Covid19
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു | കര്‍ണാടകയില്‍ കൊവിഡ് സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരോട് ഓരോ മണിക്കൂറിലും സെല്‍ഫി എടുത്ത് അയക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം. സെല്‍ഫി അയക്കാത്തവരെ സര്‍ക്കാറിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
ഓരോ മണിക്കൂറിലും (രാത്രി 10 നും രാവിലെ 7 നും ഇടയില്‍ ഒഴികെ) സെല്‍ഫി അയക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ. സുധാകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സെല്‍ഫി അയച്ചില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും അവ െസര്‍ക്കാറിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും.
ഹോംക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ അയയ്ക്കുന്ന ഓരോ സെല്‍ഫിയും ഒരു ഫോട്ടോ വെരിഫിക്കേഷന്‍ ടീം പരിശോധിക്കും. അതിനാല്‍, തെറ്റായ ഫോട്ടോകള്‍ അയച്ചാല്‍ പിടി വീഴും.
നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കാന്‍ എത്തുന്ന മെഡിക്കല്‍ ടീമും വ്യക്തികളുടെ ഫോട്ടോ പ്രത്യേക ആപ് വഴി ശേഖരിച്ച് സര്‍ക്കാറിന് കൈമാറും.