Connect with us

Editorial

സമ്പദ്‌വ്യവസ്ഥക്കും കനത്ത ആഘാതം

Published

|

Last Updated

മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കൊറോണവൈറസ് ഏറെക്കുറെ നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധരും സര്‍ക്കാറും പൊതുസമൂഹവും. എന്നാല്‍, കൊറോണവൈറസ് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് അത്ര പെട്ടെന്ന് കരകയറാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. നോട്ടുനിരോധവും ജി എസ് ടിയും സമ്പദ്ഘടനക്ക് ഏല്‍പ്പിച്ച ആഘാതത്തെ തുടര്‍ന്ന് മുന്‍നിര റേറ്റിംഗ് ഏജന്‍സികളെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നേരത്തേ കുത്തനെ കുറച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടങ്ങള്‍ വേറെയും. ഈ തകര്‍ച്ചയില്‍ നിന്ന് സമ്പദ്ഘടനയെ രക്ഷിക്കാന്‍ സര്‍ക്കാറും റിസര്‍വ് ബേങ്കും മാര്‍ഗങ്ങള്‍ ആരായുന്നതിനിടെയാണ് ഇരുട്ടടി പോലെ ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ ഇന്ത്യയെ കടന്നാക്രമിക്കാന്‍ തുടങ്ങിയത്. രോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനത്തിന്റെ മുഴുവന്‍ സ്രോതസ്സുകളും അടഞ്ഞുകിടക്കുകയാണിപ്പോള്‍.

രാജ്യത്തിന്റെ സുപ്രധാന സാമ്പത്തിക മേഖലകളായ മുംബൈ, ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, പുണെ, ചൈന്നൈ, ലക്‌നോ, ഹൈദരാബാദ്, കാണ്‍പൂര്‍, ജെയ്പൂര്‍, അഹ്്മദാബാദ് തുടങ്ങിയവ അടഞ്ഞുകിടക്കുകയാണ്. റെയില്‍വേ, വ്യോമയാന, ബസ് ഗതാഗതങ്ങളെല്ലാം നിശ്ചലമാണ്. ടൂറിസം തകര്‍ന്നടിഞ്ഞു. പല പ്രമുഖ കമ്പനികളും ജീവനക്കാരെ വേതനരഹിത ലീവില്‍ അയച്ചിരിക്കുകയാണ്. ജീവനക്കാരെ പിരിച്ചുവിടുന്നുമുണ്ട് ചിലര്‍. വിദേശ നിക്ഷേപകര്‍ അടുത്തിടെയായി 1.08 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. പ്രവാസികളയക്കുന്ന പണത്തിന്റെ വരവിലും ഇടിവുണ്ടാകും. കയറ്റുമതി വ്യാപാരമേഖലയെയും ഇത് ബാധിക്കും. ജനുവരിയില്‍ 1.7 ശതമാനത്തിന്റെ ഇടിവാണ് രാജ്യത്തെ കയറ്റുമതി വ്യാപാരത്തില്‍ രേഖപ്പെടുത്തിയത്. 5.5 കോടിയാളുകള്‍ ജോലി ചെയ്യുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ 70 ശതമാനത്തോളം പേരെ കൊറോണ പ്രതിസന്ധി തൊഴില്‍രഹിതരാക്കുമെന്നാണ് ഇന്ത്യന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചത്. ഉപഭോഗ, നിക്ഷേപ മേഖലകളെല്ലാം നിലവില്‍ തന്നെ വന്‍തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. അതിനിയും രൂക്ഷമാകും. രാജ്യത്തെ 75 ശതമാനം വരുന്ന സ്വയം തൊഴില്‍ ചെയ്യുന്നവരും അസംഘടിത മേഖലകളിലെ തൊഴിലാളികളും കൂടുതല്‍ പ്രയാസത്തിലാകും.

കൊറോണ ബാധ രാജ്യത്തിന്റെ 120 ബില്യന്‍ ഡോളറോ (ഏകദേശം ഒമ്പത് ലക്ഷം കോടി രൂപ) ജി ഡി പിയുടെ നാല് ശതമാനമോ നഷ്ടത്തിലാക്കുമെന്നാണ് ബ്രിട്ടീഷ് ബ്രോക്കറിംഗ് സ്ഥാപനമായ ബര്‍ക്ലൈസിന്റെ വിലയിരുത്തല്‍. അടുത്ത വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നേരത്തേ പ്രതീക്ഷിച്ചതില്‍ നിന്ന് 1.7 ശതമാനം കുറച്ചു 3.5 ശതമാനമായാണ് ബര്‍ക്ലൈസിന്റെ കണക്കുകൂട്ടല്‍. പ്രമുഖ സാമ്പത്തിക ഏജന്‍സിയായ മൂഡീസിന്റെ നിരീക്ഷണത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ വളര്‍ച്ചാ നിരക്ക് 2.5 ശതമാനം മാത്രമായിരിക്കും. എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച ഇവിടം കൊണ്ടു നില്‍ക്കില്ലെന്നാണ് ദേശീയ ബിസിനസ് മാഗസിനായ ഇന്‍വെന്റിവയുടെ നിഗമനം. കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ കടന്നുപോകുന്നതെന്നും വിഭജന കാലഘട്ടത്തിലെ അവസ്ഥയിലേക്ക് വരെ രാജ്യത്തെ ഇത് പിറകോട്ട് കൊണ്ടുപോയേക്കാമെന്നും മാഗസിന്‍ പറയുന്നു. റിസര്‍വ് ബേങ്ക് ചരിത്രത്തിലാദ്യമായി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ നിരീക്ഷിക്കാന്‍ 90 പേരടങ്ങുന്ന വാര്‍റൂം സജ്ജീകരിച്ചത് പ്രതിസന്ധിയുടെ ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
അതിനിടെ, ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയോ, ക്രെഡിറ്റോ കടുത്ത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രണ്ട് മാസത്തേക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആര്‍ട്ടിക്കിള്‍ 30 രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്.

സാമ്പത്തിക മേഖല ഗുരുതര ഭീഷണി നേരിടവേ ഏറെ താമസിയാതെ തന്നെ സര്‍ക്കാര്‍ ഈ അധികാരം ഉപയോഗിച്ചേക്കുമെന്നാണ് ഇന്‍വെന്റിവ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവന്നു കഴിഞ്ഞാല്‍ സംസ്ഥാനങ്ങള്‍ പാസ്സാക്കുന്ന എല്ലാ സാമ്പത്തിക ബില്ലുകള്‍ക്കും രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടി വരും. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരടക്കം കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടാകും. നോട്ട് നിരോധനാനന്തരം സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ ആയിരുന്നുവെന്നാണ് സാമ്പത്തിക, രാഷ്ടീയ നിരീക്ഷകരുടെ പക്ഷം. അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.
ഉപഭോഗ വര്‍ധനവാണ് ജി ഡി പി വളര്‍ച്ചയുടെ പ്രധാനഘടകം. സാമ്പത്തിക പാക്കേജുകളിലൂടെ ജനങ്ങളുടെ കൈകളിലും വിപണിയിലും കൂടുതല്‍ പണമെത്തിക്കുകയെന്നതാണ് ഇതിനുള്ള പോംവഴി.

നിലവില്‍ കേന്ദ്രം പ്രഖ്യാപി
ച്ച പാക്കേജ് ഇതിന് തീര്‍ത്തും അപര്യാപ്തമാണ്. കൊറോണയെ നേരിടുന്നതിന് ആരോഗ്യ മേഖലയെ സജ്ജമാക്കാനും വൈറസ് ബാധ മൂലം അന്നം മുട്ടിയ
വരെ ഊട്ടാനും തന്നെ അപര്യാപ്തമാണ് ഈ തുക. കൂടുതല്‍ വലിയ പാക്കേജുകള്‍ പ്രഖ്യാപിക്കാനുള്ള സാമ്പത്തിക ഭദ്രത സര്‍ക്കാറിനില്ല താനും. ഒന്നിനു പിറകേ മറ്റൊന്നെന്ന മട്ടില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് അടുത്ത കാലത്തൊന്നും കരകയറാന്‍ രാജ്യത്തിനാകില്ല.