കൊവിഡ് 19; ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും

Posted on: March 23, 2020 8:10 am | Last updated: March 23, 2020 at 10:34 am

ലൗസന്നെ | ലോകത്താകമാനം കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ജുലൈ 24 മുതല്‍ ജപ്പാനില്‍ ആരംഭിക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നാല് ആഴ്ചക്കകം അന്തിമ തീരുമാനമുണ്ടാകും. അന്താരാഷ്ട്ര ഒമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബാക്കാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഒളിമ്പിക്‌സ് മാറ്റില്ലെന്നും നിശ്ചയിച്ച തീയ്യതിക്ക് തന്നെ നടക്കുമെന്നും അറിയിച്ച് ജപ്പാന്‍ ഒരുക്കങ്ങളുമായി മുന്നോട്ട്‌പോകുന്നതിനിടെയാണ് അസോസിയേഷന്‍ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം. ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍ റദ്ദാക്കില്ലെന്ന് ഐ ഒ സി എക്‌സിക്യൂട്ടിവ് ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ലെന്നും തോമസ് ബാക്ക് പറഞ്ഞു.

ജൂലൈ 24 നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ഇതുവരെ ഒളിമ്പിക്‌സ് തിയതി മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ഐ ഒ സി നിലപാടറിയിച്ചിരുന്നില്ല. എന്നാല്‍ ഭൂരിപക്ഷം കായികതാരങ്ങളും ഐ ഒ സി തീരുമാനത്തില്‍ ആശങ്ക അറിയിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും രംഗത്തെത്തിയതോടെയാണ് കമ്മിറ്റി പുനരാലോചനക്ക് തയ്യാറായത്.