Connect with us

Covid19

അബൂദബിയില്‍ വാഹനത്തിലിരുന്നു തന്നെ കൊവിഡ് പരിശോധന നടത്താം

Published

|

Last Updated

അബൂദബി | വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ കൊവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കി അബൂദബി. ആരോഗ്യ വിഭാഗമാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പരിശോധനാ കേന്ദ്രം അബൂദബിയില്‍ തുറന്നത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ കൊവിഡ് പരിശോധന നടത്താമെന്നതാണ് പുതിയ കേദ്രത്തിന്റെ പ്രത്യേകത.

അബൂദബി ശൈഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലാണ് പരിശോധനാ കേന്ദ്രം. അബൂദബി ആരോഗ്യ വിഭാഗവും അബൂദബി ഹെല്‍ത്ത് സര്‍വീസ് കമ്പനിയായ സേഹയും ചേര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. അഞ്ചു മിനിട്ട് പരിശോധന കൊണ്ട് വൈറസ് ബാധ അറിയാനാകും. പരിശോധനാ ഫലം എസ് എം എസ് വഴിയോ സേഹ ആപ്പ് വഴിയോ ആളുകളിലേക്ക് എത്തിക്കും. പരിശോധനാ കേന്ദ്രത്തിലേക്ക് വാഹനത്തില്‍ തന്നെ പ്രവേശിക്കാവുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പരിശോധനാ സമയം. ദിവസേന 600 ലധികം ആളുകളില്‍ പരിശോധന നടത്താനാകും. കൊവിഡ് 19 രോഗലക്ഷണമുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് മുന്‍ഗണന. വാഹനങ്ങള്‍ക്കായി നാലു ട്രാക്കുകള്‍ ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest