Connect with us

Covid19

പായിപ്പാട് സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കും: മന്ത്രി വിഎസ് സുനില്‍കുമാര്‍

Published

|

Last Updated

കൊച്ചി | പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ച സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക്ഡൗണ്‍ കാലയളവ് കഴിഞ്ഞാല്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ട താമസം, ഭക്ഷണം, വൈദ്യസഹായം തുടങ്ങി എല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യവും ലോക്ഡൗണ്‍ കാലയളവ് കഴിയുന്നതോടെ സര്‍ക്കാര്‍ ഒരുക്കും. നിലവിലെ സാഹചര്യത്തില്‍ അവരെ നാട്ടിലേക്ക് മടക്കി അയക്കാനുളള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സാധിക്കില്ല. അതേ സമയം തൊഴിലാളികളെല്ലാം ഇവിടെ സുരക്ഷിതരാണ്.

തൊഴിലാളികള്‍ താമസസ്ഥലം വിട്ട് പുറത്തുപോയാല്‍ അതിന് ഉത്തരവാദികള്‍ കോണ്‍ട്രാക്ടര്‍മാരായിരിക്കും. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. അവര്‍ വഴി കേരളത്തിലെത്തിയ തൊഴിലാളികള്‍ സര്‍ക്കാരിന്റെ കര്‍ഫ്യൂ അനുസരിച്ച് ഇരിക്കുമെന്ന് ഉറപ്പാക്കേണ്ട ഉത്തരവനാദിത്തം അവരുടേതാണ്. തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടതും അവരാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ വേണ്ട സൗകര്യമൊരുക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കും. എന്നാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

അതിഥി തൊഴിലാളികള്‍45,855 പേര്‍ ഉണ്ടെന്നാണ്ഔദ്യോഗിക കണക്ക്. കണക്കില്‍ പെടാത്ത കുറേ പേര്‍ ഉണ്ട്. നിലവില്‍ നടത്തിയ കണക്കെടുപ്പില്‍ അവര്‍എണ്ണായിരത്തില്‍ അധികം പേരുണ്ടെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഒരു സര്‍വേ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതു കൂടി കിട്ടിയാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. നിലവില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും പോലീസും ചേര്‍ന്ന് കാര്യങ്ങള്‍ ഭംഗിയായി നടത്തുന്നുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.