Connect with us

Covid19

രാജ്യത്തെ നഗരങ്ങള്‍ അടച്ച്പൂട്ടുന്നു; ആയിരത്തോളം ട്രെയ്‌നുകള്‍ നിര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് 350ന് മുകളില്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ഏഴോളം പേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ എങ്ങും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ ഈ മാസം 31വരെ അടച്ചിടും. രാജ്യത്തെ 75 ഓളം നഗരങ്ങള്‍ അടച്ചിടാനാണ് കേന്ദ്ര നിര്‍ദേശം. ഇതിന്റെ ഭാഗമായാണ് പല സംസ്ഥാനങ്ങളും നടപടി തുടങ്ങിയത്. ഡല്‍ഹിയും, പഞ്ചാബും രാജസ്ഥാനും പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. പല സംസ്ഥാനങ്ങളും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതം നിയന്ത്രിച്ചു. ആയരിത്തോളം പാസഞ്ചര്‍ ട്രെയ്‌നുകള്‍ ഈമാസം 31വരെ റെയില്‍വേ നിര്‍ത്തി. നിരവധി നഗരങ്ങളില്‍ മെട്രോ ട്രെയ്ന്‍ സര്‍വ്വീസ് നിര്‍ത്തി.

നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്‌കൂളും കോളജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു. ഡല്‍ഹിയുടെ അതിര്‍ത്തികളെല്ലാം അടച്ചിട്ടു. ഡല്‍ഹില്‍ നിന്നും രാജ്യത്തെ മറ്റിടങ്ങളിലേക്കുള്ള എല്ലാ ഫ്‌ളൈറ്റ് സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായികെജ്രിവാള്‍ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ആ തീരുമാനം റദ്ദാക്കി. ലോക്ക്ഡൗണ്‍ കാലയളവില്‍ കാബുകളോ ഓട്ടോകളോ ഓടിക്കാന്‍ ഡല്‍ഹിയില്‍ അനുമതിയുണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. പോലീസ്, അഗ്‌നിരക്ഷ സേന, ഇലക്ട്രിസിറ്റി, ജലം, പെട്രോള്‍ പമ്പ് എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഭക്ഷ്യ സര്‍വ്വീസുകള്‍, പച്ചക്കറി പലചരക്ക് കടകള്‍, പാല്‍ എന്നിവ കര്‍ണാടകയില്‍ തുറന്നുപ്രവര്‍ത്തിക്കും. മാര്‍ച്ച് 31വരെ ക്വാറന്റൈനില്‍ തുടരാന്‍ ആന്ധ്രപ്രദേശ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന പൊതുഗതാഗതം നിര്‍ത്തിവെച്ചു. അതിര്‍ത്തികളും അടച്ചു. ഗോവ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ബംഗാളില്‍ നഗരങ്ങളില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം നഗരത്തില്‍ ഇറങ്ങുന്നതിന് നിയന്ത്രണമേല്‍പ്പെടുത്തി.

 

Latest