Connect with us

Covid19

കൊവിഡ് 19 : അനിശ്ചിതത്വം നീങ്ങുന്നതു വരെ ഹജ്ജ് കരാറുകളില്‍ ഒപ്പുവക്കരുതെന്ന് സഊദി മന്ത്രാലയം

Published

|

Last Updated

മക്ക | ലോകത്ത് കൊവിഡ് -19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ തീരുമാനം വരുന്നതു വരെ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായി കാത്തിരിക്കണമെന്ന് സഊദി ഹജ്ജ് മന്ത്രാലയം. വിശുദ്ധ ഹജ്ജ് കര്‍മ്മം റദ്ദാക്കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഉംറ കര്‍മ്മങ്ങളും ഇരു ഹറമുകളിലേക്കുമുള്ള തീര്‍ഥാടനവും താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.

കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്നതു വരെ കാത്തിരിക്കാനും ഹജ്ജ് തീര്‍ഥാടനം സംബന്ധിച്ച കരാറുകളില്‍ ഒപ്പുവക്കുന്നത് നീട്ടിവക്കാനും മുഴുവന്‍ രാജ്യങ്ങളോടും സഊദി ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്‍ ബിന്‍തന്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാലായിരുന്നു അഭ്യര്‍ഥന. കൊവിഡ് -19 വ്യാപനം കുറയുന്നതു വരെ ക്ഷമയോടെയിരിക്കണമെന്ന് എല്ലാ രാജ്യങ്ങളിലെയും മുസ്ലിം സഹോദരങ്ങളോടും ഞങ്ങള്‍ ആവശ്യപ്പെടുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 ലോകത്താകെ പടര്‍ന്നതോടെ സഊദിയിലേക്കുള്ള ഉംറ തീര്‍ഥാടനത്തിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. സഊദിയിലേക്ക് തീര്‍ഥാടനത്തിന് വരാന്‍ സാധിക്കാതിരുന്ന വിസ സ്റ്റാമ്പിങ് കഴിഞ്ഞ മുഴുവന്‍ ആളുകളുടെയും ഉംറ വിസയുടെ ഫീസ് മന്ത്രാലയം മടക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാല്‍ തീര്‍ഥാടനം പൂര്‍ത്തിയായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1,200 തീര്‍ഥാടകര്‍ക്ക് ഹജ്ജ് -ഉംറ മന്ത്രാലയം എല്ലാവിധ സഹായങ്ങളും നല്‍കിവരുന്നുണ്ട്. സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്നും “എബോള” വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ സമയത്ത് അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതായും മന്ത്രാലയം പറഞ്ഞു.