സഊദിയില്‍ മൂന്നാമത്തെ മരണം; കൊവിഡ് ബാധിതര്‍ 1012 ആയി

Posted on: March 26, 2020 8:20 pm | Last updated: March 26, 2020 at 8:27 pm

ദമാം | കൊറോണ വൈറസ് ബായേറ്റ് സഊദിയില്‍ ഒരാള്‍ കൂടി മരിച്ചു. മദീന പ്രവിശ്യയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. മദീനയിലും , മക്കയിലും നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു വ്യാഴാഴ്ച പുതുതായി 112 പേര്‍ക്ക് കൂടി കൊവിഡ് 19 കണ്ടെത്തി. 1012 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പുതുതായി നാലുപേര്‍ കൂടി സുഖം പ്രാപിച്ചതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 33 ആയി.

രോഗബാധിതരില്‍ നൂറ് പേര്‍ക്ക് പൊതുസമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ബാക്കി പന്ത്രണ്ടുപേര്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സഊദിയിലെത്തിയവരാണ്. സഊദിയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിയാദിലാണ് 35 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. മക്ക 26 , ത്വായിഫ് 18 , ജിദ്ദ 13 , ദമാം 06, ഖത്തീഫ് 05 , മദീന 03 , അല്‍ഖോബാര്‍ 02 , ഹുഫൂഫ് 02, അല്‍ഖര്‍ജ്, ബുറൈദ, ദഹ്‌റാന്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

മരണസംഖ്യ ഉയരാന്‍ തുടങ്ങിയതോടെ രാജ്യത്ത് അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്. മക്ക, മദീന, റിയാദ് എന്നീ ഗവര്‍ണ്ണറേറ്റുകളില്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യു സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. മറ്റ് പ്രവിശ്യകളില്‍ വൈകീട്ട് ഏഴ് മണിമുതല്‍ രാവിലെ ആറു മണി വരെയാണ് കര്‍ഫ്യു. വ്യാഴാഴ്ച മുതല്‍ മക്ക , മദീന , റിയാദ് എന്നീ നഗരങ്ങളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യു ഫോട്ടോ, വിഡിയോ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 പ്രകാരം 3 ലക്ഷം വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

കര്‍ഫ്യു സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്ക് പതിനായിരം റിയാലാണ് പിഴ ചുമത്തുന്നത് ,നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകും. മൂന്നാം തവണയും ലംഘനമുണ്ടായാല്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. നിരോധനനിയമം ലംഘിക്കുന്ന ആര്‍ക്കെതിരെയും ശിക്ഷാ നടപടികളുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.