണ്. 20,285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 25,973 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 25,135 എണ്ണം രോഗബാധയില്ലെന്ന് വ്യക്തമായി. മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. ഇതില്‍ 897 കേസുകള്‍ നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്- 47. കോട്ടയം- 18, ഇടുക്കി- 14, കൊല്ലം- 12 കാസര്‍കോട്- 9 കോഴിക്കോട്- 4, മലപ്പുറം, തിരുവനന്തപുരം- 2 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്- ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റിവിടങ്ങളിലെ കണക്ക്.

പുതിയ ഹോട്ട് സ്‌പോട്ടുകളായി തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര കൊല്ലത്തെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയത്തെ ഉദയനാപുരം എന്നിവയെ പ്രഖ്യാപിച്ചു. മൊത്തം 70 പ്രദേശങ്ങളാണ് നിലവില്‍ ഹോട്ട് സ്‌പോട്ട് പട്ടികയിലുള്ളത്. കണ്ണൂ-47. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് രാവിലെ വരെ 954 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായു മുഖ്യമന്ത്രി അറിയിച്ചു.