Connect with us

Editorial

ലോക്ക്ഡൗണിന് ശേഷം? ആസൂത്രണം ഇപ്പോഴേ തുടങ്ങണം

Published

|

Last Updated

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നും ആശ്വാസകരമായ സ്ഥിതി കൈവരിക്കാന്‍ നമുക്ക് സാധിച്ചുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഈ പോരാട്ടത്തില്‍ ജനങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പ്രാദേശിക ഭരണ സംവിധാനങ്ങള്‍ എന്നിവരെ ഏകോപിപ്പിക്കാന്‍ കൊവിഡ് വാരിയേഴ്‌സ് എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എന്‍ സി സി കേഡറ്റുകള്‍ എന്നിങ്ങനെ 1.25 കോടി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സന്നദ്ധം എന്ന പേരില്‍ നേരത്തേ തന്നെ ഇത്തരത്തിലുള്ള സംഘം പ്രവര്‍ത്തന ഗോദയില്‍ ഇറങ്ങിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും ക്രമസമാധാനപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. രാജ്യത്ത് കൊറോണ വ്യാപനം ആശങ്കാജനകമാണെങ്കിലും ഇന്ത്യയെപ്പോലെ ജനനിബിഡമായ രാജ്യത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ ഏറെ മുന്നോട്ട് പോകാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ ഇന്ത്യക്കാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇവിടെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഏറെ കുറവാണ്. രോഗമുക്തി നേടുന്നതില്‍ സംസ്ഥാനം വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുമുണ്ട്.

എന്നാല്‍ ലോക്ക്ഡൗണിന് ശേഷം എന്ത് എന്ന ചോദ്യം രാജ്യവും സംസ്ഥാനവും ഗൗരവപൂര്‍വം ചോദിക്കേണ്ട സമയമാണിത്. രാജ്യത്താകെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴിച്ച് നിര്‍ണായക ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്നിന് അവസാനിക്കാനിരിക്കെ മെല്ലെ മെല്ലെ സാധാരണനില കൈവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ ജനങ്ങള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. ലോക്ക്ഡൗണില്‍ നിര്‍വഹിച്ച നിയന്ത്രണങ്ങള്‍ ഒരു പരിധിവരെ തുടരുക തന്നെ വേണം. ഇളവുകള്‍ ആസ്വദിക്കാന്‍ ആരും തീരുമാനിക്കരുത്. മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ മാറ്റിവെച്ചേ തീരൂ. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുന്നതടക്കമുള്ള ആരോഗ്യശീലങ്ങള്‍ തുടരണം. പൊതു സ്ഥലത്ത് തുപ്പുന്നത് പോലുള്ള ചീത്ത ശീലങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കാനുള്ള അവസരമായി ഈ കൊവിഡ് കാലത്തെ ഉപയോഗിക്കണം.

രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ചില വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. അടച്ചിടല്‍ ഏല്‍പ്പിക്കുന്ന സാമ്പത്തികാഘാതം കണക്കിലെടുക്കുമ്പോള്‍ അങ്ങനെയൊരു തീരുമാനത്തിലേക്ക് പോകാന്‍ സര്‍ക്കാറിന് മടിയുണ്ടാകാം. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്നിട്ടാല്‍ എന്തെല്ലാം നടപടികള്‍ കൈകൊള്ളണമെന്ന് സര്‍ക്കാറുകള്‍ ഇപ്പോഴേ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. കൊവിഡ് രോഗത്തിന്റെ സവിശേഷത 85 ശതമാനം പേരും രോഗലക്ഷണം കണിച്ചു കൊള്ളണമെന്നില്ല എന്നതാണ്. എന്നാല്‍ ഇവര്‍ക്ക് രോഗം പടര്‍ത്താന്‍ സാധിക്കും. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് പിന്നീട് വൈറസ് ബാധ വരില്ല എന്ന് തീര്‍ത്ത് പറയാനാകില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. രോഗം വന്നവരില്‍ അതിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുടെ നിര്‍മാണം സമ്പൂര്‍ണമായി നടന്നുവെന്നതിന് തെളിവില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗികളുടെ ശ്വസനനാളിയുടെ ഉപരിതലത്തിലുള്ള കോശങ്ങളില്‍ മാത്രമാണ് വൈറസ് പടരുന്നത്. അതുകൊണ്ടുതന്നെ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ പൂര്‍ണമായി വികസിപ്പിക്കാന്‍ ശരീരത്തിന് സാധിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വഴി മനസ്സിലായതെന്ന് ഹോങ്കോംഗ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ജോണ്‍ നിക്കോള്‍സ് അഭിപ്രായപ്പെടുന്നു. അതുകൊണ്ട് രോഗമുക്തരായവരെ വീണ്ടും നിരീക്ഷിക്കേണ്ട സ്ഥിതി വരും.

ലോക്ക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ കൊവിഡ് എണ്ണത്തില്‍ വന്‍ കുറവുണ്ടാകുമെങ്കിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി രണ്ടാമതും രോഗവ്യാപനം ഉണ്ടായേക്കാമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് അവഗണിക്കാവുന്നതല്ല. മണ്‍സൂണില്‍ ഉണ്ടാകുന്ന ഈ രണ്ടാം തരംഗം കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുമെന്നാണ് ശിവ്‌നാടാര്‍ സര്‍വകലാശാലയിലെ സാമിത് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സംഘം മുന്നറിയിപ്പ് നല്‍കുന്നത്. സാമൂഹിക അകലം പാലിക്കുന്നതില്‍ എത്രമാത്രം വിജയിക്കുന്നുവോ അതിനനുസരിച്ചിരിക്കും ഈ ഘട്ടത്തില്‍ രോഗ വ്യാപനത്തിന്റെ അവസ്ഥയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധ കണ്ടെത്താനുള്ള ട്രേസിംഗ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമായി കൊണ്ടുപോകേണ്ടിയിരിക്കുന്നു. പുതിയ രോഗബാധ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ രണ്ടാം തരംഗത്തെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
കൊവിഡ് 19ന് ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടെത്താത്ത സാഹചര്യത്തില്‍ പ്രതിരോധം മാത്രമാണ് പോംവഴി. ലോക്ക്ഡൗണ്‍ ഇളവുകളും ലോക്ക്ഡൗണാനന്തര അലസതയും കാര്യങ്ങള്‍ വഷളാകുന്നതിലേക്ക് നയിക്കാന്‍ പാടില്ല. പാശ്ചാത്യ രാജ്യങ്ങളുടെ അനുഭവം പാഠമാകേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍, ഹോട്ട്‌സ്‌പോട്ടുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനം ആശ്വാസകരമാണ്. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ റിവേഴ്‌സ് ലോക്ക്ഡൗണിനെ കുറിച്ച് ഗൗരവതരമായി ആലോചിക്കേണ്ടിയിരിക്കുന്നു. രോഗം എളുപ്പത്തില്‍ പടരാനും കൂടുതല്‍ അപകടമുണ്ടാക്കാനും ഇടയുള്ളവരെ ക്വാറന്റൈനിലാക്കിയും പ്രതിരോധ ശേഷി വര്‍ധിപ്പിച്ചും കൊവിഡിനെതിരായ ചെറുത്തുനില്‍പ്പ് തുടരുകയെന്നതാണ് ഇത്. പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, കുട്ടികള്‍ എന്നിവരെ തുടര്‍ന്നും സമൂഹത്തിന്റെ പൊതു ഇടപെടലില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്യുക. രാജ്യത്താകെ ഇത് നടപ്പാക്കണോ, ഹോട്ട്‌സ്‌പോട്ടുകളില്‍ മതിയോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തീരുമാനിക്കേണ്ടതാണ്. കേരളത്തില്‍ പ്രവാസികള്‍ തിരിച്ചെത്തുന്നതോടെ ഉണ്ടാകുന്ന സവിശേഷ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താകണം ഭാവിയിലേക്കുള്ള ചുവടുകള്‍ നിശ്ചയിക്കേണ്ടത്.