Connect with us

Covid19

വര്‍ഗീയതയുടെ ഗുജറാത്ത് മോഡലല്ല; രാജ്യത്തിന് വേണ്ടത് ശാസ്ത്ര ബോധത്തിന്റെ കേരള മാതൃക- രാമചന്ദ്ര ഗുഹ

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പ്രതിരോധമടക്കം പല കാര്യങ്ങളിലും കേരളത്തെ രാജ്യം മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ ഉണര്‍ത്തി ചരിത്രകാരന്‍ രാമചന്ദ്രഗുഹ. വര്‍ഗീയതയുടെ ഗുജറാത്ത് മാതൃകയല്ല, ശാസ്ത്രബോധത്തിന്റെ കേരള മാതൃകയാണ് രാജ്യത്തിന് ഇന്ന് ആവശ്യം. വിദ്യഭ്യാസ മേഖലയിലും സാമൂഹിക മേഖലയിലും കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കേരളം കൊവിഡിനെ പ്രതിരോധിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌ക്കാരവും ഇതില്‍ പ്രധാനമാണ്. പല പരിമിതികളുമുണ്ടെങ്കിലും കേരളത്തിന് നിരവധി കാര്യങ്ങളില്‍ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ട്. അവരുടെ നേട്ടങ്ങളെക്കുറിച്ച് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചര്‍ച്ച ഉണ്ടായില്ല. ഇപ്പോള്‍ അത് രാജ്യത്തെ ആവേശം കൊള്ളിക്കുകയാണെന്നും എന്‍ ഡി ടി വി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തില്‍ ഗുഹ പറഞ്ഞു.

കേരള മാതൃകയും ഗുജറാത്ത് മാതൃകയും കൃത്യമായി വിവരിച്ചാണ് അദ്ദേഹത്തിന്റെ ലേഖനം മുന്നോട്ടുപോകുന്നത്. ഗുജറാത്ത് മാതൃക, കേരള മാതൃക എന്ന പ്രയോഗങ്ങളുടെ അടിസ്ഥാനമെന്തെന്ന് അദ്ദേഹം ലേഖനത്തില്‍ വിവരിക്കുന്നു. 1970 കളില്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ദരാണ് കേരള മാതൃകയെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദശ്ബാദത്തിന്റെ ഒടുവില്‍ നരേന്ദ്ര മോദിയാണ് ഗുജറാത്ത് മോഡലിനെക്കുറിച്ച് സംസാരിച്ചത്. എന്നാല്‍ അതെന്താണെന്ന് കൃത്യമായി പറയാന്‍ പോലു മോദിക്ക് കഴിഞ്ഞിട്ടില്ല. മതന്യൂനപക്ഷങ്ങള്‍ ഗുജറാത്ത് മാതൃകയില്‍ മാറ്റിനിര്‍ത്തപ്പെട്ടവരാണ്.

വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും രഹസ്യങ്ങളിലും അധികാര കേന്ദ്രീകരണത്തിലുമാണ് ഗുജറാത്ത് മാതൃക നിലകൊള്ളുന്നത്. എന്നാല്‍ കേരള മാതൃക ശാസ്ത്രീയ ബോധത്തിലും സുതാര്യതയിലും സാമൂഹ്യ സമത്വത്തിലും, വികേന്ദ്രീകരണത്തിലും ഊന്നിയുള്ളതാണ്. ജനസംഖ്യാ സൂചികകളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ വിദ്യാഭ്യാസ രംഗത്തും ഉണ്ടാക്കിയ നേട്ടമാണ് കേരള മോഡലിന്റെ സവിശേഷത. സ്വകാര്യ മൂലധനത്തിന് കിട്ടിയ പ്രാമുഖ്യമാണ് ഗുജറാത്ത് മോഡലിന്റെ പ്രത്യേകതയായി പറയുന്നത്. ഇതുവഴിയാണ് വന്‍കിട വ്യവസായികളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും ഗുഹ വിവരിക്കുന്നു. രാജ്യത്തിന് വേണ്ടത് കേരള മാതൃകയാണെന്നും പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

 

Latest