Connect with us

Covid19

സ്വദേശികളും വിദേശികളും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്; കര്‍ശന നിര്‍ദേശവുമായി യുഎഇ

Published

|

Last Updated

അബൂദബി | കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ആളുകള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം നല്‍കി യുഎഇ. അത്യാവശ്യ കാര്യത്തിനല്ലാതെ സ്വദേശികളും താമസക്കാരും സന്ദര്‍ശകരും പുറത്തിറങ്ങരുതെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഭക്ഷണവും മരുന്നും പോലുള്ള അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് മാത്രമേ വീടുകളില്‍ നിന്ന് ഇറങ്ങാവൂവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വന്തം വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുക, ഒരു വാഹനത്തില്‍ പരമാവധി മൂന്നില്‍ അധികം പേര് ഉണ്ടാകരുത് തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും കുടുംബ സമ്മേളനങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഗുരുതരവും അടിയന്തിരവുമായ കേസുകള്‍ക്ക് ഒഴികെ ആശുപത്രികള്‍ സന്ദര്‍ശിക്കരുത്. പൊതുജനാരോഗ്യ സുരക്ഷയ്ക്കായി ഫെയ്സ് മാസ്‌കുകള്‍ ഉപയോഗിക്കണം. നിയമലംഘകര്‍ക്ക് എതിരെ പിഴയും ജയിവാസവും ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കും. പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും കിംവദന്തികള്‍ അവഗണിക്കണമെന്നും അവ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

യുഎഇയില്‍ ഇന്ന് 45 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 198 ആയി. ഇന്ത്യക്കാര്‍ക്ക് പുറമെ യു കെ, കാനഡ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഇറാഖ്, കുവൈത്ത്, ഇറ്റലി, പെറു, എത്യോപ്യ, സൊമാലിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി അറിയിച്ചു.