ഡബ്ല്യു എച്ച് ഒ വധത്തിന് പിന്നില്‍

Posted on: April 19, 2020 1:22 pm | Last updated: May 8, 2020 at 6:12 pm

കൊവിഡ് കാലം മനുഷ്യരുടെ ബോധനിലവാരത്തില്‍ ചെറുതല്ലാത്ത മാറ്റം വരുത്തുമെന്നുറപ്പാണ്. രോഗഭീതിയകന്നാല്‍ എല്ലാം മറന്ന് അഹങ്കാരത്തിന്റെ സര്‍വ ആവിഷ്‌കാരങ്ങളും ആരംഭിക്കുമെങ്കിലും ഈ ദിനങ്ങളിലൂടെ കടന്നു പോയ ഓരോരുത്തരുടെയും ബോധത്തിലുടനീളം അടച്ചിടപ്പെട്ടതിന്റെ സ്വാധീനം കുറച്ചെങ്കിലും കാണും. താന്‍ അങ്ങേയറ്റം നിസ്സാരനാണെന്ന സത്യം ഉള്ളിന്റെയുള്ളില്‍ അവന്‍ സമ്മതിക്കും. മനുഷ്യനിര്‍മിതമായ എല്ലാ സങ്കേതങ്ങളും നിര്‍ണായക ഘട്ടത്തില്‍ നിസ്സഹായമാകുമെന്ന യാഥാര്‍ഥ്യവും ഉള്ളില്‍ കിടക്കും. പുറത്ത് പറയാന്‍ മടി കാണിക്കുമെങ്കിലും നിഷേധിക്കാനാകാത്ത വസ്തുതയായി ഈ ബോധ്യങ്ങള്‍ മനസ്സിലുറക്കും. ഇത് വ്യക്തിപരമായ കാര്യമാണ്. സംഘത്തില്‍ അതല്ല നടക്കുക. അവിടെ ഇത്തരത്തിലുള്ള ഒരു ബോധ്യത്തിനും മനുഷ്യന്‍ നിന്നു കൊടുക്കില്ല. ആത്മവിശ്വാസം തന്നെയാണ് അവിടെ അവശേഷിക്കുക. രാഷ്ട്രങ്ങളെയും സര്‍ക്കാറുകളെയും നോക്കിയാല്‍ അത് മനസ്സിലാകും. കൊവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന, കുടുസ്സായ എല്ലാ രാഷ്ട്രീയ വടംവലികളും ഈ രോഗഭീതിയുടെ കാലത്തും അതേ പടി തുടരുന്നുവെന്ന് സൂക്ഷ്മ വിശകലനത്തില്‍ വ്യക്തമാകും. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹങ്കാരത്തിനും വിഡ്ഢിത്തത്തിനും ബിസിനസ് യുക്തിക്കും ഒരു കുറവും വന്നിട്ടില്ല. പുറത്ത് പോകരുതെന്ന് തീരുമാനിച്ച ഒരു വിവരവും ചോര്‍ന്നു പോകാത്തവിധം വന്‍മതിലു പണിയുന്ന തനതായ ശൈലിയില്‍ ഒരു മാറ്റത്തിനും ചൈന തയ്യാറായിട്ടില്ല. ഉത്തര കൊറിയ ഇപ്പോഴും നിഗൂഢമായ രാഷ്ട്രം തന്നെയാണ്. റോഹിംഗ്യകളെ കടലില്‍ മരിക്കാന്‍ വിട്ട് അതിര്‍ത്തിയടക്കുന്ന ഒരു രാഷ്ട്രത്തിനും വീണ്ടുവിചാരമുണ്ടായിട്ടില്ല. ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും ഇടുങ്ങിയ ദേശീയതകള്‍ അതേപടി നിലനില്‍ക്കുന്നു.

ലോകാരോഗ്യ സംഘടനക്ക് നേരെ അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങിവെച്ച നിഴല്‍ യുദ്ധത്തെയും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. യു എന്നിന്റെ ഏറ്റവും സജീവമായി പ്രവര്‍ത്തന രംഗത്തുള്ള ഘടകം എന്ന നിലക്ക് ഡബ്ല്യു എച്ച് ഒക്ക് ലോകത്ത് നിര്‍ണായക സ്വാധീനമുണ്ട്. പക്ഷേ, വന്‍ ശക്തികളുടെ ഔദാര്യത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ലോക ബേങ്കിനെയും ലോക വ്യാപാര സംഘടനയെയും അമേരിക്കയും കൂട്ടാളികളും നേരിട്ടാണ് നിയന്ത്രിക്കുന്നതെങ്കില്‍ ഡബ്ല്യു എച്ച് ഒയെ സഹായിച്ചാണ് കീഴ്‌പ്പെടുത്തുന്നത്. 400 മില്യണ്‍ ഡോളറാണ് അമേരിക്ക ഈ സംഘടനക്ക് പ്രതിവര്‍ഷം നല്‍കുന്നത്. സംഘടനയുടെ മൊത്തം ബജറ്റിന്റെ 15 ശതമാനം വരും ഇത്. ഇതിനെ വന്‍കിട കമ്പനികള്‍ സാമൂഹിക ഉത്തരവാദിത്വ ലെവി നല്‍കുന്നത് പോലെ കണ്ടാല്‍ മതി. ദരിദ്ര രാജ്യങ്ങളെ കാലങ്ങളായി ചൂഷണം ചെയ്ത് അവരെ രോഗഗ്രസ്തരാക്കി മാറ്റിയതിന്റെ ചെറു പ്രായശ്ചിത്തം മാത്രമാണ് പഴയ കൊളോണിയല്‍ ശക്തികള്‍ ഡബ്ല്യു എച്ച് ഒക്ക് നല്‍കുന്ന സഹായം. അപ്പോഴും നിരവധിയായ പരോക്ഷ ഗുണങ്ങള്‍ ഈ ശക്തികള്‍ കൈപ്പറ്റുന്നുണ്ട്. വന്‍കിട മരുന്ന് കമ്പനികളുടെ അസ്ഥിക്ക് തൊടുന്ന ഒരു നടപടിയും ഡബ്ല്യു എച്ച് ഒ ഇന്നേവരെ എടുത്തിട്ടില്ല. മരുന്ന് പരീക്ഷണത്തിലെ ലാഭക്കൊതികളെ ഈ സംഘടന ഒരിക്കലും വെല്ലുവിളിച്ചിട്ടുമില്ല. ഈ “മര്യാദ’കളൊന്നും ഇത്തവണയും ഡബ്ല്യു എച്ച് ഒ ലംഘിച്ചിട്ടില്ല. എന്നിട്ടുമെന്തിനാണ് ട്രംപ് ഫണ്ട് വെട്ടിക്കുറച്ചത്? ഓരോ ദിവസവും അദ്ദേഹം ലോകാരോഗ്യ സംഘടനയെയും അതിന്റെ മേധാവി ടെഡ്രോ സ് അഥാനം ഗബ്രിയേസസിനെയും കടന്നാക്രമിക്കുന്നത്? രാഷ്ട്രീയം എന്നാണ് ഉത്തരം. കൊവിഡ് കാലത്തും കൊടി താഴ്ത്താത്ത ഇടുങ്ങിയ രാഷ്ട്രീയം.

നാല് ആരോപണങ്ങളാണ് ഡബ്ല്യു എച്ച് ഒക്കെതിരെ ട്രംപ് ഉന്നയിച്ചിട്ടുള്ളത്. ഒന്ന്, കൃത്യസമയത്ത് കൊവിഡ് അലര്‍ട്ട് നല്‍കുന്നതില്‍ ഡബ്ല്യു എച്ച് ഒ പരാജയപ്പെട്ടു. രണ്ട്, ചൈനക്ക് അനുകൂലമായ സമീപനമെടുത്തു. മൂന്ന്, കൃത്യമായ നിഗമനങ്ങള്‍ മുന്നോട്ട് വെക്കുന്നതില്‍ പരാജയപ്പെട്ടു. നാല്, തെറ്റായ വിവരങ്ങള്‍ നല്‍കുന്നു. ഈ നാല് ആരോപണങ്ങളിലും ഭാഗികമായ ശരിയുണ്ട്. എന്നുവെച്ചാല്‍ തെറ്റുമുണ്ട്. കൃത്യസമയത്ത് അലര്‍ട്ട് നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് വീഴ്ച സംഭവിച്ചുവെന്നത് നേരാണ്. കൊവിഡിനെ മഹാമാരിയായി ഡബ്ല്യു എച്ച് ഒ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 11നാണ്. അതിന് എത്രയോ മുമ്പ് തന്നെ വിദഗ്ധരും മാധ്യമങ്ങളും പൊതു സമൂഹവും അതിനെ മഹാമാരിയായി കണ്ടു തുടങ്ങിയിരുന്നു. ഡബ്ല്യു എച്ച് ഒയെ പോലുള്ള ഒരു സംഘടനക്ക് പ്രിമെച്വര്‍ ആയി നിഗമനങ്ങള്‍ മുന്നോട്ട് വെക്കാനാകില്ല എന്നതാണ് ഉത്തരം. അവര്‍ക്ക് ഡാറ്റ വേണം. അവ ശാസ്ത്രീയമായി വിശകലനം ചെയ്യണം. അതിന് സമയമെടുക്കും. എന്നാല്‍ ജനുവരി 30ന് തന്നെ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ ആരോഗ്യ അടിയന്തരാവസ്ഥ ഡബ്ല്യു എച്ച് ഒ പ്രഖ്യാപിച്ചിരുന്നു. മഹാമാരി (പാന്‍ഡമിക്) പ്രഖ്യാപനം നടത്തിയില്ലെന്ന് മാത്രം.

ഇനി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന ആരോപണമെടുക്കാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നോവല്‍ കൊറോണ വൈറസ് പടരില്ലെന്ന് തുടക്കത്തില്‍ ഡബ്ല്യു എച്ച് ഒ പറഞ്ഞിരുന്നു. ചൈന നല്‍കിയ ഇന്‍പുട്ട് വിശ്വാസത്തിലെടുത്താണ് അത്തരമൊരു തെറ്റ് സംഭവിച്ചത്. പ്രാദേശികമായ വിവര ശേഖരണം ഡബ്ല്യു എച്ച് ഒ നേരത്തേ തന്നെ നയമായി എടുത്തിട്ടുള്ളതാണ്. വസൂരിക്കെതിരായ പോരാട്ടം വിജയിച്ചത് ഈ നയം വഴിയായിരുന്നു താനും. എന്നാല്‍ ചൈനയെപ്പോലെ ഒരു രാജ്യം നല്‍കുന്ന നിഗമനം അപ്പടി സ്വീകരിക്കാനാകില്ലെന്ന പാഠം ഇത്തവണ പഠിച്ചു. പെട്ടെന്ന് തന്നെ തിരുത്തുകയും ചെയ്തു. ഇന്ത്യയില്‍ സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞുവെന്ന മുന്‍ പ്രസ്താവനയും സംഘടനക്ക് തിരുത്തേണ്ടി വന്നിട്ടുണ്ട്. തെറ്റു പറ്റിയെന്ന ആരോപണത്തിന്റെ ഉന്നം അമേരിക്കയെ കുറിച്ച് സംഘടന പങ്കുവെച്ച ആശങ്കയാണ്. യു എസില്‍ സ്ഥിതി ഗുരുതരമാണെന്ന ഡബ്ല്യു എച്ച് ഒയുടെ നിലപാട് ട്രംപിനെ ചൊടിപ്പിച്ചു. വസ്തുത അതാണെങ്കിലും താന്‍ ചെല്ലും ചെലവും നല്‍കുന്ന സംഘടന അത് പറയരുതല്ലോ എന്നതാണ് ട്രംപിന്റെ ലൈന്‍.

ചൈനക്ക് അനുകൂലമായി ഡബ്ല്യു എച്ച് ഒ പ്രവര്‍ത്തിച്ചുവോ? വുഹാന്‍ വൈറസെന്നും ചൈനീസ് വൈറസെന്നും ട്രംപും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വിളിച്ചപ്പോള്‍ കൊവിഡ് 19 എന്ന പേര് മുന്നോട്ട് വെച്ചത് ഡബ്ല്യു എച്ച് ഒ ആണ്. അത് ചൈനയുടെ നയതന്ത്ര വിജയം കൂടിയാണ്. എബോളക്ക് പേരിട്ടത് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഒരു നദിയെ സൂചിപ്പിച്ചാണ്. മെര്‍സ് എന്ന പേര് മിഡില്‍ ഈസ്റ്റ് എന്ന മേഖലയെ സൂചിപ്പിക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ലോകത്തെ പിടിച്ചുലച്ച രോഗത്തിന്റെ പേര് ഇന്നും അറിയപ്പെടുന്നത് സ്പാനിഷ് ഫ്‌ളൂ എന്നാണ്. യുദ്ധമുഖത്തുണ്ടായ പല രാജ്യങ്ങളിലും ഈ രോഗമുണ്ടായിരുന്നു. പക്ഷേ, വാര്‍ത്ത പുറത്ത് വന്നില്ല. യുദ്ധത്തിലില്ലാത്ത സ്‌പെയിനിലെ വാര്‍ത്ത പുറത്തെത്തി. അങ്ങനെ പേര് സ്പാനിഷ് ഫ്‌ളൂ ആയി. വുഹാന്‍ ചൈനയിലായതിനാല്‍ ഈ ചരിത്രമൊന്നും ആവര്‍ത്തിച്ചില്ല. അത് ചൈനയുടെ മിടുക്ക്. ചൈനയിലെ രോഗപ്രതിരോധ നടപടികളെ ഡബ്ല്യു എച്ച് ഒ മേധാവി തന്നെ പുകഴ്ത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മരണ സംഖ്യ തിരുത്തിയ ചൈനീസ് നടപടിയെയും സംഘടന ശരിവെച്ചു. എല്ലാ രാജ്യങ്ങളും ഇതേ വഴി സ്വീകരിക്കേണ്ടി വരുമെന്നും പറഞ്ഞു വെച്ചു.

കൃത്യമായ നിഗമനങ്ങള്‍ മുന്നോട്ട് വെക്കാന്‍ ഡബ്ല്യു എച്ച് ഒക്ക് എന്നല്ല ആര്‍ക്കും സാധിക്കുന്നില്ല. ജനുവരി മുതല്‍ ലോകാരോഗ്യ സംഘടന നടത്തിയ എല്ലാ കൂടിയാലോചനകളിലും യു എസ് വിദഗ്ധര്‍ പങ്കെടുത്തിരുന്നുവെന്നതാണ് വസ്തുത. രണ്ട് പേര്‍ അതില്‍ പ്രധാനികളാണ്- ആന്റണി ഫൗച്ചിയും റോബര്‍ട്ട് റെഡ്ഫീല്‍ഡും. ഇതില്‍ ഫൗച്ചി അമേരിക്കന്‍ പകര്‍ച്ചവ്യാധി തടയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയാണ്. ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന്റെ മേധാവിയാണ് റോബര്‍ട്ട്. എന്നുവെച്ചാല്‍ തന്നെ ഉപദേശിക്കുന്ന ഈ വിദഗ്ധരെ തന്നെയാണ് ട്രംപ് തള്ളിപ്പറയുന്നത്. ഫൗച്ചി പിന്നീട് യു എസിലെ പ്രതിരോധ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നു. ഇദ്ദേഹത്തെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ഇറങ്ങിയിരിക്കുകയാണ് ട്രംപ്.
ഭാഗികമായ ശരികളില്‍ നുണ ചേര്‍ത്ത് വേവിച്ചെടുത്ത മിശ്രിതമാണ് ട്രംപ് ലോകാരോഗ്യ സംഘടനക്ക് മേല്‍ കോരി ഒഴിക്കുന്നത്. എന്തെല്ലാം ദൗര്‍ബല്യങ്ങള്‍ ഉണ്ടെങ്കിലും ഇന്നും ലോകം ഉറ്റുനോക്കുന്ന ആധികാരിക ആരോഗ്യ ഏജന്‍സിയാണ് ലോകാരോഗ്യ സംഘടന. ലക്ഷക്കണക്കായ ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ച് വൈറസിനെതിരായ ഗോദയിലാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഡബ്ല്യു എച്ച് ഒയെ സംശയത്തിന്റെ നിഴലിലാക്കുകയും സാമ്പത്തികമായി ഞെരുക്കുകയും ചെയ്യുന്നത് ക്രൂരതയാണ്. അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് ഒന്നൊന്നായി പുറത്ത് കടന്ന ട്രംപ് ലോകാരോഗ്യ സംഘടനക്കെതിരെ ആഗോള അഭിപ്രായം രൂപപ്പെടുത്താനുള്ള തത്രപ്പാടിലാണ്.
ഡബ്ല്യു എച്ച് ഒക്ക് സംഭവിച്ച വീഴ്ചകളോ പോരായ്മകളോ ചൈനീസ് പക്ഷപാതമോ ഒന്നുമല്ല ട്രംപിന്റെ വിഷയം. വോട്ടാണ് പ്രശ്‌നം. കൊവിഡ് കൈകാര്യം ചെയ്തതില്‍ പരാജയത്തിന്റെ പടുകുഴിയില്‍ നില്‍ക്കുന്ന ട്രംപ് രണ്ടാമൂഴത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുകയാണ്. കുറ്റം മുഴുവന്‍ ആരുടെയെങ്കിലും തലയില്‍ കെട്ടി വെക്കണം. ലോകാരോഗ്യ സംഘടനയുടെയും ചൈനയുടെയും തലയാണ് അദ്ദേഹം കണ്ടുവെച്ചിട്ടുള്ളത്. ഡബ്ല്യു എച്ച് ഒ- ചൈന ബാന്ധവം പറഞ്ഞാല്‍ എളുപ്പത്തില്‍ കാര്യം നടക്കുകയും ചെയ്യും. മറ്റൊരു ഉള്‍പ്പാര്‍ട്ടി എപ്പിസോഡ് കൂടിയുണ്ട് ഈ ഡബ്ല്യു എച്ച് ഒ വധത്തിന് പിന്നില്‍. സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസിന്റെ കാലാവധി 2022ല്‍ അവസാനിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന്റെ രണ്ടാം വരവിന് 55 അംഗങ്ങളുള്ള ആഫ്രിക്കന്‍ യൂനിയനും 120 അംഗങ്ങളുള്ള ചേരിചേരാ (നാം) വിഭാഗവും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എത്യോപ്യന്‍ മൈക്രോബയോളജിസ്റ്റും മന്ത്രിയുമായിരുന്ന ടെഡ്രോസ് ഒരിക്കല്‍ കൂടി ഡബ്ല്യു എച്ച് ഒയുടെ തലപ്പത്ത് വരുന്നത് ട്രംപ് ഭരണകൂടത്തിന് സഹിക്കാനാകില്ല. 2017ല്‍ ചൈനയുടെ പിന്തുണയോടെയാണ് ഇദ്ദേഹം ഡയറക്ടര്‍ ജനറലായത്. യു എസിന്റെയും യു കെയുടെയും നോമിനിയായ ഡോ. ഡേവിഡ് നബാറോയെയാണ് ടെഡ്രോസ് തോല്‍പ്പിച്ചത്. അതുകൊണ്ട് ടെഡ്രോസിന്റെ പ്രതിച്ഛായ തകര്‍ത്ത് തിരിച്ചു വരവിനുള്ള സാധ്യത അടക്കണം.

കാര്യങ്ങള്‍ വ്യക്തമാണ്. കൊവിഡിന്റെ പിടിയില്‍ ലോകം പിടയുമ്പോഴും സ്വാര്‍ഥതയും പകയും രാഷ്ട്രീയ കൗശലങ്ങളും കൈയൊഴിയാന്‍ ഭരണാധികാരികള്‍ തയ്യാറല്ല. ഒരര്‍ഥത്തില്‍ ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ അമേരിക്കന്‍ ഫണ്ടിംഗില്‍ നിന്ന് മോചിതമാകുന്നത് തന്നെയാണ് നല്ലത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജയിച്ചവര്‍, അവരുടെ പ്രതിസന്ധി പരിഹരിക്കാനുണ്ടാക്കിയ യു എന്‍, ലോകബേങ്ക്, ഡബ്ല്യു ടി ഒ എല്ലാം ഉടച്ചു വാര്‍ക്കണം. അവ ആഗോളജനതയെ പ്രതിനിധാനം ചെയ്യുന്ന നിലവാരത്തിലേക്ക് മാറണം.