Connect with us

Editorial

പി എം കെയേഴ്‌സ് ആരെ കൊഴുപ്പിക്കാനാണ്?

Published

|

Last Updated

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പി എം കെയേഴ്‌സ് ഫണ്ട് തുടക്കത്തിലേ വിവാദങ്ങള്‍ക്കിടയായതാണ്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി ഉള്ളപ്പോള്‍ അതേ ലക്ഷ്യത്തിലുള്ള മറ്റൊരു നിധി രൂപവത്കരണത്തിന്റെ ആവശ്യകത എന്തെന്ന ചോദ്യമുയര്‍ന്നു. പി എം കെയേഴ്‌സ് സുതാര്യമല്ലെന്ന ആരോപണവും ഉയര്‍ന്നു. ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഫണ്ടിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന വിവരം.
പി എം കെയേഴ്‌സ് ഫണ്ട് സി എ ജി ഓഡിറ്റിംഗിനു വിധേയമാക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകളെ അടിസ്ഥാനമാക്കിയുള്ള ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് പി എം കെയേഴ്‌സ് ഫണ്ടെന്നതിനാല്‍ അത് ഓഡിറ്റ് ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്ന് സി എ ജി ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി എന്‍ ഡി ടി വി വെളിപ്പെടുത്തി. ട്രസ്റ്റിമാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സി എ ജിക്ക് ഇത്തരം ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനാകൂ. ട്രസ്റ്റ് നിയോഗിക്കുന്ന സ്വതന്ത്ര ഓഡിറ്റര്‍മാരായിരിക്കും പി എം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും മുതിര്‍ന്ന ക്യാബിനറ്റ് അംഗങ്ങളെ ട്രസ്റ്റികളുമാക്കിയാണ് മാര്‍ച്ച് 28ന് പി എം കെയേഴ്‌സ് ട്രസ്റ്റ് രൂപവത്കരിച്ചത്. ട്രസ്റ്റികളുടെ തന്നെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഓഡിറ്റ് സുതാര്യമായിരിക്കില്ലെന്നു വ്യക്തം. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കുന്ന ഡബ്ല്യു എച്ച് ഒ പോലുള്ള സംഘടനകള്‍ പോലും ഓഡിറ്റിനു വിധേയമാകുമ്പോഴാണ് പി എം കെയേഴ്‌സിനു ഓഡിറ്റില്‍ നിന്ന് പരിരക്ഷ നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയിലും വരികയില്ല മോദിയുടെ പുതിയ നിധി.

1948ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടപ്പാക്കിയ ദേശീയ ദുരിതാശ്വാസ നിധിയുടെ ചുവടുപിടിച്ചാണ് ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ പി എം കെയേഴ്‌സ് ഫണ്ടിനു രൂപം നല്‍കിയത്. വിഭജനത്തിന്റെ ആദ്യ നാളുകളില്‍ നെഹ്‌റുവിന്റെ അക്കൗണ്ടിലേക്ക് ചെറുതും വലുതുമായ നിരവധി തുക സംഭാവനയായി വന്നിരുന്നു. നെഹ്‌റുവിന്റെ സ്വന്തം മേല്‍വിലാസത്തിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക മേല്‍വിലാസത്തിലുമായ ഈ തുകകള്‍ അദ്ദേഹം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി. ഏത് ആവശ്യത്തിനാണ് ഈ തുക വിനിയോഗിക്കേണ്ടതെന്നു ചിന്തിച്ചു കൊണ്ടിരിക്കെ, ജെ ആര്‍ ഡി ടാറ്റയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി അഥവാ ദേശീയ ദുരിതാശ്വാസ നിധി എന്ന ആശയം മുന്‍വെച്ചത്. വിഭജനത്തിന്റെ ഇരകളായ അഭയാര്‍ഥികളെ സഹായിക്കാന്‍ ഇത് ഉപയോഗപ്പെടുത്താമെന്നും ടാറ്റ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധിയുമായും സഹപ്രവര്‍ത്തകരുമായും നെഹ്‌റു ഇക്കാര്യം ചര്‍ച്ച ചെയ്തു. ദേശീയ ദുരിതാശ്വാസ നിധിയെന്ന ആശയത്തോട് ഇവര്‍ക്കെല്ലാം യോജിപ്പായിരുന്നു. അക്കാലത്ത് രാജ്യം അഭിമുഖീകരിച്ച മുഖ്യ വിഷയം അഭയാര്‍ഥി പ്രശ്‌നമായതിനാല്‍ അന്നതിനു അടിയന്തര പ്രാധാന്യം നല്‍കിയെങ്കിലും എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധമായിരുന്നു നെഹ്‌റു ദേശീയ ദുരിതാശ്വാസ നിധി രൂപകല്‍പ്പന ചെയ്തത്. പദ്ധതിക്ക് സുതാര്യത വരുത്തുന്നതിലും നെഹ്‌റു പ്രത്യേക ശ്രദ്ധ ചെലുത്തി. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, ധനവകുപ്പ് മന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ടാറ്റ ട്രസ്റ്റിയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു അന്ന് ഫണ്ടിന്റെ മേല്‍നോട്ടത്തിനുള്ള ട്രസ്റ്റി. പ്രകൃതിക്ഷോഭം, കലാപം എന്നിവക്ക് ഇരയാകുന്നവര്‍ക്കും വിദഗ്ധ ചികിത്സ ആവശ്യമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കും ഈ നിധിയില്‍ നിന്ന് സഹായം അനുവദിക്കാറുണ്ട്.

വ്യക്തമായ ലക്ഷ്യത്തോടെയും വിശദമായ കൂടിയാലോചനയിലൂടെയുമാണ് നെഹ്‌റു ദേശീയ ദുരിതാശ്വാസ നിധി രൂപവത്കരിക്കുന്നത്. ഈ നിധി ഇപ്പോഴും നിലവിലുള്ള സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ മറ്റൊരു ദുരിതാശ്വാസ നിധിയുടെ ആവശ്യകത എന്തെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറയാനില്ല മോദി സര്‍ക്കാറിന്. മാത്രമല്ല, പി എം കെയേഴ്‌സ് ഫണ്ടിലേക്ക് കമ്പനികള്‍ നല്‍കുന്ന സംഭാവനകള്‍ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് (സി എസ് ആര്‍ ഫണ്ട്) ആയി കണക്കാക്കുമെന്ന പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട് കേന്ദ്രം. അതേസമയം, സംസ്ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സി എസ് ആര്‍ ഫണ്ടായി കണക്കാക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. കൊവിഡ് പ്രതിരോധത്തിനായി മിക്ക സംസ്ഥാനങ്ങള്‍ക്കും വന്‍തുക ആവശ്യമാണെന്നിരിക്കെ, സി എസ് ആര്‍ ഫണ്ട് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ അനുമതി നല്‍കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും. സി എസ് ആര്‍ ഫണ്ടിംഗ് മുഴുവന്‍ പി എം കെയറിലേക്ക് മാറ്റുന്നത് കൊവിഡ് പ്രതിരോധത്തിനു മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഫെഡറലിസത്തിന്റെ അന്തസ്സത്തക്ക് കടകവിരുദ്ധവുമാണിത്. കമ്പനീസ് ആക്ടിന്റെ ഷെഡ്യൂള്‍ ഏഴ് പ്രകാരം സി എസ് ആര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനു തടസ്സമുണ്ടെന്നാണ് ഈ വേര്‍തിരിവിനു കേന്ദ്രം പറയുന്ന ന്യായം. എങ്കില്‍ കമ്പനീസ് ആക്ടില്‍ ഭേദഗതി വരുത്തിയാല്‍ അത് പരിഹരിക്കാകുന്നതേയുള്ളൂ. പല സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്.

ആയിരം കോടി മൊത്തവരുമാനമോ അഞ്ച് കോടി ലാഭമോ ഉള്ള കമ്പനികളും സ്ഥാപനങ്ങളും മൊത്തം ലാഭവിഹിതത്തിന്റെ രണ്ട് ശതമാനം സാമൂഹിക പ്രവര്‍ത്തനത്തിനു വിനിയോഗിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതാണ് സി എസ് ആര്‍ ഫണ്ട്. നിലവിലെ കണക്ക് പ്രകാരം 15,000 കോടിയിലേറെയുണ്ട് ഈ ഫണ്ട് വിഹിതം. പുതിയ ഉത്തരവോടെ ഈ തുക ഏറെയും പി എം കെയേഴ്‌സില്‍ നിക്ഷേപിക്കാനാണ് സാധ്യത. തുടക്കത്തില്‍ തന്നെ വന്‍തോതില്‍ സംഖ്യകള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട് ഈ നിധിയിലേക്ക്. സുതാര്യമായ ഓഡിറ്റിനോ വിവരാവകാശ നിയമത്തിനോ വിധേയമല്ലാത്ത ഇത്തരമൊരു ഫണ്ടില്‍ അഴിമതിക്ക് സാധ്യതയുണ്ടെന്ന് മുന്‍ ബി ജെ പി നേതാവും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത്‌സിന്‍ഹ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ബി ജെ പിയുടെ പാര്‍ട്ടി ഫണ്ട് കൊഴുപ്പിക്കാന്‍ നടപ്പാക്കിയ ഇലക്ട്രല്‍ ബോണ്ടിന്റെ മറ്റൊരു രൂപമായി മാറിയേക്കുമെന്നും സിന്‍ഹ ആശങ്ക പ്രകടിപ്പിച്ചു.

---- facebook comment plugin here -----

Latest