Connect with us

Editorial

വൈദ്യുതി നിയമ ഭേദഗതി കരട് ബില്‍

Published

|

Last Updated

കേന്ദ്ര ഊര്‍ജ മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ വൈദ്യുതി നിയമ ഭേദഗതി കരട് ബില്‍ വിവാദമായിരിക്കുകയാണ്. വൈദ്യുതി വിതരണത്തിനുള്ള അവകാശം വന്‍കിട സ്വകാര്യ കമ്പനികള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും പരിമിതപ്പെടുത്തുന്നതാണ് 2003ലെ നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഈ ഭേദഗതി. സംസ്ഥാനങ്ങളുടെയും റഗുലേറ്ററി കമ്മീഷന്റെയും അഭിപ്രായം ആരാഞ്ഞ ശേഷം കരട് ബില്‍ ഊര്‍ജ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിക്കും. തുടര്‍ന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഈ മാസം 17ന് പ്രസിദ്ധീകരിച്ച കരട് ബില്ലിന്മേല്‍ അഭിപ്രായം അറിയിക്കാന്‍ 21 ദിവസത്തെ സമയമാണ് അനുവദിച്ചത്.

വിതരണത്തിന് ഫ്രാഞ്ചൈസികളെയും സബ് ലൈസന്‍സികളെയും ഏല്‍പ്പിക്കുക, ഇവര്‍ക്ക് റഗുലേറ്ററി കമ്മീഷന്റെ ലൈസന്‍സ് വേണ്ടതില്ല, ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്വകാര്യ ഫ്രാഞ്ചൈസികള്‍ക്ക് വില്‍ക്കുക, പുതിയ ലൈന്‍ സ്ഥാപിക്കുന്നതും മെയിന്റനന്‍സും ഫ്രാഞ്ചൈസികളുടെ ചുമതലയിലായിരിക്കും തുടങ്ങിയവയാണ് ബില്ലിലെ വ്യവസ്ഥകള്‍. വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും വൈദ്യുതി മേഖലയെ മത്സരാധിഷ്ഠിതമാക്കാനും കാര്യക്ഷമത വരുത്താനും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശ വാദം. എന്നാല്‍ ഇത് സബ്‌സിഡി ക്രമേണ ഇല്ലാതാകാനും ഗാര്‍ഹിക, കാര്‍ഷിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരാനും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്പാദന, വിതരണ മേഖലകളിലെ സംസ്ഥാനങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാകുകയും കേരളത്തില്‍ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ചെയ്യും. ഡല്‍ഹി ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സൗജന്യ വൈദ്യുതി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇല്ലാതാകും.

സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളാണ് വൈദ്യുതി നിരക്കും മറ്റും തീരുമാനിക്കുന്നത്. സംസ്ഥാനങ്ങളിലെ വൈദ്യുതി റഗുലേറ്റര്‍ കമ്മീഷന്‍ അധ്യക്ഷനെയും കമ്മീഷന്‍ അംഗങ്ങളെയും നിയമിക്കുന്നത് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതിയാണ്. ബില്‍ അപ്പടി അംഗീകരിക്കപ്പെട്ടാല്‍ അത് കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലാകും. ഇതോടെ സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ ദുര്‍ബലമാകുകയും ഓരോ സംസ്ഥാനങ്ങളും അവരവരുടെ സാമൂഹിക ജീവിതാവസ്ഥ കണക്കിലെടുത്ത് അനുവദിക്കുന്ന സബ്‌സിഡി ഇല്ലാതാകുകയും ചെയ്യും. വൈദ്യുതി നിരക്ക് ദേശീയ താരിഫ് നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിശ്ചയിക്കാന്‍ കഴിയൂ.

നിലവില്‍ പല സംസ്ഥാനങ്ങളും സാധാരണക്കാരായ ഉപയോക്താക്കളില്‍ നിന്ന്‌ കുറഞ്ഞ നിരക്കും സാമ്പത്തിക നിലയുള്ളവരില്‍ നിന്ന് ഉയര്‍ന്ന നിരക്കും ഈടാക്കി വരുന്നുണ്ട്. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാറുകള്‍ സബ്‌സിഡി നല്‍കിയാണ് പാവപ്പെട്ടവര്‍ക്ക് നിരക്കില്‍ ഇളവ് നല്‍കുന്നത്. കേരളം ബി പി എല്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലാണ് വൈദ്യുതി നല്‍കുന്നത.് സര്‍ക്കാര്‍ ബോര്‍ഡിന് സബ്‌സിഡി ഇനത്തില്‍ നല്‍കേണ്ട പണം, ബോര്‍ഡ് സര്‍ക്കാറിനു നല്‍കേണ്ട ഇനങ്ങളില്‍ തട്ടിക്കിഴിക്കുകയാണ് ചെയ്യുന്നത്. ഇത് പാചകവാതക സബ്‌സിഡിയുടെ മാതൃകയിലാക്കാനാണ് കരട് ഭേദഗതിയിലെ നിര്‍ദേശം. ഇതനുസരിച്ച് ബോര്‍ഡ് നിശ്ചയിക്കുന്ന തുക ഉപഭോക്താവ് നല്‍കേണ്ടി വരും.

സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുവെങ്കില്‍ അത് ബേങ്കില്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. സര്‍ക്കാറിന്റെ വശം ഇതിനായി നീക്കിവെച്ച പണമുണ്ടെങ്കിലേ ഉപഭോക്താവിനു സബ്‌സിഡി ലഭിക്കുകയുള്ളൂവെന്നതാണ് നിയമ ഭേദഗതി വഴി സംഭവിക്കാനിരിക്കുന്നത്. ജി എസ് ടി വന്നതോടെ നികുതി സംവിധാനത്തിന്റെ സ്വാശ്രയാധികാരം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടതു പോലെ വൈദ്യുതി മേഖലയിലും സംസ്ഥാനങ്ങളുടെ അധികാരങ്ങളെല്ലാം നഷ്ടമാകും. കേരളത്തിലെ 1.8 കോടി ഗാര്‍ഹിക ഉപഭോക്താക്കളില്‍ 80 ശതമാനത്തിന്റെയും കര്‍ഷകരുടെയും വൈദ്യുതി നിരക്ക് കുത്തനെ ഉയരും. ഇതോടെ കാര്‍ഷിക ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയും കാര്‍ഷികവൃത്തി വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ചെറുകിട വ്യവസായ സംരംഭകരുടെ വൈദ്യുതി നിരക്കും ഉയരും. കഴിഞ്ഞ ഒക്‌ടോബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ സ്വകാര്യ ഏജന്‍സികളെ വിതരണം ഏല്‍പ്പിക്കുന്നതിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് കേരളം. വൈദ്യുതി മേഖലയിലെ തൊഴിലാളി സംഘടനകളും ഇതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണം മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത അജന്‍ഡകളിലൊന്നാണ്. ഈ ലക്ഷ്യത്തില്‍ 2014ല്‍ ഒരു നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു സര്‍ക്കാര്‍. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വരികയും അതിന്റെ ഫലമായി, നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ ജനാധിപത്യപരമായി വിവിധ വേദികളില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പാര്‍ലിമെന്റിന്റെ ഊര്‍ജ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ വിഷയം പരിശോധിക്കുകയും വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. പല സംസ്ഥാനങ്ങളും ഭേദഗതിയോട് വിയോജിപ്പാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ അന്നു രേഖപ്പെടുത്തിയത്. അതോടെ നിയമ ഭേദഗതി തത്കാലം നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍. അന്ന് കൊണ്ടുവന്ന ഭേദഗതികള്‍ തന്നെയാണ് പുതുതായി പ്രസിദ്ധീകരിച്ച കരടിലെ മിക്കവയും. രാജ്യം കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വൈദ്യുതി നിയമ ഭേദഗതി പ്രസിദ്ധപ്പെടുത്തി അഭിപ്രായ പ്രകടനത്തിന് കേവലം 21 ദിവസത്തെ സമയം മാത്രം നല്‍കിയത് നിയമം ചുളുവില്‍ പാസ്സാക്കിയെടുക്കാനുള്ള ഉദ്ദേശ്യത്തിലായിരിക്കണം. അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ നടപ്പാക്കേണ്ടതല്ല സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നിയമ ഭേദഗതികള്‍. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്.