Connect with us

Covid19

കൊവിഡ് പടരുമ്പോഴും നിയന്ത്രണ നടപടികളില്ലാതെ പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ് | കൊവിഡ് പടരുമ്പോഴും നിയന്ത്രിക്കാനോ പ്രതിരോധിക്കാനോ നടപടികളില്ലാതെ പാക്കിസ്ഥാന്‍. വൈറസ് ബാധ മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം അഞ്ച് ശ്മശാന ഭൂമികളാണ് കറാച്ചി മെട്രൊപൊളിറ്റന്‍ കോര്‍പ്പറേഷന്‍ (കെ എം സി) അനുവദിക്കേണ്ടി വന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച നാലു മൃതദേഹങ്ങള്‍ മാത്രമാണ് വ്യത്യസ്ത ശ്മശാന ഭൂമികളിലായി അടക്കിയതെന്നാണ് കെ എം സി ഗ്രേവ്‌യാര്‍ഡ് വകുപ്പ് ഡയറക്ടര്‍ ഇഖ്ബാല്‍ പര്‍വേസിനെ ഉദ്ധരിച്ച് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതെന്നും എ എന്‍ ഐ വ്യക്തമാക്കുന്നു.

മുന്‍കരുതല്‍ നടപടികളൊന്നുമില്ലാത്തതിനാല്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരുള്‍പ്പെടെ തയാറാകുന്നില്ല. വലിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടും ജോലി ചെയ്യാന്‍ ആരും മുന്നോട്ടു വരാത്ത സ്ഥിതിയാണ്. ഞായറാഴ്ചയോടെ പാക്കിസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 3,118 ആയിട്ടുണ്ട്. 45 പേര്‍ മരിച്ചു. പഞ്ചാബ് പ്രവിശ്യയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഒറ്റ ദിവസം 184 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതോടെ പ്രവിശ്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1380 ആയിട്ടുണ്ട്. സിന്ധില്‍ 51 പുതിയ കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. 881 ആണ് ഇവിടുത്തെ ആകെ വൈറസ് ബാധിതര്‍. ബലൂചിസ്ഥാനില്‍ കേസുകള്‍ 189 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ലിയാഖത്ത് ഷഹ്‌വാനി വെളിപ്പെടുത്തി.

സ്ഥിതി ഇത്രത്തോളം ഗുരുതരമായിട്ടും രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോഴും തയാറായിട്ടില്ല.

Latest