ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

Posted on: April 26, 2020 9:27 am | Last updated: April 26, 2020 at 12:54 pm

ന്യൂഡല്‍ഹി | ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്ന ആവശ്യമുയര്‍ത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ലോക്ക് ഡൗണ്‍ മെയ് 16 വരെയെങ്കിലും നീട്ടണമെന്ന് ഡല്‍ഹിയുള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. മെയ് മൂന്നിനാണ് നിലവിലെ ലോക്ക് ഡൗണ്‍ കാലയളവ് അവസാനിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും.

അതേസമയം, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാര്‍ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷമായിരിക്കും കേരളം, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കുക. തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് നടക്കുക. കേന്ദ്ര തീരുമാനത്തിന് ശേഷമേ കര്‍ണാടകയും നിലപാട് വ്യക്തമാക്കൂ. നിലവില്‍ തെലങ്കാനയാണ് ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച ഏക സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മുംബൈ, പൂനെ സിറ്റികള്‍ മെയ് 18 വരെയെങ്കിലും പൂര്‍ണമായി അടച്ചിടണമെന്ന ആവശ്യം കേന്ദ്രത്തോട് ഉന്നയിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.