Connect with us

Covid19

സ്പ്രിംഗ്ളര്‍ അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് നേരിടുന്ന കമ്പനി: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  ഡാറ്റാ മോഷണ കേസില്‍ അമേരിക്കയില്‍ നിയമ നടപടി നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്ളര്‍ എന്നും അത്തരം ഒരു കമ്പനിയുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 350 കോടിയുടെ ഡാറ്റ തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷമായി ഇവര്‍ അമേരിക്കയില്‍ കേസ് നേരിടുന്നു. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങളും വ്യക്തി വിവരങ്ങളും ഇത്തരത്തില്‍ ഒരു കമ്പനിയുടെ സര്‍വ്വറിലേക്ക് പോകുന്നത് അതീവ ഗൗരവമേറിയ പ്രശ്‌നമാണ്. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയിക്കുന്നുവെന്നും കൊവിഡിന്റെ മറവിലെ തട്ടിപ്പാണ് ഇതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ വിലാസം തിരുത്തിയിട്ട് കാര്യമില്ല. എല്ലാ വിവരങ്ങളും പോകുന്നത് സ്പ്രിംഗഌറിന്റെ സര്‍വ്വറിലേക്കാണ്. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ രേഖകള്‍ കമ്പനിക്ക് കിട്ടി. ഈ കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തെന്ന് വ്യക്തമാക്കണം. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വിവരം അറിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും ഐ ടി മന്ത്രാലത്തിന്റെ കൈകളിലില്ലെന്നാണ് തന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ഐ ടി മന്ത്രാലയമല്ലാതെ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റും കരാറിന്റെ ഫയല്‍ കണ്ടിട്ടില്ല.

കൊവിഡിന് ശേഷം ഫീസ് നല്‍കാമെന്ന് കമ്പനിയുമായുണ്ടാക്കിയ കരാറിലുണ്ട്. സൗജന്യ സേവനമെന്ന് മുഖ്യമന്തി പറഞ്ഞത് തെറ്റാണ്. ഇന്ന് ഐ ടി ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട രേഖ ഒരു തട്ടിപ്പാണ്. സ്പ്രിംഗ് ളര്‍ കമ്പനി അയച്ച് കൊടുത്ത കാര്യങ്ങള്‍ മാത്രമാണിത്. സ്പ്രിംഗ്ളര്‍ കമ്പനിയുടെ ഏജന്റായി ഐ ടി സെക്രട്ടറി പ്രവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി സ്പ്രിംഗ്ളര്‍ കമ്പനിയുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

 

 

---- facebook comment plugin here -----

Latest