Connect with us

Kerala

അയൽക്കാർക്കെതിരെ കേരളം പച്ചക്കറി പ്രതിരോധത്തിലേക്ക്

Published

|

Last Updated

കോഴിക്കോട് | കൊറോണാ ഭീതിയിൽ അതിജീവനത്തിനായി പൊരുതുന്നതിനിടെ കർണാടക കേരളാ അതിർത്തി കൊട്ടിയടച്ച സാഹചര്യത്തിൽ വിവിധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിനെ കുറിച്ചുള്ള ആശയങ്ങൾ സംസ്ഥാനത്ത് ബലപ്പെടുന്നു. അയൽ സംസ്ഥാനങ്ങളെ കേരളം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പച്ചക്കറികൾക്കു വേണ്ടിയാണ്. അതിനാൽ ഈ മേഖലയിൽ സ്വയം പര്യാപ്തതയുടെ ആവശ്യമാണ് ഗൗരവത്തോടെ ഉയർന്നു വരുന്നത്.

അതിർത്തി കടന്നെത്തുന്ന ചരക്കുലോറികൾക്കായി കാത്തിരിക്കാതെ സ്വന്തം മണ്ണിൽ വിത്തിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള അവസരമായി ഈ സാഹചര്യം പ്രയോജനപ്പെടുത്തണമെന്നാണ് കാർഷിക വിദഗ്ധർ പറയുന്നത്. കേരളത്തിലെ നല്ല മണ്ണ്, വെള്ളം, കാലാവസ്ഥ എന്നിവ പ്രയോജനപ്പെടുത്തിയാൽ എല്ലാ വിളവുകളും ഇവിടെ ഉത്പാദിപ്പിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. “നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം” എന്ന സന്ദേശം ഉയർത്തി കൃഷി വകുപ്പ് രൂപം നൽകിയ ജീവനി പദ്ധതി ഓരോ പ്രദേശത്തും ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജനകീയ പങ്കാളിത്തത്തോടെ വീട്ടുവളപ്പിൽത്തന്നെ വിളയിച്ചെടുക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്.
ജനുവരി ഒന്ന് മുതൽ ഈ മാസം 15 വരെ ഈ കാർഷിക കർമപരിപാടി നടപ്പാക്കാനായിരുന്നു കൃഷി വകുപ്പ് ലക്ഷ്യമിട്ടത്. പൊതുജനങ്ങളെ ശാസ്ത്രീയമായി കൃഷി പഠിപ്പിക്കുന്ന കൃഷി പാഠശാലക്കും ഇതോടൊപ്പം തുടക്കം കുറിച്ചിരുന്നു. ജനുവരി നാലിന് തൃശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി മുന്നോട്ടു പോകുന്നതിനിടയിലാണ് കൊവിഡ് 19 ഭീതിയിൽ ലോക്ക് ഡൗൺ ഉണ്ടായത്. അതോടെ നടീൽ വസ്തുകളുടെയും വിത്തുകളുടെയും വിതരണം തടസ്സപ്പെട്ടു.

പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് കേരളത്തിന് ആവശ്യമുള്ളത്. ഇതിൽ 40 ശതമാനം അയൽസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. കേരളത്തിൽ പച്ചക്കറികളുടെയും ഇലക്കറികളുടെയും കിഴങ്ങുവർഗങ്ങളുടെയും വൈവിധ്യമുണ്ട്. പരമ്പരാഗത വിത്തുകൾ സംരക്ഷിക്കുന്നതിനും കൂടുതൽ പ്രദേശങ്ങളിൽ അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും കൃഷിവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്.

ലോക്ക്ഡൗൺ അവസാനിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നതോടെ ഇത്തരം വിത്തുകൾ ശേഖരിച്ച് വിതരണം ചെയ്യാനാണ് കൃഷിവകുപ്പ് ആലോചിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ളവർ വീട്ടുവളപ്പിൽത്തന്നെ ലഭ്യമായ സ്ഥലത്ത് ഏതെങ്കിലും തരം കൃഷി ആരംഭിക്കണമെന്നാണ് കൃഷി വകുപ്പ് നൽകുന്ന നിർദേശം. നഗരങ്ങളിൽ ബാൽക്കണി, ടെറസ്, റൂഫ് എന്നിവയെല്ലാം പ്രയോജനപ്പെടുത്തി കൃഷിചെയ്യാവുന്നതാണ്. പ്ലാസ്റ്റിക് കവർ, ചാക്ക് എന്നിവയെല്ലാം ഉപയോഗപ്പെടുത്താം. ഒരുതരത്തിലും കൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് ചെറുപയർ പോലുള്ള ധാന്യങ്ങൾ മുളപ്പിച്ചെടുത്ത് വളർന്ന് വലുതാകുന്നതിന് മുന്പ് കറിവെക്കുന്ന മൈക്രോ ഗ്രീൻ സമ്പ്രദായം പ്രയോജനപ്പെടുത്താമെന്നും വകുപ്പ് നിർദേശിക്കുന്നു.

കൊറോണ കാലത്തുണ്ടായ അനുഭവങ്ങൾ മനസ്സിലാക്കി കൂടുതൽ സ്ഥലത്ത് മികച്ച നിലയിൽ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചുകൊണ്ട് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറക്കാനുള്ള ശ്രമത്തിനാണ് കൃഷി വകുപ്പ് നേതൃത്വം നൽകുന്നത്. കേരളം 2017-18 ൽ 69,047 ഹെക്ടറിൽ നിന്ന് 10 ലക്ഷം മെട്രിക് ടൺ പച്ചക്കറിയും 2018-19ൽ 82,166 ഹെക്ടറിൽ നിന്ന് 12.12 ലക്ഷം മെട്രിക് ടൺ പച്ചക്കറിയും ഉത്പാദിപ്പിച്ചു. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് നാടൻ ഇനങ്ങൾ കൂടുതലായി കൃഷി ചെയ്യുക എന്ന ഹോർട്ടിതെറാപ്പി ആരോഗ്യശാസ്ത്ര ശാഖക്ക് പ്രാമുഖ്യം നൽകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇതിനിടെ, ജൈവ കൃഷിക്ക് ഏറിവന്ന പ്രചാരവും കാർഷിക സ്വയം പര്യാപ്തതയും മുൻനിർത്തി വിഷുക്കാലം ലക്ഷ്യമിട്ട് നാട്ടിൻ പുറങ്ങളിൽ ഉത്പാദിപ്പിച്ച കാർഷികോത്പന്നങ്ങളെല്ലാം ലോക്ക്ഡൗണിന്റെ ഭാഗമായി വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. വെണ്ട, വെള്ളരി, പയർ തുടങ്ങിയവയെല്ലാം വിളവെടുക്കാൻ കാലമായപ്പോഴാണ് ലോക്ക് ഡൗൺ വരുന്നത്. ഇതോടെ മാർക്കറ്റുകളെല്ലാം അടഞ്ഞു. വാഹന ഗതാഗതവും നിയന്ത്രിക്കപ്പെട്ടതോടെ ഉത്പന്നങ്ങൾ കൃഷിയിടത്തിൽ തന്നെ എത്തുന്നവർക്ക് നൽകേണ്ട അവസ്ഥയായി. കിഴങ്ങു വർഗങ്ങളുടെ വിളവെടുപ്പ് ദീർഘിപ്പിച്ചു. വൻതോതിൽ പണം മുടക്കി കൃഷിയിറക്കിയ കർഷകർക്ക് ഇത് കനത്ത തിരിച്ചടിയായി. എന്നാൽ, എല്ലാ മേഖലയിലും ഉണ്ടായ തിരിച്ചടിയിൽ തങ്ങൾക്കുണ്ടായ നഷ്ടം സഹിക്കാമെന്ന മാനസികാവസ്ഥയിലാണ് കർഷകരും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest