Connect with us

International

ആഗോള തലത്തിലെ സൈനികച്ചെലവ്; ആദ്യ മൂന്നില്‍ ഇന്ത്യയും

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം | സൈനിക സംവിധാനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാമതെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ സൈന്യത്തിനു വേണ്ടി ചെലവഴിക്കുന്ന പണം 2018ലെതിനെക്കാള്‍ 3.6 ശതമാനം വര്‍ധിച്ചതായാണ് 2019ലെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ് ഐ പി ആര്‍ ഐ) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വളര്‍ച്ചാ നിരക്കാണിത്. പട്ടികയില്‍ അമേരിക്കയാണ് ഒന്നാമതു വരുന്നത്. ചൈനയാണ് രണ്ടാമത്. ആയുധങ്ങള്‍ക്കും മറ്റുമായി വര്‍ധിച്ച പണം ചെലവഴിക്കുന്ന ഇതാദ്യമായാണ് രണ്ട് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ മുന്‍നിരയിലെത്തുന്നത്. 1,917 ബില്യണ്‍ യു എസ് ഡോളറാണ് സൈനിക കാര്യങ്ങള്‍ക്കായി 2019ല്‍ ലോകരാഷ്ട്രങ്ങള്‍ ചെലവിട്ടത്. 2018ലെതിനെക്കാള്‍ 3.6 ശതമാനം അധികമാണിത്.

ചൈനയുടെത് 2019ല്‍ 261 ബില്യണ്‍ യു എസ് ഡോളറാണ്- 2018ലെതിനെക്കാള്‍ 5.1 ശതമാനം കൂടുതല്‍. ഇന്ത്യയുടെതാണെങ്കില്‍ 6.8 ശതമാനം വര്‍ധിച്ച് 71.1 ബില്യണിലെത്തി. പാക്കിസ്ഥാന്‍, ചൈന എന്നീ അയല്‍ രാഷ്ട്രങ്ങളുമായുള്ള പ്രശ്നങ്ങളാണ് ഇന്ത്യയുടെ സൈനികച്ചെലവില്‍ വന്‍ വര്‍ധന വരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് എസ് ഐ പി ആര്‍ ഐയിലെ മുതിര്‍ന്ന ഗവേഷകന്‍ സീമണ്‍ ടി വെസെമന്‍ നിരീക്ഷിക്കുന്നു.

മൊത്തം ചെലവിന്റെ 62 ശതമാനം സൈന്യത്തിനായി മാറ്റിവെക്കുന്ന രാഷ്ട്രങ്ങള്‍ യു എസ്, ചൈന, ഇന്ത്യ, റഷ്യ, സഊദി അറേബ്യ എന്നിവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാന്‍ (47.6 ബില്യണ്‍ യു എസ് ഡോളര്‍), ദക്ഷിണ കൊറിയ (43.9 ബില്യണ്‍ യു എസ് ഡോളര്‍) എന്നിവയാണ് ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ ഏഷ്യ ആന്‍ഡ് ഓഷ്യാനയില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ചെലവിടുന്ന രാഷ്ട്രങ്ങള്‍. മേഖലയില്‍ 1989 മുതലുള്ള ഓരോ വര്‍ഷവും സൈനികച്ചെലവ് വര്‍ധിച്ചു വരികയാണ്.

സൈന്യത്തിനായി യു എസ് ചെലവിടുന്ന പണം 2019ല്‍ 5.3 ശതമാനം വര്‍ധിച്ച് 732 ബില്യണ്‍ യു എസ് ഡോളറിലെത്തി. ആഗോളതലത്തിലെ മൊത്തം സൈനിക ചെലവിന്റെ 38 ശതമാനം വരുമിത്. 2019ല്‍ യു എസ് ചെലവിലുണ്ടായ വര്‍ധന ജര്‍മനിയുടെ പ്രസ്തുത വര്‍ഷത്തെ മൊത്തം സൈനിക ചെലവിന് തുല്യമാണ്.

Latest