Connect with us

Editorial

കര്‍ണാടക നടപടി ഏകാധിപത്യം, പ്രാകൃതം

Published

|

Last Updated

കൊറോണ വൈറസ് ബാധ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് രാജ്യത്ത്. രോഗവ്യാപനത്തിന്റെ ഭീതിദമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൃത്യമായ മരുന്ന് ഇതുവരെ വികസിപ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച തടയുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് നമ്മുടെ മുമ്പിലുള്ള മാര്‍ഗം. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നീതിയുക്തവും മനുഷ്യാവകാശങ്ങളെ മാനിച്ചു കൊണ്ടുള്ളതുമായിരിക്കണം. അമിതാധികാര പ്രയോഗം അരുത്. രോഗ നിയന്ത്രണത്തിന്റെ പേരില്‍ കേരള- കര്‍ണാടക അതിര്‍ത്തിയിലെ റോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണമായും സ്തംഭിപ്പിച്ചത് അനുചിതവും അതിരുകടന്ന നടപടിയുമായിപ്പോയി. ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള ഈ റോഡുകള്‍ സ്വമേധയാ അടക്കാന്‍ സംസ്ഥാന സര്‍ക്കാറിനു യാതൊരു അവകാശവുമില്ല. ചരക്ക് ഗതാഗതം തടയരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ പ്രത്യേകം ഉണര്‍ത്തിയിട്ടുമുണ്ട്.
കേരളത്തില്‍ നിന്ന് കാസര്‍കോട്, വയനാട് ജില്ലകള്‍ വഴി കര്‍ണാടകയിലേക്കുള്ള റോഡുകളാണ് കര്‍ണാടക സര്‍ക്കാര്‍ അടച്ചത്. ഒരു ഉപഭോഗ സംസ്ഥാനമായ കേരളത്തിന്റെ ഭക്ഷ്യ ലഭ്യതയെയും രോഗ ചികിത്സയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി തുടങ്ങി കേരളത്തിലേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ ഏറെയും വരുന്നത് മാക്കൂട്ടം- കുടക് ചുരം റോഡ് വഴിയാണ്. ഈ റോഡില്‍ കര്‍ണാടക ഉദ്യോഗസ്ഥ മേധാവികള്‍ ഒരാള്‍ പൊക്കത്തില്‍ മണ്ണിട്ടതിനാല്‍ കാല്‍നട പോലും സാധ്യമാകാത്ത അവസ്ഥയാണ്. “നൂറ് കി.മീറ്ററോളം അധിക ദൂരം താണ്ടി മുത്തങ്ങ റോഡ് വഴിയാണ് ഇപ്പോള്‍ അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്നത്. ഇത് ചരക്ക് വരവിനു കാലതാമസവും വിലവര്‍ധനവും സൃഷ്ടിക്കുന്നു. രാജ്യത്ത് ചരക്ക് നീക്കം സ്തംഭിക്കില്ലെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നതാണ്. അതാണിപ്പോള്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെ ഭരിക്കുന്ന കര്‍ണാടക ലംഘിച്ചത്.

വടക്കന്‍ കേരളക്കാരില്‍ നല്ലൊരു വിഭാഗം വിദഗ്ധ ചികിത്സക്ക് മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിക്കാറുള്ളത്. കാസര്‍കോട്- മംഗലാപുരം റോഡ് അടച്ചതിനെ തുടര്‍ന്ന് ചികിത്സക്ക് മംഗലാപുരത്തെ ആശുപത്രികളില്‍ എത്തിക്കാനാകാതെ ആറ് പേര്‍ ഇതിനകം മരണപ്പെട്ടു. ദേലംപാടി പോലുള്ള ചില പ്രദേശങ്ങള്‍ അവശ്യ സാധനങ്ങള്‍ പോലും ലഭിക്കാതെ ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ പ്രദേശത്തിന്റെ ഒരുവശം പയസ്വനി പുഴയാണ്. മറ്റു മൂന്ന് ഭാഗവും കര്‍ണാടക അതിര്‍ത്തിയും. നിത്യോപയോഗ സാധനങ്ങള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കും ഇവിടത്തുകാര്‍ പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണാടകയിലെ ഈശ്വരമംഗലത്തെയായിരുന്നു. റോഡുകള്‍ അടച്ചതോടെ ഈശ്വരമംഗലത്തെത്താന്‍ സാധിക്കാതായി.
വിഷയത്തില്‍ കേരള ഹൈക്കോടതി ഇടപെട്ടതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- ഇരിട്ടി- മാനന്തവാടി- സര്‍ഗൂര്‍ – മൈസൂര്‍, കണ്ണൂര്‍- സുല്‍ത്താന്‍ബത്തേരി-ഗുണ്ടല്‍പേട്ട്- മൈസൂര്‍ എന്നീ രണ്ട് റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക സമ്മതിച്ചിട്ടുണ്ട്. അഭിഭാഷക അസോസിയേഷന്‍ നല്‍കിയ പൊതു താത്പര്യ ഹരജി വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കവെയാണ് കര്‍ണാടക സര്‍ക്കാറിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ പ്രഭു ലിംങ് നവാഡെ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍ കാസര്‍കോട് അതിര്‍ത്തി റോഡുകള്‍ ഇപ്പോള്‍ തുറക്കാനാകില്ലെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ നിലപാട്. ആശുപത്രിയിലേക്ക് പോകുന്ന രോഗികളെയെങ്കിലും ഈ റോഡുകളിലൂടെ കടത്തിവിടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും കര്‍ണാടക വഴങ്ങിയില്ല. മംഗലാപുരത്തെ ആശുപത്രികളില്‍ അമിത തിരക്ക് അനുഭവപ്പെടുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു എ ജിയുടെ പ്രതികരണം. കേരള ചീഫ് സെക്രട്ടറി ടോം ജോസ് കര്‍ണാടക ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും അതിര്‍ത്തി അടക്കില്ലെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നതാണ്. പക്ഷേ, വാഗ്ദാനം ലംഘിക്കപ്പെട്ടു.

ഇവ്വിഷയകമായി സംസാരിക്കുന്നതിന് കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണ്‍വഴി പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹം സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. പരിഷ്‌കൃത സമൂഹത്തിലെ ഭരണാധികാരിക്ക് യോജിച്ചതായില്ല ഈ സമീപനം. പിണറായിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകക്കാരനായ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ അധികാരപ്പെടുത്തിയെങ്കിലും അദ്ദേഹവും ഇപ്പോള്‍ യെദ്യൂരപ്പയുടെ മെഗാഫോണായി മാറി. മംഗളൂരുവിലെ മെഡിക്കല്‍ കോളജുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം കേരളത്തെ അറിയിച്ചത്. ദക്ഷിണ കന്നഡയിലെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം പിമാരുമെല്ലാം റോഡ് തുറക്കരുതെന്ന പക്ഷക്കാരാണ്.

രോഗബാധ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ കര്‍ണാടകക്ക് അവകാശമുണ്ട്. ഇതുപക്ഷേ, അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കാതെ തന്നെ നിര്‍വഹിക്കാവുന്നതല്ലേ? െബംഗളൂരുവിലും കല്‍ബുര്‍ഗിയിലും മറ്റും കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നേരത്തേ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ചില റോഡുകള്‍ കേരളം അടച്ചിരുന്നു. എങ്കിലും ഇതുവഴി യാത്രചെയ്യുന്നവരെ പരിശോധനക്കു വിധേയമാക്കി രോഗലക്ഷണമില്ലാത്തവരെ കടത്തി വിടാന്‍ സംവിധാനമേര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം അത്യാവശ്യ യാത്രക്കാര്‍ക്കും രോഗികള്‍ക്കും പ്രയാസം അനുഭവപ്പെട്ടില്ല. ഇതുപോലെ കര്‍ണാടക സര്‍ക്കാറിനും പരിശോധന വഴി കൊറോണ രോഗികളുടെ പ്രവേശനം തടഞ്ഞ് മറ്റു രോഗികളെയും അത്യാവശ്യ യാത്രക്കാരെയും കടത്തിവിടാനും ചരക്കുനീക്കത്തിനു തടസ്സം സൃഷ്ടിക്കാതിരിക്കാനും സാധിക്കും. ഇതിനു പകരം ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ഹനിക്കുന്നതും ഏകാധിപത്യപരവുമാണ്.