Connect with us

Articles

എന്ത് പലായനം, തൈമൂറല്ലേ പ്രധാനം!

Published

|

Last Updated

കൊറോണ വൈറസ് സാമൂഹിക വ്യാപനത്തിലൂടെ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഒരു നിര്‍ണായക സമയത്ത്, ഡല്‍ഹിയില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന ഹൃദയഭേദക കാഴ്ച കണ്ട് നടുങ്ങിനില്‍ക്കുകയാണ് നമ്മുടെ രാജ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഈ കുടിയേറ്റ തൊഴിലാളികള്‍ ഉള്ളതെല്ലാം കൈയിലെടുത്ത് കാല്‍നടയായി നടന്നുനീങ്ങുന്ന ഭയാനകമായ കാഴ്ചകള്‍ ലോകമറിയുന്നത് റോയിട്ടേഴ്‌സിന്റെ വാര്‍ത്താ ചിത്രങ്ങളിലൂടെയാണ്. രാജ്യത്തെ പ്രധാന വാര്‍ത്താ ചാനലുകള്‍ക്ക് പക്ഷേ, അതൊരു വാര്‍ത്ത ആയതേയില്ല. ഒരു തയ്യാറെടുപ്പുമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ടാണ് ഇത്രമേല്‍ അപകടകരമായ പലായനത്തിലേക്കും പ്രതിസന്ധിയിലേക്കും ഇന്ത്യ എത്തിയതെന്ന് അല്‍ജസീറ, ബി ബി സി, റോയിട്ടേഴ്‌സ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇന്ത്യന്‍ വാര്‍ത്താ ചാനലുകളിലെ പ്രൈംടൈം ചര്‍ച്ചകളില്‍ യഥാര്‍ഥ ഇന്ത്യയെ കാണിച്ചതേയില്ല.

ഭക്ഷണവും വെള്ളവും പണവുമില്ലാതെ അഞ്ഞൂറിലധികം കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീടുകളിലേക്ക് കാല്‍നടയായി പോകുന്ന പാവപ്പെട്ട തൊഴിലാളികളുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ വന്‍ ജനക്കൂട്ടമുണ്ടായി. തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാനെത്തിയ കുടിയേറ്റ തൊഴിലാളികളായിരുന്ന ഇവരില്‍ വലിയ വിഭാഗമാളുകളും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. വാഹനങ്ങള്‍ കിട്ടാതെ പതിനായിരങ്ങളാണ് പലായനം ആരംഭിച്ചത്. ജോലി നഷ്ടമായ ഇവരുടെ പക്കല്‍ നഗരത്തില്‍ തുടര്‍ന്ന് ജീവിക്കാനുള്ള വകയില്ല. പോലീസ് മര്‍ദനവും പട്ടിണിയും ക്ഷീണവും മറികടന്നാണ് ദിവസക്കൂലിക്കാരായ ഈ പാവങ്ങള്‍ കാല്‍നടയായി നീങ്ങുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര പ്രശ്‌നങ്ങളിലൊന്ന് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ച ഈ പലായനത്തെക്കുറിച്ചുള്ള വാര്‍ത്താ കവറേജുകള്‍ ഒട്ടുമിക്ക മുഖ്യധാരാ വാര്‍ത്താ ചാനലുകളും ഒഴിവാക്കിയത് പലായന ദുരിതത്തേക്കാള്‍ ഭേദകമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം ടൈംസ് നൗ ചാനലില്‍ രാത്രി പ്രൈംടൈമില്‍ സംപ്രേക്ഷണം ചെയ്തത് എഡിറ്റര്‍ നവിക കുമാര്‍ ബോളിവുഡ് നടനായ സെയ്ഫ് അലി ഖാനുമായി നടത്തിയ അഭിമുഖമാണ്. കുടുംബത്തോടൊപ്പം താന്‍ സമയം ചെലവഴിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു സംസാരം. രാജ്യം നേരിടുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചും ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും പൊതുജനത്തെ അറിയിക്കേണ്ട ഒരു സുപ്രധാന ഇംഗ്ലീഷ് വാര്‍ത്താ ചാനലിന്റെ അവസ്ഥയാണിത്. ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്യുന്നതിനിടയില്‍ സെയ്ഫ്-കരീന താരദമ്പതികള്‍ വീട്ടില്‍ വെച്ച് ഗിറ്റാര്‍ വായിക്കുന്നതിന്റെയും തൈമൂറിന് പാല്‍ കൊടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണിക്കാനും നവിക കുമാര്‍ പ്രത്യേകം ശ്രദ്ധിച്ചു. താരദമ്പതികളുടെ ഓമന പുത്രന്‍ തൈമൂര്‍ എങ്ങനെയാണ് ഈ ലോക്ക്ഡൗണിനെ നേരിടുന്നതെന്ന് ടൈംസ് നൗ വിവരിക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ഓട്ടത്തിലായിരുന്നു. പലരും പലായനത്തിന്റെ ഭീതിയിലും.
ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ദുരിതയാത്ര നടത്തുന്ന പതിനായിരങ്ങളുടെ കഷ്ടപ്പാടുകള്‍ കൃത്യമായി അവഗണിച്ച വാര്‍ത്താചാനലുകള്‍ പക്ഷേ കൊറോണ വൈറസിനെക്കുറിച്ച് ബോളിവുഡ് താരങ്ങളുടെ വിദഗ്ധാഭിപ്രായങ്ങള്‍ തകൃതിയായി എയര്‍ ചെയ്തു. സി എന്‍ എന്‍- ന്യൂസ് 18നിലെ ഭപേന്ദ്ര ചൗഭേ നടി പൂനം ദില്ലോനോട് ചോദിക്കുന്നത് നിങ്ങള്‍ എങ്ങനെയാണ് കൈ കഴുകുന്നത് എന്നാണ്. ഇതേ വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ നടന്‍ രണ്‍വീര്‍ ഷോറെ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നുണ്ടെന്നും ആരും പേടിക്കേണ്ടതില്ലെന്നുമാണ്. നടന്‍ നീല്‍ നിധിന്‍ മുകേഷ് ഗൃഹാതുരതയോടെ പഴയ ഹിന്ദി സിനിമാഗാനം പാടിയാണ് കൊറോണയെക്കുറിച്ചുള്ള തന്റെ സംസാരം തന്നെ തുടങ്ങുന്നത്. ഇംഗ്ലീഷ് ചാനലുകള്‍ക്ക് പുറമേ സീ ന്യൂസ്, റിപ്പബ്ലിക് ഭാരത്, ആജ് തക്, എ ബി പി ന്യൂസ്, ഇന്ത്യാ ടി വി ഉള്‍പ്പെടെയുള്ള ഹിന്ദി വാര്‍ത്താ ചാനലുകളിലും നിറഞ്ഞുനിന്നത് ബോളിവുഡ് നടീനടന്മാരും സെലിബ്രിറ്റികളും തന്നെയായിരുന്നു.

സര്‍ക്കാറിനെ സഹായിക്കുന്ന റിപ്പോര്‍ട്ടുകളും ടി പി ആര്‍ റേറ്റിംഗ് ലഭിക്കുന്ന പരിപാടികളും ആണ് നമ്മുടെ വാര്‍ത്താ ചാനലുകള്‍ക്ക് ആവശ്യം. അതിലപ്പുറം രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളോ ജനങ്ങളുടെ പട്ടിണിയോ ആരോഗ്യപ്രശ്‌നങ്ങളോ വാര്‍ത്താ റൂമുകളിലെ പ്രധാന വിഷയമേ ആകുന്നില്ല. അതുകൊണ്ടാണ് മിക്ക ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളിലും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്ക് പകരം ബോളിവുഡ് താരങ്ങള്‍ കൊറോണയെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നത്. തീര്‍ത്തും അപ്രധാനമായ ഉള്ളടക്കങ്ങള്‍ പ്രൈം ടൈം ചര്‍ച്ചയായി നമുക്ക് മുന്നിലെത്തുന്നത്. മികച്ച തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ദുരിതങ്ങള്‍ മുഴുവന്‍ സാധാരണക്കാരായ ആളുകള്‍ തോളിലേറ്റേണ്ടിവരികയും ചെയ്തിട്ടും മോദിസ്തുതി പാടുന്ന ചാനലുകള്‍ തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണ് ബലികഴിക്കുന്നത്. വിദേശ രാഷ്ട്രങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ഫ്‌ളൈറ്റുകള്‍ ചാര്‍ട്ട് ചെയ്ത കേന്ദ്ര സര്‍ക്കാറിന് പക്ഷേ രാജ്യതലസ്ഥാനത്തെ പലായന പ്രതിസന്ധിയില്‍ ഒന്നും ചെയ്യാനാകാതെ വരുന്നതാണ് വാര്‍ത്ത. ഇരുന്നൂറ് കിലോമീറ്റര്‍ നടന്ന് വീടണയാതെ വഴിമധ്യേ വിശപ്പുകൊണ്ട് മരിച്ചുവീണ ദിവസവേതനത്തൊഴിലാളിയാണ് വാര്‍ത്ത. കൊറോണ ഭീതി പടരുന്നതിനിടയില്‍ ഇത്രയധികം ആളുകള്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ പലായനം ചെയ്യുന്നതാണ് വാര്‍ത്ത. ഒരേ പ്രതിസന്ധിയില്‍ രാജ്യത്തെ പണക്കാര്‍ക്ക് ലഭിക്കുന്ന പ്രിവിലേജ് പാവപ്പെട്ടവര്‍ക്കില്ല എന്നതാണ് വാര്‍ത്ത.
ചില ഇന്ത്യന്‍ മാധ്യമങ്ങളെങ്കിലും ഈ വാര്‍ത്തകള്‍ അറിഞ്ഞു എന്നതുതന്നെ വലിയൊരാശ്വാസമാണ്. എന്‍ ഡി ടി വിയിലെ രവീഷ്‌കുമാറും മോജോയിലെ ബര്‍ഖാദത്തും ഡല്‍ഹി കൂട്ട പലായനം നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളായ ദി വയര്‍, സ്‌ക്രോള്‍, ദി ക്വിന്റ്, ന്യൂസ് ലോണ്‍ട്രി, ദി കാരവന്‍ മാഗസിന്‍ എന്നിവയും പലായനത്തിന്റെ ഭീകരത ജനങ്ങളിലെത്തിച്ചു.

കൊറോണയെ പ്രതിരോധിക്കുന്നതില്‍ രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ മാധ്യമങ്ങളും ഇക്കാര്യത്തില്‍ അഭിമാനകരമായ വാര്‍ത്തകള്‍ തന്നെ നല്‍കി. രാജ്യത്ത് ഇത്രമേല്‍ വലിയ പ്രശ്‌നങ്ങള്‍ സാധാരണക്കാരായ ആളുകള്‍ നേരിടുന്ന ഈ നിര്‍ണായക സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാനില്ല എന്ന തലക്കെട്ടില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് ഒരുപക്ഷേ നാം വര്‍ഷങ്ങളായി കൊട്ടിഘോഷിക്കുന്ന വാര്‍ത്താ ചാനലുകളേക്കാള്‍ എന്തുകൊണ്ടും ഭേദം.

മുംബൈ ഉള്‍പ്പെടെയുള്ള മറ്റു നഗരങ്ങളില്‍ നിന്ന് ദിവസവേതന തൊഴിലാളികള്‍ കൂട്ടമായി പലായനം തുടങ്ങിയിട്ടുണ്ട്. കഠിന തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു എന്നും പൊതുജനങ്ങള്‍ക്ക് നേരിട്ട അസൗകര്യങ്ങളില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 21 ദിവസത്തെ ലോക്ക്ഡൗണിന് ഒരാഴ്ച പിന്നിടുമ്പോഴാണ് മോദിയുടെ ക്ഷമാപണം. തന്റെ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ: “സാധാരണ ജനങ്ങള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കിയ ചില ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഈ കാല്‍വെപ്പുകള്‍ നിങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ്. എന്ത് പ്രധാനമന്ത്രിയാണ് താന്‍ എന്ന് ജനങ്ങള്‍ ആലോചിക്കുന്നുണ്ടാകും.” തീര്‍ച്ചയായും. വേണ്ടത്ര മുന്നൊരുക്കമോ ആസൂത്രണമോ ഇല്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും അതുവഴി പലായനം ഉള്‍പ്പെടെയുള്ള പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും എന്ത് പ്രധാനമന്ത്രിയാണിതെന്ന് ആലോചിക്കുന്നുണ്ടാകും.

നാടണയാന്‍ ജീവനും കൊണ്ടോടുന്ന ഓരോ പൗരനും അടിസ്ഥാന മനുഷ്യാവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഇവരുടെ മൗലികാവകാശവും അഭിമാനവും ഹനിക്കപ്പെട്ടുകഴിഞ്ഞു. ജീവിക്കാനുള്ള അവകാശം പോലും ധ്വംസിക്കപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട ഒരു ജനാധിപത്യ സര്‍ക്കാറും പൗരന്മാരെ ഇത്തരത്തില്‍ ദുരിതക്കയത്തില്‍ തള്ളില്ല. ചൈനയില്‍ ജനുവരി 21ന് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി 23ന് തന്നെ ചൈനയിലെ വിവിധ പ്രദേശങ്ങള്‍ ലോക്ക്ഡൗണായി. അതും മികച്ച തയ്യാറെടുപ്പുകളോടെ. ഒരു മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വരുന്ന ലോക്ക്ഡൗണില്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന മുഴുവന്‍ വെല്ലുവിളികളും മുന്നില്‍ കണ്ടായിരുന്നു ചൈന ലോക്ക്ഡൗണിലേക്ക് നീങ്ങിയത്.

ജനുവരി 24ന് കൊറോണ വൈറസ് അന്തര്‍ദേശീയ ഭീഷണിയാണെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കി. പല യൂറോപ്യന്‍ രാജ്യങ്ങളിലും യാത്രാവിലക്കുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരം വെളുത്തത് മാര്‍ച്ച് 22ന് മാത്രം. അതും മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാത്ത ഒരു പ്രഖ്യാപനം. തയ്യാറെടുപ്പുകള്‍ നടത്താന്‍ അത്രയും വലിയ സമയം രാജ്യത്തിന് ലഭിച്ചിട്ടും ഒന്നും ചെയ്യാത്ത സര്‍ക്കാറാണ് നമ്മുടേത്. ഇപ്പോള്‍ രാജ്യത്തുണ്ടായ കൂട്ട പലായനങ്ങള്‍ സര്‍ക്കാറിന്റെ അശാസ്ത്രീയമായ മാനേജ്‌മെന്റിന്റെ പരിണതി മാത്രമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരും ആഗോള മാധ്യമങ്ങളും പറഞ്ഞുകഴിഞ്ഞു. ഈ വസ്തുതകള്‍ ഒന്നും കാണാതെയാണ് ഒരു ചോദ്യം പോലും ചോദിക്കാതെ ശീലിച്ച അനുസരണയുള്ള വാര്‍ത്താ ചാനലുകള്‍ നടീനടന്മാരുടെ ഇക്കിളി വാര്‍ത്തകളുമായി ന്യൂസ് റൂമുകളിലെത്തുന്നത്.

Latest