Connect with us

Covid19

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരും; ഹോട്ട് സ്‌പോട്ട് ഇതര ഭാഗങ്ങളില്‍ മാത്രം ഇളവുകള്‍: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വൈറസ് വ്യാപന മേഖലകളിലും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണത്തില്‍ ഒരിളവും അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഒരാഴ്ചക്കു ശേഷം സ്ഥിതിഗതികള്‍ വീണ്ടും അവലോകനം ചെയ്യും. അതേസമയം, ഹോട്ട് സ്‌പോട്ട് ഇതര ഭാഗങ്ങളില്‍ മാത്രം ഏപ്രില്‍ 20 മുതല്‍ ലോക്ക് ഡൗണില്‍ ചെറിയ ഇളവുകള്‍ നല്‍കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഹോട്ട് സ്‌പോട്ട് മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും.

ഡല്‍ഹിയില്‍ നിലവില്‍ 77ല്‍ പരം അതീവ ജാഗ്രതാ മേഖലകളുണ്ട്. എല്ലാ ജില്ലകളിലും ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച 736 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 186 എണ്ണം പോസിറ്റീവായി. പരിശോധനക്കയച്ച ആകെ കേസുകളുടെ 25 ശതമാനമാണിത്. ഇത് വളരെ കൂടുതലാണ്- ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു. 186 കേസുകളിലും പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. ഇങ്ങനെ എത്രപേര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ സമൂഹത്തില്‍ കഴിയുകയും വൈറസ് പടര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

ശനിയാഴ്ച കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചവരില്‍ സര്‍ക്കാര്‍ സംവിധാനിച്ച ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ ഒരു ജീവനക്കാരനുമുണ്ടെന്ന് കെജ്‌രിവാള്‍ വെളിപ്പെടുത്തി. അദ്ദേഹത്തില്‍ നിന്ന് ആര്‍ക്കൊക്കെ രോഗം പകര്‍ന്നിട്ടുണ്ടാകുമെന്ന് അറിയില്ല. ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ ജീവനക്കാരെയും വളണ്ടിയര്‍മാരെയും ഭക്ഷണത്തിനായി എത്തിയവരെയും റാപിഡ് പരിശോധനക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടു
ണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest