Connect with us

International

കാനഡയില്‍ പോലീസ് വേഷധാരി നടത്തിയ വെടിവെപ്പില്‍ 16 മരണം

Published

|

Last Updated

ഒട്ടാവ | കാനഡയെ നടുക്കി പോലീസ് വേഷം ധരിച്ചെത്തിയ അക്രമി നടത്തിയ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 12 മണിക്കൂറോളം നീണ്ട ചെറുത്ത് നില്‍പ്പിനൊടുവില്‍ അക്രമിയെ പോലീസ് വകവരുത്തി. കാനഡയിലെ നോവ സ്‌കോടിയയില്‍ ഇന്നലെയായിരുന്ന ആക്രമണം. 51കാരനായ ഗബ്രിയേല്‍ വോട്മാന്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. പോലീസ് യൂണിഫോമില്‍, പോലീസിന്റേത് പോലുള്ള രൂപമാറ്റം വരുത്തിയ വാഹനത്തില്‍ അറ്റ്‌ലാന്റിക് പ്രവിശ്യയിലെ വിവിധ മേഖലകളില്‍ കറങ്ങിയ പ്രതി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെക്കുകയായിരുന്നു. ആദ്യം 12 പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഒരു പോലീസുകാരനുള്‍പ്പെടെ 16 ജീവനുകള്‍ നഷ്ടപ്പെട്ടതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും ഗബ്രിയേലുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നും ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ആര്‍ സി എം പി ഉദ്യോഗസ്ഥ, ഇരുപത്തിമൂന്നുകാരിയായ ഹൈദി സ്റ്റീവന്‍സണ്‍ രണ്ട് കുട്ടികളുടെ മാതാവാണ്.

യുഎസിനേക്കാള്‍ തോക്കുപയോഗത്തിനുള്ള നിയമങ്ങള്‍ കാനഡയില്‍ കര്‍ശനമായതിനാല്‍ വെടിവെയ്പ് പോലുള്ള സംഭവങ്ങള്‍ രാജ്യത്ത് താരതമ്യേന കുറവാണ്. 1989 ഡിസംബറില്‍ മോണ്‍ട്രിയയില്‍ 15 സ്ത്രീകള്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ കൂട്ടക്കൊല. കൊവിഡിനെതിരെ തുടര്‍ന്ന് കാനഡയിലെങ്ങും സഞ്ചാര നിയന്ത്രണങ്ങള്‍ നിലവിവുണ്ട്. ഇതിനിടെയാണ് ആക്രണം നടന്നത്.