Connect with us

Socialist

ആ സുന്നിയല്ല, ഈ സുന്നി...

Published

|

Last Updated

പ്രശ്‌നത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നേയില്ല. പദങ്ങളിലെ ഒരു കണ്‍ഫ്യൂഷനെ കുറിച്ച് മാത്രമാണ് പറയുന്നത്. തബ്‌ലീഗ് ജമാഅത്തിനെ സുന്നി ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റ് എന്നാണ് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വ്യവഹരിക്കപ്പെടുന്ന സുന്നിയുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ല. ആഗോള, അക്കാദമിക സമൂഹം മുസ്‌ലിംകളെ ഒറ്റയടിക്ക് രണ്ടായി പിളര്‍ത്തുകയാണ് പതിവ്- ശിയാ, സുന്നി. ശിയാ അല്ലാത്തതെല്ലാം അവര്‍ക്ക് സുന്നിയാണ്. ആ അര്‍ഥത്തിലാണ് തബ്‌ലീഗ് ജമാഅത്ത് സുന്നിയായി മാറുന്നത്.

പരമ്പാരഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, സൂഫി ധാരയിലുള്‍പ്പെട്ടവരെയാണ് യഥാര്‍ഥത്തില്‍ സുന്നി എന്ന് വിളിക്കേണ്ടത്. എന്നാല്‍, ഈ ആശയ അടിത്തറക്ക് പുറത്ത് നില്‍ക്കുന്ന സലഫികള്‍, ഇസ്‌ലാമിസ്റ്റുകള്‍ തുടങ്ങിയവരെ മുകളില്‍ സൂചിപ്പിച്ച ശിയേതരമെന്ന നിലയില്‍ സുന്നി എന്ന് തെറ്റായി വിശേഷിപ്പിക്കുന്നു. ഉദാഹരണം ഇവിടെ ഉചിതമാണോ എന്ന ഭയമുണ്ട്. എങ്കിലും പറയാം. ഐ എസ് ഭീകരര്‍ ആഗോള മാധ്യമങ്ങള്‍ക്ക് സുന്നിയാണ്. അല്‍ഖാഇദ, അന്നുസ്‌റ, അല്‍ ശബാബ്, ബോക്കോ ഹറാം, ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ തുടങ്ങിയവയെല്ലാം “സുന്നി”യെന്ന തലക്കെട്ടിന് താഴെയാണല്ലോ കാണാറുള്ളത്.

തബ്‌ലീഗ് ജമാഅത്തിനെ അതിന്റെ തുടക്കം മുതലേ കേരളത്തിലെ സുന്നി പണ്ഡിതര്‍ രൂക്ഷമായി വിമര്‍ശിച്ചു വരുന്നു (എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പുസ്തകം നിര്‍ദേശിക്കുന്നു). മലയാള പത്രങ്ങളില്‍ ചിലത് “നിസാമുദ്ദീന്‍ ദര്‍ഗയിലെ പള്ളിയില്‍ തമ്പടിച്ചവര്‍” എന്ന് പ്രയോഗിച്ചതായി കണ്ടു. ദര്‍ഗയുമായി ഈ വിഭാഗത്തിന് ഒരു ബന്ധവുമില്ല. അവിടെ പോയാല്‍ കാണാനാകും. ദര്‍ഗക്കടുത്ത് തബ്‌ലീഗ് ജമാഅത്തിന്റെ ഓഫീസുണ്ട്. അത്രയേ ഉള്ളൂ.

ഇനി “മര്‍കസ് നിസാമുദ്ദീന്‍” എന്നതിലെ മര്‍കസ് എന്ന വാക്കാണ്. എല്ലാവര്‍ക്കുമറിയാം അതിന് കേരളത്തിലെ മര്‍കസുമായി ഒരു ബന്ധവുമില്ലെന്ന്. എന്നാലും ചില ശുദ്ധഗതിക്കാര്‍ (ബോധപൂര്‍വമാകാം) അതുതാനല്ലയോ ഇതെന്ന് തട്ടിവിടുന്നുണ്ട്. “സെന്റര്‍” അഥവാ “കേന്ദ്രം” എന്നാണ് മര്‍കസ് എന്ന പദത്തിന് അര്‍ഥം. മര്‍കസ്സുഖാഫത്തി സുന്നിയ്യയാണ് കാരന്തൂരിലുള്ളത്. സുന്നി കള്‍ച്ചറല്‍ സെന്റര്‍.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest