Connect with us

Covid19

28 പേര്‍ക്കു കൂടി കൊവിഡ്; കേരളം പൂര്‍ണമായി അടച്ചിടും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 28 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. ഇതോടെ, സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 95 ആയി ഉയര്‍ന്നു. കാസര്‍കോട് 19 പുതിയ കേസുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍-അഞ്ച്, എറണാകുളം-രണ്ട്, പത്തനംതിട്ട-ഒന്ന്, തൃശൂര്‍-ഒന്ന് എന്നിങ്ങനെയാണ് മറ്റിവിടങ്ങളിലെ കണക്ക്. 64320 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 383 പേര്‍ ആശുപത്രിയിലാണ്. കൊവിഡ് വൈറസ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായി അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കും. പൊതു ഗതാഗതവുമുണ്ടാകില്ല.

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും. അതേ സമയം കെഎസ്ആര്‍ടിസിയോ സ്വകാര്യ ബസുകളോ സര്‍വീസ് നടത്തില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം എന്നിവ തടസപ്പെടില്ല. ആശുപത്രികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളിലെ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ നിര്‍ത്തിവെക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും. മറ്റു കടകള്‍ അടച്ചിടണം. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോം ഡെലിവറി അനുവദിക്കും.

ജനങ്ങള്‍ വലിയ തോതില്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യത്തിന് ഇറങ്ങുന്നവര്‍ ശാരീരിക അകലം അടക്കമുളളവ പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Latest