പിടിവിടാതെ കൊവിഡ്; ലോകത്ത് മരണം കുതിച്ചുയരുന്നു

Posted on: March 26, 2020 8:51 am | Last updated: March 26, 2020 at 10:47 am

ബീജിംഗ് | കൊവിഡ് കടുത്ത തോതില്‍ പിടിമുറുക്കിയതോടെ ലോകത്ത് മരണം കുതിച്ചുയര്‍ന്നു. ആഗോള തലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,180 ആയി. നാലര ലക്ഷമാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. രോഗം ഒരുലക്ഷം പേരിലേക്ക് വ്യാപിക്കാന്‍ മൂന്ന് മാസമെടുത്തെങ്കില്‍ പിന്നീട് 12 ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരിലേക്ക് വ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ചൈനയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 7503 പേരാണ് ഇറ്റലിയില്‍ മാത്രമായി മരിച്ചത്. സ്‌പെയിനിലാണ് രണ്ടാമതായി കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തത്- 3647. മരണനിരക്കില്‍ ചൈനയെയും മറികടന്നിരിക്കുകയാണ് സ്‌പെയിന്‍. ഇറാനില്‍ മരണസംഖ്യ 2000 പിന്നിട്ടു. അമേരിക്കയിലാണെങ്കില്‍ 60,900 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. ആകെ 81,6661 കേസുകള്‍ കണ്ടെത്തിയതില്‍ 70,000 പേര്‍ക്കും അസുഖം ഭേദമായി. 3285 പേരാണ് ചൈനയില്‍ മരിച്ചത്.