Connect with us

Covid19

കൊവിഡ്‌ ജീവനെടുത്തവരുടെ എണ്ണം 27,324 ആയി; ഇന്നലെ മാത്രം മരിച്ചത് മൂവായിരത്തിലധികം പേര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 27,324 ആയി. ഇറ്റലിയില്‍ മാത്രം 24 മണിക്കൂറിനിടെ മരിച്ചത് 969 പേരാണ്. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 9,134 ആയി. മരണനിരക്കില്‍ ഇറ്റലിക്ക് തൊട്ടു പിറകെയുള്ള സ്‌പെയിനില്‍ ഇന്നലെ മരിച്ചത് 769 പേരാണ്. ഇതോടെ മരണ സംഖ്യ 1700 കടന്നു.

ലോകത്താകമാനം ഇന്നലെ മാത്രം മരിച്ചത് മൂവായിരത്തിലധികം പേരാണ്. അതിവേഗം രോഗം പടരുന്ന അമേരിക്കയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര സാമ്പത്തിക പാക്കേജിനാണ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത്.

സെനറ്റിന്റെ അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ കുടുംബങ്ങളെ നേരിട്ട് സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍.അതേസമയം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് 1500 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വെറും 24 മണിക്കൂറില്‍ 18000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ രോഗബാധിതനായത് ബ്രിട്ടനില്‍ കടുത്ത ഭയമാണ് സൃഷ്ടിച്ചിരിക്കുന്നത്.ബോറിസ് ജോണ്‍സന്റെ പങ്കാളിയും ഗര്‍ഭിണിയുമായ കാരി സൈമന്‍സിനു രോഗമുള്ളതായി സൂചനയില്ല. ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം ബാധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest