കൊവിഡ് പ്രതിരോധത്തിന്റെ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം ഏറ്റെടുക്കാന്‍ നീക്കം

Posted on: March 25, 2020 12:29 pm | Last updated: March 25, 2020 at 3:44 pm

ന്യൂഡല്‍ഹി |  കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്റെ നീക്കം. പ്രകൃതിദത്തമോ, മനുഷ്യനിര്‍മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ദുരന്ത നിവാരണ നിയമം ഇതിനായി നടപ്പാക്കാനാണ് നീക്കം. ആരോഗ്യ രംഗം നിലവില്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. ഇത് കേന്ദ്രം ഏറ്റെടുത്താന്‍ കൊവിഡ് പ്രതിരോധം പൂര്‍ണമായും കേന്ദ്രം നിര്‍ദേശിക്കുന്ന നീക്കങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി,സംസ്ഥാന പോലീസ് മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യമൊട്ടാകെ 21 ദിവസത്തേക്ക് അടച്ച് പൂട്ടലിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു. ജനത കര്‍ഫ്യൂവിനേക്കാള്‍ ശക്തമായ രീതിയിലായിരിക്കും ലോക്ക് ഡൗണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദേശീയ ദുരന്ത നിവാരണ നിയമം നടപ്പിലാക്കുമ്പോള്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇതനുസരിച്ചുള്ള നടപടികളുണ്ടാകും. ഈ നിയമം അനുസരിച്ച് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ അതിന് സമാനമായ പിഴയോ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കാനുള്ള വകുപ്പുകളുണ്ട്.