Connect with us

Editorial

കൊവിഡിനെ നേരിടാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം

Published

|

Last Updated

ആഗോള മഹാമാരിയായിക്കഴിഞ്ഞ കൊവിഡ് 19 ശമനമില്ലാതെ പരക്കുകയാണ്. മിക്ക രാജ്യങ്ങളും അതിന്റെ കെടുതി അനുഭവിക്കുന്നു. രോഗവ്യാപനത്തിന്റെ സാമ്പത്തിക, സാമൂഹിക ആഘാതം വിവരണാതീതമാണ്. മനുഷ്യന്‍ ഓരോ നിമിഷവും നിസ്സഹായനായിക്കൊണ്ടിരിക്കുന്നു. പ്രതിരോധ വാക്‌സിനോ ഫലപ്രദമായ ഔഷധമോ കണ്ടെത്താനുള്ള ശ്രമം വിജയത്തിലെത്തിയിട്ടില്ല. ഇങ്ങനെ പോയാല്‍ ഏറ്റവും വികസിതമായ രാജ്യത്ത് പോലും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത രൂക്ഷമാകും. ഐ സി യുകള്‍ തികയാതെ വരും. വെന്റിലേറ്ററുകളുടെ ക്ഷാമം ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരെ രോഗം കടന്നാക്രമിക്കുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകും. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞിരിക്കുന്നു. 6,80,557 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. ഇവരില്‍ ഒരു ലക്ഷത്തിലധികം പേര്‍ യു എസിലാണ്. യു എസില്‍ മാത്രം 1,23,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,229 പേരാണ് യു എസില്‍ മാത്രം മരിച്ചത്. ലോകത്തെ ആകെ മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.

രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയും ചൈനയെ മറികടന്നിരിക്കുന്നു. 86,498 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. സ്പെയിനില്‍ കൊവിഡ് ബാധിച്ച് അയ്യായിരത്തിലധികം പേര്‍ മരിച്ചിരിക്കുന്നു. ഇറാനില്‍ മരണം 2,500 കവിഞ്ഞു. 53,340 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. 399 പേരാണ് മരിച്ചത്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം കൊവിഡ് പിടിയിലാണ്. അറബ് രാജ്യങ്ങളിലും കൊറോണ ഭീഷണിയായി പടരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗവ്യാപനത്തില്‍ അല്‍പ്പം ശമനമുള്ളത്. പ്രതിസന്ധി ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമല്ലെന്നാണ് ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്. രാഷ്ട്രീയമായി വരച്ചു വെച്ച അതിര്‍ത്തികളെല്ലാം മഹാമാരിക്ക് മുമ്പില്‍ അപ്രസക്തമാകുകയാണ്. രോഗത്തിന് മുമ്പില്‍ പണ്ഡിതനും പാമരനുമില്ല. ഉള്ളവനും ഇല്ലാത്തവനുമില്ല. ഏത് ഉന്നത സ്ഥാനീയനെയും രോഗം കീഴടക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ചാള്‍സ് രാജകുമാരനും രോഗഗ്രസ്തരായി. ബ്രസീല്‍ പ്രസിഡന്റ് നിരീക്ഷണത്തിലാണ്. ഉന്നതരായ നയതന്ത്ര പ്രതിനിധികളെല്ലാം രോഗഭയം കൊണ്ട് ഐസൊലേഷനില്‍ കഴിയുകയാണ്. മനുഷ്യവംശത്തെ ഒന്നാകെ ബാധിക്കുന്ന വിഷയമാണ് ഇത്. അതുകൊണ്ട് എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്.

കൊവിഡ് ബാധ ഓരോ രാജ്യത്തിന്റെയും ശക്തി ദൗര്‍ബല്യങ്ങളെ വെളിച്ചത്തു കൊണ്ടുവരികയാണ്. അതത് രാജ്യങ്ങളിലെ ഭരണാധികാരികളുടെ കഴിവും ദീര്‍ഘവീക്ഷണവും പ്രജാതത്പരതയും ഇവിടെ പരീക്ഷിക്കപ്പെടുകയാണ്. വികസിതമെന്ന് കേളി കേട്ട രാജ്യങ്ങളൊന്നും അത്രക്ക് വികസിതമല്ലെന്നും കഴിവുറ്റവരും അതിശക്തരുമെന്ന് പ്രശംസിക്കപ്പെട്ട പലരും അത്ര കാര്യക്ഷമതയുള്ളവരല്ലെന്നും കൊവിഡ് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഈ പൊളിച്ചെഴുത്ത് പ്രധാനമായും സംഭവിച്ചത് അമേരിക്കയിലാണ്. ഒരു നിയന്ത്രണവുമില്ലാതെ രോഗം പരക്കുകയാണ് അവിടെ. ഇപ്പോഴും യു എസ് പ്രസിഡന്റ് പറയുന്നത് ലോക്ക്ഡൗണ്‍ വേണ്ടെന്നാണ്. യാത്രാ നിയന്ത്രണം മതിയത്രേ. എന്താണ് അദ്ദേഹത്തിന്റെ യുക്തിയെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. ചൈനയെ രക്ഷിച്ചത് ലോക്ക്ഡൗണാണ്. തുടക്കത്തിലേ ലോക്ക്ഡൗണിലേക്ക് പോയിരുന്നുവെങ്കില്‍ അമേരിക്കക്കും കാര്യങ്ങള്‍ വരുതിയിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ട്രംപ് ഊന്നല്‍ നല്‍കിയത്. ലോക്ക്ഡൗണ്‍ വന്നാല്‍ സാമ്പത്തിക ആഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹത്തിനറിയാം.

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് 2003ലെ സാര്‍സിന്റെ അനുഭവമുണ്ടായിരുന്നു. അതുകൊണ്ട് അവ തുടക്കത്തിലേ രോഗത്തിന്റെ ചെയിന്‍ മുറിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം ട്രംപിനെയും വിദഗ്ധര്‍ ഉപദേശിച്ചതാണ്. അദ്ദേഹം ചെവികൊണ്ടില്ല. ഇന്ന് കാണുന്ന ഞെട്ടിക്കുന്ന രോഗവ്യാപന കണക്കുകളില്‍ ഭരണത്തലവനെന്ന നിലയില്‍ ട്രംപിന് ഉത്തരവാദിത്തമുണ്ടെന്നര്‍ഥം. ചൈനയില്‍ പത്ത് ലക്ഷത്തിന് 57 പേര്‍ എന്നതാണ് കൊവിഡ് ബാധയുടെ നിരക്ക്. ഹോങ്കോംഗില്‍ അത് 60ഉം തായ്‌വാനില്‍ 11ഉം സിംഗപ്പൂരില്‍ 117ഉ ജപ്പാനില്‍ 11ഉം കൊറിയയില്‍ 180ഉം ആണ്. എന്നാല്‍ യു എസില്‍ ഇത് 260 എന്ന നിലയിലാണ് കുതിക്കുന്നത്.

സാധാരണഗതിയില്‍ ഉത്തര കൊറിയക്കും ചൈനക്കും ചിലപ്പോള്‍ ഇറാനുമൊക്കെ എതിരില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉന്നയിക്കാറുള്ള വിമര്‍ശം ഇപ്പോള്‍ ഏറ്റവും നന്നായി ഇണങ്ങുന്നത് യു എസ് പ്രസിഡന്റിനാണ്. പൊതുവായ പരിശ്രമങ്ങളോട് മുഖം തിരിക്കുന്നുവെന്നതാണ് ആ വിമര്‍ശം. കൊവിഡ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്, “അത് ചൈനീസ് വൈറസ്” ആണ് എന്നായിരുന്നു. അമേരിക്കയെ ഒരു നിലക്കും വൈറസ് പ്രതിസന്ധിയിലാക്കില്ലെന്നും നേരിടാന്‍ സജ്ജമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വീമ്പ്. പക്ഷേ, ഒടുവില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിരിക്കുന്നു. മിനിമം സജ്ജീകരണങ്ങള്‍ പോലും തന്റെ രാജ്യത്തില്ലെന്ന സത്യം ലോകം അറിഞ്ഞതിന്റെ ജാള്യത്തിലാണ് അദ്ദേഹം.

ഏതായാലും ചൈനീസ് പ്രസിഡന്റുമായി സംസാരിക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് സന്നദ്ധത അറിയിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ അനുഭവവും അറിവും സാങ്കേതിക വിദ്യയും കൈമാറുകയും ഒറ്റക്കെട്ടായി പരിഹാരം തേടുകയുമാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്. താന്‍പോരിമ കാണിക്കാനുള്ള സമയമല്ല ഇത്. പുതിയ ചികിത്സാ സംവിധാനങ്ങള്‍ക്കായുള്ള ഗവേഷണം കൂട്ടായി നടത്തണം. വാക്‌സിനും ഔഷധവും ഉടന്‍ കണ്ടെത്താന്‍ സാധിക്കണം. വിഭവ ദൗര്‍ലഭ്യം പരിഹരിക്കാന്‍ സഹകരണം ശക്തമാക്കണം. ലോകാരോഗ്യ സംഘടനയും യു എന്നും ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ആരോഗ്യ രംഗം പാവപ്പെട്ടവര്‍ക്ക് കൂടി പ്രാപ്യമായ നിലയിലേക്ക് മാറണം. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പമാണ് ഇപ്പോള്‍ പുലരേണ്ടത്. വിപണിയല്ല, മനുഷ്യനാണ് പ്രധാനമെന്ന് ഈ ഘട്ടത്തിലെങ്കിലും എല്ലാ ലോകരാജ്യങ്ങളും മനസ്സിലാക്കണം.