Connect with us

Ongoing News

സി കെ നഗർ; ചെറുകോയ തങ്ങളുടെ നാമധേയത്തിൽ ഒരു ഗ്രാമം

Published

|

Last Updated

 

സി കെ നഗർ പ്രദേശം

ചെമ്മാടിന് തൊട്ടടുത്തുള്ള പ്രദേശമാണ് സി കെ നഗർ. തിരൂരങ്ങാടി വലിയപള്ളി മഹല്ലിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നാട് ചെറുകോയ തങ്ങൾ എന്ന സാത്വികനായ വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നതെന്നത്. ആശാരിപ്പുറായ എന്ന പേരിലായിരുന്നു ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത്. ആശാരി കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നതിനാലാണ് ആശാരിപ്പുറായ എന്നത്. ഇപ്പോൾ നാടിന്റെ ഔദ്യോഗിക പേര് സി കെ നഗർ എന്ന് തന്നെയാണ്.

മമ്പുറം ചെറുകോയ തങ്ങൾക്ക് ഈ നാടുമായി വളരെ ബന്ധമായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രി ശരീഫ കുഞ്ഞിബീവിയുടെ പുത്രനായ ഖാൻ ബഹ്ദൂർ സയ്യിദ് അഹമ്മദ് ജിഫ്രി ആറ്റക്കോയ തങ്ങളുടെ മകൻ സയ്യിദ് ഹസൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മകനാണ് ചെറുകോയ തങ്ങൾ. സൂഫിവര്യനായിരുന്ന ചെറുകോയ തങ്ങൾക്ക് ഈ പ്രദേശവുമായി വലിയ ബന്ധമായിരുന്നു.
ഇവിടത്തുകാർ കൂടുതലും ജോലി ചെയ്തിരുന്നതും കച്ചവടം നടത്തിയിരുന്നതും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു. അതിനിടക്കാണ് ഈ പ്രദേശത്തുകാർക്ക് കത്തുകളും മറ്റും കൂടുതൽ വരാൻ തുടങ്ങിയത്. ചെമ്മാട്, തിരൂരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ തപാൽ പെട്ടികളെയാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. ഏകദേശം 50 വർഷം മുമ്പ് ഇവിടെ ഒരു തപാൽ പെട്ടി സ്ഥാപിക്കാൻ നാട്ടുകാർ ശ്രമിച്ചു. ഇതിന് അധികൃതർക്ക് അപേക്ഷയും നൽകി. തപാൽ പെട്ടി സ്ഥാപിക്കാൻ സ്ഥലത്തിന് ഒരു പേര് വേണമെന്ന് തപാൽ വകുപ്പ് നിർദ്ദേശിച്ചു. അപ്പോൾ നാട്ടിലെ കാരണവൻമാർ കൂടി ആലോചിച്ച് ചെറുകോയ തങ്ങൾ നഗർ എന്ന് നിർദേശിക്കുകയും അത് അംഗീകരിച്ച് തപാൽ പെട്ടി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഈ പേർ ചുരുക്കി സി കെ നഗർ എന്നാക്കി മാറ്റുകയാണുണ്ടായത്.

പുഞ്ചകൃഷിക്ക് പേരുകേട്ട പ്രദേശത്ത് വെഞ്ചാലിപ്പാടത്തായിരുന്നു കൂടുതലും കൃഷി നടന്നിരുന്നത്. കൃഷി നാശസമയത്തും വെള്ളക്ഷാമം നേരിടുമ്പോഴും നാട്ടുകാർ ചെറുകോയ തങ്ങളെയാണ് സമീപിച്ചിരുന്നത്. നാട്ടുകാരുടെ സങ്കടം കേൾക്കേണ്ട താമസം അദ്ദേഹം മഹല്ലിലും കൃഷിയിടങ്ങളിലും എത്തി ദുആ ചെയ്തിരുന്നു. മഹാന്റെ പ്രാർഥന കൊണ്ട് വളരെ ഫലസിദ്ധിയായിരുന്നു.
തങ്ങളുടെ വിയോഗശേഷവും നാട്ടുകാർക്ക് ഇദ്ദേഹവുമായി വലിയ ആത്മീയബന്ധമായിരുന്നു. കൊയ്ത്ത് കഴിഞ്ഞാൽ നെല്ലിൽ നിന്ന് ഒരു ഭാഗം മാറ്റിവെച്ച് മഹാന്റെ പേരിലുള്ള നേർച്ചക്ക് കൊടുക്കും. വയലുകളിലെ കൊയ്ത്ത് നടന്ന ശേഷമായതിനാൽ ഏപ്രിലിലാണ് ഇവിടെ നേർച്ച നടക്കാറുള്ളത്. ഇതിൽ എല്ലാവിഭാഗം ജനങ്ങളും പങ്കാളികാറുണ്ട്. ഇപ്പോഴും ഇവിടെ നേർച്ച നടക്കാറുണ്ട്. മമ്പുറത്തിന്റെ പരിസര പ്രദേശമായ ഇരുമ്പുചോല മഹല്ലുമായും ചെറുകോയ തങ്ങൾക്ക് വലിയ ബന്ധമാണ്. അവിടെയും ആണ്ടുനേർച്ച നടക്കാറുണ്ട്.
ആദ്യകാലത്ത് ഒരു നിസ്‌കാരപ്പള്ളി മാത്രമുണ്ടായിരുന്ന ഇവിടെ ഇപ്പോൾ ജുമുഅയും ദർസുമുണ്ട്. കൂടാതെ നിരവധി പള്ളികളും നിലകൊള്ളുന്നു.

ചെറുകോയ തങ്ങളുടെ ആത്മീയ പിൻബലമാണ് ഈ ആത്മീയ പ്രൗഢിക്ക് കാരണമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. മുപ്പതിലേറെ മതപണ്ഡിതൻമാർ ഇവിടത്തുകാരായുണ്ട്. അതിനേക്കാൾ തന്നെ മത-ഭൗതിക വിദ്യാർഥികൾ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പഠനം നടത്തുന്നുമുണ്ട്. അതിന് പുറമേ പത്തോളം സ്‌കൂൾ അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയവരാലും ഈ പ്രദേശം സമ്പന്നമാണ്. 400 ലേറെ കുടുംബങ്ങൾ ഇവിടെ വസിക്കുന്നു.

ഇപ്പോൾ പ്രദേശം കൂടുതൽ വികസിച്ചതോടെ സി കെ നഗറിന് പുറമേ സൗത്ത് സി കെ നഗർ, നോർത്ത് സി കെ നഗർ, ന്യൂ സൗത്ത് സി കെ നഗർ, വലിയാട്ട് റോഡ്, ഏർവാടി റോഡ്, മില്യേനിയയം ജംഗ്ഷൻ എന്നിങ്ങനെയായി ഉൾപ്രദേശങ്ങളും അറിയപ്പെടുന്നു.
ഇവിടങ്ങളിലെല്ലാം സുന്നി സംഘടനകളുടെ യൂനിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു.
28 വയസ്സ് വരെ മാത്രമേ ചെറുകോയ തങ്ങൾ ജീവിച്ചിരുന്നുട്ടുള്ളൂവെന്നാണ് ചരിത്രം. 1924 ലെ പ്രളയകാലത്തായിരുന്നു മഹാന്റെ വഫാത്ത്. മമ്പുറം മഖാമിന്റെ തെക്ക് പടിഞ്ഞാറെ മൂലയോട് ചേർന്ന് പുറത്തുള്ള കെട്ടിനുള്ളിലാണ് ചെറുകോയ തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നത്. മഖാമിന്റെ ചുമരിനോട് ചേർന്ന് മണൽ നിറച്ച് ഒരു വരി ഉയരത്തിൽ പടുത്ത നിലയിൽ ഖബർ നിലകൊള്ളുന്നു.

---- facebook comment plugin here -----

Latest