Connect with us

Covid19

കേരളത്തിന് അഭിമാന നേട്ടം; കൊവിഡ് ഭേദമായ വൃദ്ധ ദമ്പതിമാര്‍ ആശുപത്രി വിട്ടു

Published

|

Last Updated

കോട്ടയം | കേരളത്തിന് ഇന്ന് ആശ്വാസ ദിനം. കോട്ടയത്ത് കൊവിഡ് 19 ബാധിച്ച വൃദ്ധ ദമ്പതിമാര്‍ ആശുപത്രി വിട്ടു. റാന്നിയിലെ ദമ്പതിമാരായ തോമസും (93) മറിയാമ്മയും (88) ആണ് അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. ഇന്ത്യയില്‍ത്തന്നെ കൊവിഡ് ഭേദമായ ഏറ്റവു പ്രായം കൂടിയവരാണ് ഇവര്‍. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് അഭിമാന നേട്ടമാണിത്. ഏറെ പ്രായം ചെന്നവരായതിനാല്‍ ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്നും രക്ഷിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ചേര്‍ന്ന് കഠിന പരിശ്രമം നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. മാര്‍ച്ച് എട്ടിനാണ് തോമസിനെയും മറിയാമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്.

കോട്ടയത്തെ ആരോഗ്യ പ്രവര്‍ത്തകക്കും ഇടുക്കിയില്‍ പൊതു പ്രവര്‍ത്തകനും രോഗം ഭേദമായെന്ന വാര്‍ത്തയും സംസ്ഥാനത്തിന് സന്തോഷം പകരുന്നതായി. റാന്നിയിലെ വൃദ്ധ ദമ്പതിമാരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകയും സുഖം പ്രാപിച്ചു. മൂന്നാമത്തെ സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവായ ഇവര്‍ ഉടന്‍ ആശുപത്രി വിടും. മാര്‍ച്ച് 24 നാണ് ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ചികിത്സ തുടങ്ങിയ ശേഷം നടത്തിയ മൂന്ന് പരിശോധനകളും നെഗറ്റീവാവുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെത് മികച്ച ചികിത്സയാണെന്ന് ആരോഗ്യ പ്രവര്‍ത്തക പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി ദമ്പതിമാരെ പരിചരിക്കുന്നതിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകക്കും അസുഖം ബാധിച്ചത്.