Connect with us

Covid19

കൊവിഡ് ലോക്ക്ഡൗണ്‍: പള്ളികളില്‍ ജുമുഅ നടത്തേണ്ടതില്ലെന്ന് സമസ്ത

Published

|

Last Updated

കോഴിക്കോട് | ജനസമ്പര്‍ക്കം വിലക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂട്ടം ചേര്‍ന്നുള്ള ആരാധനകളൊന്നും നടത്താന്‍ പാടില്ലെന്നും വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നിര്‍വഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ എന്നിവര്‍ അറിയിച്ചു.

അടിയന്തര ഘട്ടങ്ങളില്‍ കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നിര്‍വഹിക്കുക എന്ന രിതിയും ഈ സാഹചര്യത്തില്‍ പാടില്ല. നമ്മുടെ ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുതെന്ന് ഖുര്‍ആന്‍ കല്‍പ്പിക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം വീടുകളില്‍ ഒതുങ്ങിയിരിക്കുകയും പുറമേക്കുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കുകയും വേണം.

വിശ്വാസികള്‍ വീടുകളില്‍ ഇരുന്നുകൊണ്ട് ആരാധനകളില്‍ സജീവകമാകുകയും കൊറോണ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ പ്രാര്‍ഥനാ നിരതരാവുകയും ചെയ്യേണ്ടതാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ജനസമ്പർക്കം വിലക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ സാഹചര്യം അനുകൂലമാകുന്നത് വരെ പള്ളികളിൽ ജുമുഅ, പൊതു നിസ്‌കാരം എന്നിവ നടത്തരുതെന്നും എല്ലാവരും വീടുകളിൽ കഴിയണമെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയും അഭ്യർത്ഥിച്ചു.

ജീവൻ രക്ഷിക്കുകയെന്നത് ഏറ്റവും വലിയ ആരാധനയാണെന്നും നാടിന്റെ രക്ഷക്കായി ഭരണകർത്താക്കൾ, ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ എന്നിവർ നിർദേശിക്കുന്ന കാര്യങ്ങൾ പൂർണമായും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ഘട്ടങ്ങളിൽ ആരാധനാ കർമങ്ങൾ വീടുകളിൽ വെച്ച് നടത്താനാണ് വിശുദ്ധ ഇസ്ലാമിന്റെ കൽപ്പന.

പകർച്ച വ്യാധി സമയത്ത് വീട്ടിലിരിക്കുന്നത് ഏറ്റവും വലിയ പുണ്യമാണെന്നും വെള്ളിയാഴ്ച ജുമുഅക്ക് പകരം ളുഹർ നിസ്‌കാരം നിർവ്വഹിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.