സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Posted on: April 28, 2020 5:01 pm | Last updated: April 28, 2020 at 6:19 pm

തിരുവനന്തപുരം | സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകള്‍ക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍, ഭൂമധ്യ രേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലും തെക്ക്പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.