സ്പ്രിന്‍ക്ലര്‍: സര്‍ക്കാറിന്റെത് മുട്ടാപ്പോക്ക് ന്യായം; പ്രതിപക്ഷത്തിന്റെ വാദം കോടതി അംഗീകരിച്ചു- ചെന്നിത്തല

Posted on: April 26, 2020 12:51 pm | Last updated: April 26, 2020 at 4:56 pm

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറയുന്നത് മുട്ടാപ്പോക്ക് ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ വാദം ശരിയാണെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ നിന്നും വ്യക്തമായതെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും കോടതി അംഗീകരിച്ചു. അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ. പ്രതിപക്ഷം പറഞ്ഞപ്പോഴാണ് കരാറിനെ കുറിച്ച് പൊതു സമൂഹം അറിഞ്ഞത്. മറ്റു വകുപ്പുകളെയോ മന്ത്രിമാരെയോ ഒന്നും അറിയിക്കാതെ
മുഖ്യമന്ത്രിയും ഐ ടി സെക്രട്ടറിയും ചേര്‍ന്ന് രഹസ്യമായി അമേരിക്കന്‍ കമ്പനിയുമായി കരാറുണ്ടാക്കുകയായിരുന്നു.

പ്രതിപക്ഷ ആരോപണത്തെ പുച്ഛിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ആദ്യ ഘട്ടത്തില്‍ ചെയ്തത്. കേസ് കോടതിയില്‍ വന്നപ്പോള്‍ കരാറിനെ ന്യായീകരിക്കുന്നതിനു വേണ്ടി ലക്ഷങ്ങള്‍ ചെലവിട്ട് മുംബൈയില്‍ നിന്ന് അഭിഭാഷകയെ കൊണ്ടുവന്നു. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണമാണ് ഇങ്ങനെ ചെലവിട്ടത്. കേസ് വാദിക്കാന്‍ എ ജിയും സര്‍ക്കാര്‍ അഭിഭാഷകരും മറ്റും സംസ്ഥാനത്തുള്ളപ്പോഴാണ് ഇത്. എന്നാല്‍, സര്‍ക്കാറിന്റെ എല്ലാ ന്യായീകരണങ്ങളും കോടതി തള്ളുകയായിരുന്നു.

80 ലക്ഷത്തോളം ആളുകള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇതു പ്രതിരോധിക്കുന്നതിനുള്ള ഐ ടി ഉപകരണങ്ങള്‍ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഇതു കേരളത്തിന്റെ കൈവശമില്ലെന്നും അതിനാലാണ് കരാര്‍ രൂപവത്ക്കരിച്ചതെന്നും വ്യക്തമാക്കി. അതേസമയം, ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ ഐ സി) പക്കലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത്. പക്ഷെ, സംസ്ഥാനം ചോദിച്ചിരുന്നില്ല. 80 ലക്ഷത്തോളം ആളുകള്‍ക്ക് കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് എവിടെ നിന്നാണ് കിട്ടിയതെന്ന് സര്‍ക്കാര്‍ പറയണം. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ സബ്മിഷന്‍ കോടതി മുമ്പാകെ നല്‍കിയതെന്ന് വിശദീകരിക്കണം.

എല്‍ ഡി എഫിനകത്തു തന്നെ കരാറിനെതിരെ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും സി പി ഐ സര്‍ക്കാറിനൊപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.