Connect with us

Articles

ചരിത്ര വിരുദ്ധമാണ് ഈ മുസ്‌ലിം വിരോധം

Published

|

Last Updated

സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധവും ചരിത്ര വിരുദ്ധവുമായ ഹിന്ദുത്വ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ സവര്‍ക്കറില്‍ നിന്ന് തന്നെ തുടങ്ങേണ്ടിവരും. സമകാലീനമായ ഒരു രാഷ്ട്രീയ സംഭവത്തെ പരിശോധിച്ചുകൊണ്ടുതന്നെ അത് തുടങ്ങാം. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമെഴുതിയിട്ടുള്ള സവര്‍ക്കറാണ് ഗ്വാളിയോറിലെ രാജാവായ ജീവാജിറാവു സിന്ധ്യ ഉള്‍പ്പെടുന്ന മധ്യേന്ത്യയിലെ ഹിന്ദു രാജാക്കന്മാരെ “പറങ്കികളുടെ കാല്‍നക്കികള്‍” എന്ന് വിളിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് കാലുമാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തച്ഛനാണ് ജീവാജിറാവു സിന്ധ്യ. സിന്ധ്യാ കുടുംബത്തിലെ കോണ്‍ഗ്രസ് നേതാവായ മാധവറാവു സിന്ധ്യയുടെ പുത്രനാണ് ജ്യോതിരാദിത്യ സിന്ധ്യ. മാധവറാവു സിന്ധ്യ രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ഉറ്റസുഹൃത്തായിരുന്നു.
ഗ്വാളിയോര്‍ രാജകുടുംബം എന്നും ബ്രിട്ടീഷുകാരുടെ ഏജന്റുമാരായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സൈനികര്‍ക്ക് താവളമൊരുക്കിക്കൊടുത്തത് ഗ്വാളിയോര്‍ രാജകുടുംബമാണ്. പില്‍ക്കാലത്ത് സിന്ധ്യാ രാജകുടുംബത്തിലെ പലരും ജനസംഘത്തിന്റെയും ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളായി.
സവര്‍ക്കര്‍ രചിച്ച “1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം” എന്ന പുസ്തകത്തില്‍ ബ്രിട്ടീഷുകാരുടെ അഞ്ചാംപത്തികളായി പ്രവര്‍ത്തിച്ച ഹിന്ദു രാജാക്കന്മാരെ സൂചിപ്പിക്കാനാണ് പറങ്കികളുടെ കാല്‍നക്കികളെന്ന പ്രയോഗം ഉപയോഗിച്ചത്. 1917ല്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ വജ്ര ജൂബിലി വര്‍ഷത്തിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. പില്‍ക്കാലത്ത് സവര്‍ക്കറും ഈ കാല്‍നക്കികളുടെ പരമ്പരയില്‍പ്പെട്ടുവെന്നത് വര്‍ഗീയവാദികള്‍ക്ക് സംഭവിക്കുന്ന അനിവാര്യമായ പതനവും അപചയവുമായിട്ടേ കാണേണ്ടതുള്ളൂ. ബ്രിട്ടീഷുകാരുടെ അഞ്ചാംപത്തിയായി അധപ്പതിച്ച സവര്‍ക്കറാണ് പിന്നീട് “ഹിന്ദുത്വ- ആരാണ് ഹിന്ദു” എന്ന കുപ്രസിദ്ധമായ പുസ്തകമെഴുതിയത്, ഹിന്ദു വര്‍ഗീയ വാദികളുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സൈദ്ധാന്തിക അടിത്തറയിട്ടത്.

ബ്രിട്ടീഷുകാരുടെ ഏജന്റുമാരും പാദസേവകരുമായവര്‍ ഇന്ത്യന്‍ ദേശീയതയുടെ ചരിത്രത്തെ അപനിര്‍മിച്ചാണ് സാംസ്‌കാരിക ദേശീയതയുടെ കാവിരാഷ്ട്രീയം രൂപപ്പെടുത്തിയത്. ഹിറ്റ്‌ലറുടെ ജൂതവിരോധത്തെ പിന്‍പറ്റിയ ഇക്കൂട്ടര്‍ മുസ്‌ലിം വിരോധത്തിന്റെ ഉന്മാദത്തിനടിപ്പെട്ടവരാണ്. വംശീയ വിദ്വേഷവും വിജ്ഞാന വിരോധവും ചരിത്ര വിരുദ്ധതയുമാണ് ഇവരുടെ മുഖമുദ്ര. മുസ്‌ലിംകളെ വിദേശ അക്രമികളും ആഭ്യന്തര വിപത്തുമായി ചിത്രീകരിച്ചാണവര്‍ സങ്കുചിത ദേശീയവാദവും വംശീയ ഭ്രാന്തും ഇളക്കിവിടുന്നത്. ഹിറ്റ്‌ലറെ തോല്‍പ്പിക്കുന്ന മതഭ്രാന്തന്മാരാണ് ഹിന്ദുത്വവാദികളെന്ന കാര്യം അവരുടെ ചരിത്രവും പ്രത്യയശാസ്ത്രവും പഠിച്ചവര്‍ക്കെല്ലാം അറിയാം. എത്ര ചരിത്രവിരുദ്ധമാണ് അവരുടെ മുസ്‌ലിം വിരോധമെന്ന് മനസ്സിലാക്കാന്‍ സവര്‍ക്കറുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പുസ്തകം തന്നെ നോക്കിയാല്‍ മതി.
1850കളുടെ പൊതു രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നാണ് സവര്‍ക്കര്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിശകലനം ചെയ്യുന്നത്. സവര്‍ക്കര്‍ എഴുതിയിരിക്കുന്നത് ഉത്തരേന്ത്യ മുഴുക്കെ പതിനായിരങ്ങള്‍ ദേശാഭിമാനത്തിന്റെ സമരാഗ്നിയില്‍ ആഹൂതിചെയ്ത കാലമാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റേതെന്നാണ്. ദേശദ്രോഹികളും ദേശാഭിമാനികളുമായി അല്ലെങ്കില്‍ ബ്രിട്ടീഷുകാരന്റെ അഞ്ചാംപത്തികളും സ്വാതന്ത്ര്യ സമര പോരാളികളുമായി രാജ്യം വേര്‍പിരിഞ്ഞുനിന്ന കാലം കൂടിയായിരുന്നു ഒന്നാം സ്വാതന്ത്ര്യസമരത്തിന്റേത്. മുസ്‌ലിംകളും ബ്രാഹ്മണരും ശൂദ്രരുമെല്ലാം ഒരു ജനതയായി ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുകയായിരുന്നു. ഇന്ന് മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുകയും അവര്‍ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമല്ലെന്ന് ആക്രോശിക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികള്‍ക്ക് മറുപടി കൂടിയാണ് സവര്‍ക്കറുടെ ഈ പഴയ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍.

1857നെക്കുറിച്ച് സവര്‍ക്കര്‍ എഴുതുന്നു: “”പട്ടാളക്കാര്‍ അണിയണിയായി, വഴിക്കുവഴി രാജാക്കന്മാര്‍ ഓരോന്നോരോന്നായി എല്ലാ പട്ടണങ്ങളും ശിപായികളും പോലീസും ജമീന്ദാര്‍മാരും പണ്ഡിറ്റുകളും മൗലവികളും ചേര്‍ന്നു ചേര്‍ന്ന് ഒരു മാസം കൊണ്ട് ഒരു ബഹുമസ്തക രൂപിയായി പരിണമിച്ച ആ വിപ്ലവം അതിന്റെ പാഞ്ചജന്യം മുഴക്കുകയും അതോടെ മന്ദിരങ്ങളും മസ്ജിദുകളും “മാരോഫിറംഗികോ” എന്ന മുറവിളികൊണ്ട് മുഖരിതമാകുകയും ചെയ്തു. “വിദേശികളെ അകറ്റുക” എന്ന് ദിക്കെങ്ങും മുഴങ്ങിക്കേട്ടു.”” അതെ, മന്ദിര്‍കളെയും മസ്ജിദുകളെയും ദേശാഭിമാനികളായ പണ്ഡിറ്റുകളും മൗലവിമാരും ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ സങ്കേതങ്ങളാക്കി മാറ്റുകയായിരുന്നു. ബാബറെയും മുഗള ഭരണത്തെയുമെല്ലാം അധിക്ഷേപിക്കുകയും മുസ്‌ലിംകളെല്ലാം വിദേശ വംശജരാണെന്ന് ആക്ഷേപിക്കുകയും, സൈബറിടങ്ങളില്‍ വിഷം ചീറ്റുകയും ചെയ്യുന്ന സംഘികള്‍ക്കുള്ള മറുപടി കൂടിയാണ് സവര്‍ക്കറുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പുസ്തകമെന്ന് പറയാം.

അദ്ദേഹം എഴുതിയത് നോക്കുക; “”ബഹദൂര്‍ഷായുടെ അസ്ഥികള്‍ ശവകുടീരത്തില്‍ നിന്ന് പ്രതികാരത്തിന്റെ ഹുങ്കാരം മുഴക്കുന്നു. നിര്‍ഭയയായ ലക്ഷ്മിയുടെ രക്തം കോപംകൊണ്ട് തിളക്കുന്നുണ്ട്. പാടലീപുത്രത്തെ രക്തസാക്ഷി പീര്‍അലിക്ക് വിപ്ലവ ഗൂഢാലോചനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ കൂട്ടാക്കാത്തതു മൂലം തൂക്കുമരത്തിലേറേണ്ടിവന്നു.”” മുഗള ഭരണത്തിന്റെ അവസാനത്തെ ചക്രവര്‍ത്തിയായ ബഹദൂര്‍ഷയാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ വിജയത്തിന്റെ പ്രതീകമായി, ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടത്. ബഹദൂര്‍ഷാ ബാബര്‍ സ്ഥാപിച്ച മുഗളവംശ പരമ്പരയിലെ അവസാന ചക്രവര്‍ത്തിയായിരുന്നുവെന്നകാര്യം മുസ്‌ലിം വിരുദ്ധത മനോരോഗമായി തീര്‍ന്ന സംഘികള്‍ അറിയണമെന്നില്ല.
സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു നോക്കൂ; “”ഹിന്ദുക്കളുടെയും മുഹമ്മദീയരുടെയും മതപരമായ വാസനകള്‍ ഒന്നിനൊന്നിണങ്ങി ദേശാഭിമാനമായി രൂപാന്തരപ്പെട്ടത് കണ്ട ചാള്‍സ്ബൗള്‍ പറയുന്നത് കേള്‍ക്കുക; അത്രയും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോക ചരിത്രത്തില്‍ വിരളമായേ കാണൂ”” എന്നാണ്. എത്ര മൈത്രിയോടെയും മതനിരപേക്ഷവുമായാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ അണിനിരന്ന എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ പോരാടിയത്. ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നുചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ഒന്നാം സ്വാതന്ത്ര്യ സമരം. ആ സമരത്തിന്റെ വിജയ പ്രതീകമായിട്ടാണ് ബാബറുടെ പിന്‍മുറക്കാരനായ ബഹദൂര്‍ഷായെ സിംഹാസനസ്ഥനാക്കിയത്.

ഔധിലെ ഭരണാധികാരിയായിരുന്ന വാജ്അലീഷ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ബീഗം ഹസ്രത് മെഹല്‍ എന്ന വീരനായിക പകരക്കാരിയായി ബ്രിട്ടീഷുകാര്‍ക്കെതിരായി പടനയിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ജനങ്ങളെയാകെ ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരത്തിയ ഫൈസാബാദ് മൗലവി എന്ന അഹമ്മദ്ഷാ മൗലവിയെക്കുറിച്ച് സവര്‍ക്കര്‍ എഴുതിയിരിക്കുന്നത് എന്താണെന്ന് സംഘികള്‍ക്കറിയുമോ? “”ഈ പരമധീരന്റെ മുമ്പിലെല്ലാവരും തലകുനിക്കുക””യെന്നാണ്. ബാബാരാം ചരണ്‍ദാസും അഹമ്മദ്ഷാ മൗലവിയുമാണ് ഇരു സമുദായങ്ങളിലെയും ജനങ്ങളെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒന്നിപ്പിച്ചു നിര്‍ത്തിയത്. നാനാ സാഹബിന്റെ സേനാധിപന്‍ താന്തിയാ തോപ്പിയായിരുന്നു. അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച നയതന്ത്ര വിചക്ഷണന്‍ അസീമുല്ലാ ഖാനായിരുന്നു. ഝാന്‍സി റാണിയുടെ ഏറ്റവും അടുത്ത ഉപദേശകരും സഹായികളും കാലാഖാനും മുഹമ്മദ് ഹുസൈനുമായിരുന്നു.

ഇന്നത്തെ അയോധ്യ ഉള്‍പ്പെടുന്ന പഴയ ഔധ് ഭരിച്ചത് മുസ്‌ലിം രാജാക്കന്മാരായിരുന്നു. ഭരണാധികാരം ഒരിക്കലും മതാത്മകമായിരുന്നില്ല. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനിന്നിരുന്ന മതാത്മകമല്ലാത്ത അധികാരഘടനയെ തകര്‍ക്കേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കുക ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രം രൂപപ്പെടുന്നതും ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ മുന്നേറ്റങ്ങളെ അസ്ഥിരീകരിക്കാനായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുകയും ദേശീയ സ്വാതന്ത്ര്യത്തിനായി ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കാതിരിക്കാനുമാണ് അയോധ്യ ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ സമര്‍ഥമായി ഉയര്‍ത്തിക്കൊണ്ടുവന്നത്.
ബ്രിട്ടീഷ് വിരുദ്ധ ദേശീയ ബോധത്തെ മുസ്‌ലിം വിരുദ്ധ ഹിന്ദു രാജ്യാഭിമാനമായി പരിവര്‍ത്തനപ്പെടുത്താനാണ് ഹിന്ദുത്വ വാദികള്‍ അവരുടെ ജന്മകാലം മുതല്‍ ശ്രമിച്ചിട്ടുള്ളത്. 1815ല്‍ ജെയിംസ്മില്‍ എഴുതിയ “ബ്രിട്ടീഷ് ഇന്ത്യ”യുടെ ചരിത്രം മതാത്മകമായ കാലഗണന അനുസരിച്ചായിരുന്നു. ഇന്ത്യയുടെ പ്രാചീന ഘട്ടത്തെ ഹൈന്ദവ കാലഘട്ടമെന്നും മധ്യ കാലഘട്ടത്തെ ഇസ്‌ലാമികമെന്നും വേര്‍തിരിക്കുകയായിരുന്നു മില്‍. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തെ ക്രിസ്റ്റ്യന്‍ലാസനാണ് ക്രൈസ്തവ കാലഘട്ടം എന്ന് വേര്‍തിരിച്ച് വിശേഷിപ്പിച്ചത്. പ്രാചീന കാലഘട്ടത്തിലെ ഹിന്ദുയാഥാസ്ഥിതികത്വവും മധ്യകാലഘട്ടത്തിലെ മുസ്‌ലിം യാഥാസ്ഥിതികത്വവും ശ്വാസം മുട്ടിച്ച ഇന്ത്യന്‍ സമൂഹത്തെ ക്രൈസ്തവത നവീകരിക്കുകയായിരുന്നുവെന്ന വാദവും ക്രിസ്റ്റ്യന്‍ലാസന്‍ അവതരിപ്പിച്ചു.

ബ്രിട്ടീഷുകാരുടെ ഈ മതാത്മകമായ ചരിത്രരചനയെ ഉപയോഗിച്ചാണ് ഹിന്ദുത്വ വര്‍ഗീയത തങ്ങളുടെ പ്രത്യയശാസ്ത്ര അടിത്തറ രൂപപ്പെടുത്തിയത്. പ്രാചീന കാലഘട്ടത്തെ ഹൈന്ദവതയുടെ സുവര്‍ണ കാലമായി അവതരിപ്പിക്കുകവഴി വര്‍ത്തമാന മനുഷ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി ആ സുവര്‍ണകാലം തിരിച്ചു കൊണ്ടുവരണമെന്ന പുനരുജ്ജീവനാശയങ്ങളാണ് വി ഡി സവര്‍ക്കര്‍ മുന്നോട്ടുവെച്ചത്. ചരിത്രത്തെ ദുര്‍വ്യാഖ്യാനിച്ചും അപരമത വിരോധം കുത്തിയിളക്കിയുമാണ് സവര്‍ക്കര്‍ ഹൈന്ദവതയെ നിര്‍വചിക്കുന്നത്, ഹിന്ദുത്വ എന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ സ്ഥാപിക്കുന്നത്.

Latest