Connect with us

Articles

കൊറോണക്കാലത്തെ സ്വകാര്യത

Published

|

Last Updated

ചൈനയിലെ വുഹാനില്‍ നിന്ന് തുടങ്ങി ലോകത്തെ വിറപ്പിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് കൊവിഡ് 19. കൊറോണ വൈറസിനെ ചൈനയുമായി ചേര്‍ത്തു പറഞ്ഞ് തരംതാണ ചൈനാവിരുദ്ധ വംശീയാക്രമണത്തിന് തുനിഞ്ഞിറങ്ങിയ ഡൊണാള്‍ഡ് ട്രംപും ഒരുവിധം പത്തിമടക്കിയിരിക്കുന്നു. അപ്പോഴും ട്രംപിന് തുല്യരായ വലതുപക്ഷ വര്‍ഗീയ വംശീയവാദികളായ രാഷ്ട്രത്തലവന്‍മാര്‍ വളര്‍ത്തിയെടുത്ത വിഭജനത്തിന്റെയും അപരദ്വേഷത്തിന്റെയും കൊറോണക്കാലത്തെ പതിപ്പുകള്‍ സൂക്ഷ്മദൃഷ്ടിയില്‍ പതിയുന്നുണ്ട്. അത് വൈറസ് ബാധിച്ചവരോടും നിരീക്ഷണത്തില്‍ കഴിയുന്നവരോടും പ്രകടിപ്പിക്കപ്പെടുന്ന ശത്രുതാമനോഭാവത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പൗരന്‍മാരുടെ സ്വകാര്യതക്കുള്ള അവകാശം ഏത് വിധമാണ് പ്രസക്തമാകുന്നത് എന്ന് പരിശോധിക്കാനാണിവിടെ താത്പര്യപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊവിഡ് 19നെ തുരത്താനുള്ള ഏറ്റവും സുപ്രധാന പാതയില്‍ പ്രവേശിച്ചിരിക്കുകയാണ് നാം. അതോടെ സംസ്ഥാന സര്‍ക്കാറുകള്‍ കടുത്ത നിയന്ത്രണങ്ങളും കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വിവിധ രീതിയിലുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. അതിനിടെ കര്‍ണാടകയില്‍ നിന്ന് ആശ്വാസകരമല്ലാത്ത ഒരു വാര്‍ത്തയുണ്ട്. കൊവിഡ് 19 ബാധിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വ്യക്തിവിവരങ്ങളും വിലാസവും മാര്‍ച്ച് 24ന് കര്‍ണാടക സര്‍ക്കാര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. ബംഗളൂരുവില്‍ നിന്ന് മാത്രം 14,000ത്തില്‍ അധികം ആളുകളുടെ പേരും വിലാസവുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പൗരന്‍മാരുടെ സ്വകാര്യതയെ നിഷേധിക്കുന്ന ദൂരവ്യാപക ഭവിഷത്തുണ്ടാക്കുന്ന നടപടിയാണിത്.

2018 സെപ്തംബര്‍ 26ന് സുപ്രീം കോടതി വിധിപറഞ്ഞ ആധാര്‍ കേസ് സ്വകാര്യത മൗലികാവകാശമാണെന്ന് അടിവരയിട്ട, നീതിന്യായ ചരിത്രത്തില്‍ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന നിയമ വ്യവഹാരമാണ്. കൊവിഡ് 19 ബാധിതരുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടി 14, 19, 21 എന്നീ ഭരണഘടനാനുഛേദങ്ങളുടെ ബലത്തില്‍ പ്രഥമദൃഷ്ട്യാ മൗലികാവകാശ ലംഘനമാണ്.

എന്നാല്‍ സ്വകാര്യതക്കുള്ള അവകാശം സമ്പൂര്‍ണവും നിരുപാധികവുമായ അവകാശമല്ലെന്നത് പ്രസ്താവ്യമാണ്. ഭരണഘടനാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി ഉപാധികളോടെ എക്‌സിക്യൂട്ടീവിന് നിയന്ത്രിക്കാന്‍ കഴിയും ഈ മൗലികാവകാശത്തെ. പക്ഷേ, അതിന് നിയമപരമായ നടപടിക്രമങ്ങളുടെ പിന്‍ബലം വേണം. നിയമനിര്‍മാണ സഭയില്‍ പാസ്സാക്കിയ ഒരു നിയമത്തിന്റെ കരുത്ത് കൊണ്ടല്ലാതെ സ്വകാര്യതക്കുള്ള മൗലികാവകാശത്തെ ഉല്ലംഘിക്കുന്ന ഒരു നടപടിയും നിയമവിധേയമാകില്ല. പകര്‍ച്ചവ്യാധി നിയമം 1897, ദേശീയ ദുരന്തനിവാരണ നിയമം 2005 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി വ്യാപനവും പ്രതിരോധവും സംബന്ധമായ നിയമ സംഹിതകളിലൊന്നിലും പകര്‍ച്ചവ്യാധി ബാധിതരുടെ വ്യക്തിവിവരങ്ങള്‍ പൊതു ഇടങ്ങളില്‍ വെളിപ്പെടുത്തുന്നതിനുള്ള വകുപ്പില്ലെന്നിരിക്കെ കര്‍ണാടക സര്‍ക്കാര്‍ നടപടി സോദ്ദേശ്യപരമെങ്കിലും അമിതാധികാര പ്രയോഗമാണെന്ന് പറയാതെ വയ്യ.

പൗര സാകല്യത്തിന് പൊതുവിലും ഇരകള്‍ക്ക് വിശേഷിച്ചും സ്വകാര്യതക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട് നമ്മുടെ നിയമ വ്യവസ്ഥ. ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്ന ഇരകളുടെ പേരോ തിരിച്ചറിയാന്‍ സഹായകമാകുന്ന മറ്റു വിവരങ്ങളോ വെളിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കരുതുന്നതാണ് നമ്മുടെ നീതിബോധം.
കൊവിഡ് 19 ബാധിച്ചവരും നിരീക്ഷണത്തില്‍ കഴിയുന്നവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും തടയാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ സാധ്യമായ മാര്‍ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായത് സമ്പര്‍ക്ക വിലക്കാണ് എന്ന നിലയില്‍ ഭരണകൂടങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണ്. നിരീക്ഷണത്തിലുള്ളവരുടെ ശരീരത്തില്‍ മുദ്ര പതിപ്പിച്ചും പാര്‍പ്പിടങ്ങളില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിച്ചും കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതുവഴി സമ്പര്‍ക്ക വിലക്കിനും രോഗബാധിതര്‍ക്ക് പ്രത്യേക പരിചരണത്തിന് സൗകര്യപ്പെടുത്താനും സാധിക്കും. പ്രത്യുത കൊറോണ ഇരകളുടെ സ്വകാര്യതയിലേക്ക് വല്ലാതെ ടോര്‍ച്ചടിച്ചു നോക്കുന്ന സമീപനവുമല്ലിത്. അത്തരമൊരു ബദല്‍ മാര്‍ഗം തുറന്നു കിടക്കുമ്പോള്‍ പൗരന്റെ സ്വകാര്യതക്ക് പുല്ലുവില കല്‍പ്പിക്കാത്ത നടപടി നീതീകരിക്കാന്‍ കഴിയാത്തതാണ്.

പൗരന്‍മാരുടെ വിവര സംരക്ഷണത്തിന് നിയമം വേണമെന്ന് ആധാര്‍ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നിര്‍ദേശിച്ചിരുന്നു. അങ്ങനെയൊരു നിയമ നിര്‍മാണത്തിന് പാര്‍ലിമെന്റ് ഇതേവരെ മുന്നോട്ടു വന്നിട്ടില്ലെന്നിരിക്കെ പൊതുമണ്ഡലത്തില്‍ ലഭ്യമായ കൊറോണ വൈറസ് ബാധിതരുടെ വ്യക്തി വിവരങ്ങള്‍ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട്. രോഗബാധയാല്‍ ഹതാശരും ദുര്‍ബലരുമായിത്തീരുന്ന പാവങ്ങള്‍ ഒറ്റപ്പെടലിന്റെയും മാറ്റിനിര്‍ത്തലിന്റെയും കഠിന വ്യഥയനുഭവിക്കേണ്ടിവരും അവര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുക കൂടി ചെയ്താല്‍. സാമൂഹിക മുഖ്യധാരയുടെ പൊതുക്രമത്തില്‍ നിന്ന് പല തരത്തിലും അരികുവത്കരിക്കപ്പെടുന്നവര്‍ വേട്ടയാടപ്പെടുന്ന ആപത്കരമായ പ്രവണത സമൂഹഗാത്രത്തില്‍ ദൃഢമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്ക് വൈറസ് ബാധിതര്‍ ഇരകളാക്കപ്പെടില്ലെന്ന് ആര് കണ്ടു.

അവര്‍ മാത്രമല്ല, പരിചരിച്ച ഡോക്ടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും പല വിധേനെ ഉപദ്രവിക്കപ്പെടും. സ്വന്തം ജീവന്‍ പണയം വെച്ച് നാടിനു കൈത്താങ്ങാകുന്നവരാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. വാങ്ങുന്ന വേതനത്തിന് തൂക്കമൊപ്പിക്കുന്നവരല്ല അവര്‍. നമ്മള്‍ തോറ്റുപോകുമെന്ന് കരുതുന്ന ആപത് സന്ധിയിലും രക്ഷകരായി അവതരിക്കുന്ന ആതുര ശുശ്രൂഷകരെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരാക്രമത്തിന് അവസരം പാര്‍ത്തുനടക്കുന്നവര്‍ക്ക് മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുന്ന കൃത്യമാണ് കൊറോണ വൈറസ് ബാധിതരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ കര്‍ണാടക സര്‍ക്കാര്‍ ചെയ്തത്.

വേട്ടയാടല്‍ എന്ന് അവസാനിക്കുമെന്നും പറയാനൊക്കില്ല. കാണാതായ ആളെത്തേടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ നല്‍കുന്ന സചിത്ര വിവരങ്ങള്‍ പലരെയും വിടാതെ പിന്തുടരുന്നത് നമുക്ക് ഒരു കൗതുകമായി തോന്നാറുണ്ട്. ആളെക്കിട്ടിയാലും അരങ്ങില്‍ കണ്ടവര്‍ കണ്ടവര്‍ “കൈയോടെ പിടികൂടി” വീട്ടിലേല്‍പ്പിച്ചു കൊണ്ടേയിരിക്കും. ഇതുപോലെ കൊവിഡ് 19 ബാധിതര്‍ കാലാകാലം വെറുപ്പിന് പാത്രീഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് സമാശ്വസിക്കാം.

ഒരുവേള ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍ കാലാന്തരത്തിലും മറ്റുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും വിധം നിലനില്‍ക്കുന്നു. ഒരുപക്ഷേ, ജീവിച്ചിരിക്കുന്ന കാലമത്രയും പൗരന്റെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം വരുത്തുന്ന ദൂരവ്യാപക ഫലസൃഷ്ടിയായ ഒരു ഇടപെടലായിപ്പോയി കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത്.
നമ്മുടെ നീതിന്യായ കാഴ്ചപ്പാടില്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നില്ല. നാടൊന്നാകെ കൊറോണക്ക് കീഴടങ്ങി ചക്രശ്വാസം വലിക്കുന്നത് ഒഴിവാക്കാന്‍ ഭരണകൂടം സുചിന്തിത നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്.

ഉത്തമ വിശ്വാസത്തോടെയാണെങ്കില്‍ പോലും പൗരന്‍മാരുടെ മൗലികാവകാശത്തെ കാറ്റില്‍ പറത്തിയ ഭരണകൂട നടപടിക്ക് നിയമസാധുതയില്ല. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്യുമ്പോള്‍ മരിക്കുമെന്ന് കരുതി ഒരു പുരോഗമന ജനാധിപത്യ ഭരണകൂടത്തിന് പൗരന്‍മാരെ കൊലക്ക് കൊടുക്കാനാകില്ലല്ലോ. ഭീമാകാരനായ വൈറസിനെ ഒന്നിച്ചു നിന്ന് നമുക്ക് തുരത്താനാകും. അതേസമയം, പൗരന്റെ സ്വകാര്യതയിലേക്ക് എക്‌സിക്യൂട്ടീവിന് പഴുത് നല്‍കിയാല്‍ ഒരുപക്ഷേ അത് വീണ്ടെടുക്കാനായില്ലെന്ന് വരാം.

---- facebook comment plugin here -----

Latest