Connect with us

Covid19

കോട്ടയത്ത് കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ല; സംഭവിച്ചത് സ്വാഭാവിക കാലതാമസം മാത്രം: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

കോട്ടയം | ജില്ലയില്‍ കൊവിഡ്19 സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന ഫലം എത്തുന്നത്. ഇക്കാര്യം രോഗിയെ അറിയിക്കുന്നതിന് ചില പ്രോട്ടോകോളുകളുണ്ട്. ഇതെല്ലാം പാലിച്ചുകൊണ്ടാണ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുക. ഇത്തരത്തിലുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് ഇവിടെ ഉണ്ടായിട്ടുള്ളുവെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് പരിശോധനാ ഫലംവന്നത്.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു പരിശോധന ഫലം വന്നത്. അപ്പോള്‍ തന്നെ കോട്ടയത്ത് വിവരം അറിയിച്ചു. രോഗിയെയും വിളിച്ചറിയിച്ചു. ആംബുലന്‍സ് അയക്കാമെന്ന് പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു. ക്വാറന്റൈനില്‍ തുടരുന്നയാളാണ് രോഗി.

കോവിഡിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെയാണ്. കോവിഡ് ബാധിച്ച് ആരും മരിച്ചു പോകരുതെന്ന വാശിയോടെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുകയാണ്. കേരളത്തില്‍ കൃത്യമായി കേസുകള്‍ അറിയുകയും കൃത്യസമയത്ത് ചികിത്സ നല്‍കുന്നുമുണ്ട്. നേരിയസാധ്യതയുണ്ടെങ്കില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കുന്നു. കേരളത്തില്‍ കാര്യങ്ങള്‍ വളരെ സിസ്റ്റമാറ്റിക്കായാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസ്ഥാപിതമായ ചിട്ടയോടെ ചെയ്യുന്നതു കൊണ്ടാണ് കേരളത്തെ ഇങ്ങനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത്. വാഹനം എത്താനുള്ള താമസം മാത്രമാണുണ്ടായത്. ആംബുലന്‍സ് അവിടെയുണ്ട്. അത് അവിടെയെത്തുകയും രോഗിയെ കൊണ്ടുവരികയും ചെയ്യും. കൃത്യമായി ശുശ്രൂഷിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മണര്‍കാട്ടും ചാന്നാനിക്കാടുമുള്ള രണ്ടു രോഗികളെ ഇന്ന് രോഗം സ്ഥിരീകരിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആംബുലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് ഇരുവരെയും ആശുപത്രികളിലേക്ക് മാറ്റാതിരുന്നത്. കോട്ടയത്ത് ഇന്ന് ആറുപേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഗ്രീന്‍ സോണിലുണ്ടായിരുന്ന ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

Latest