Travelogue
ബോറടിപ്പിക്കില്ല ബിതർക്കാട്

സഞ്ചാര ഭൂപടത്തിൽ യാത്രികരുടെ പ്രളയത്താൽ നാശോന്മുഖമാകാതെ, അധികം അറിയപ്പെടാത്ത കാഴ്ചകളുടെ മായികലോകമാണ് തമിഴ്‌നാടിന്റെ തെക്കേ അറ്റത്ത് നീലഗിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന അതിർത്തി ഗ്രാമമായ ബിതർക്കാട്. നഗരത്തിന്റെ മടുപ്പിക്കുന്ന ഗന്ധംവിട്ട് ശാന്തമായി കുറച്ചു നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് നല്ലൊരിടമാണ് ബിതർക്കാട്. നിലമ്പൂരിൽ നിന്നും ഏകദേശം 58 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം.
എപ്പോഴും നല്ല കാലാവസ്ഥ
ഏത് സീസണിലും അനുയോജ്യമായ കാലാവസ്ഥയാണ് ബിതർക്കാട്ടെ മറ്റൊരു പ്രധാന ആകർഷണം. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കേരളത്തിലെ മൂന്നാറിനോട് ഉപമിക്കാവുന്ന ബിതർക്കാടിനെ മിനി മൂന്നാറെന്ന് വിശേഷിപ്പിച്ചാലും അധികമാകുകയില്ല. സമുദ്ര നിരപ്പിൽ നിന്നും ആയിരം മുതൽ രണ്ടായിരം അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സഹ്യനിരകളുടെ ഭാഗമായ നീലഗിരിയിൽ ഊട്ടി അഥവാ ഉദഗമണ്ഡലം എന്ന പേര് മാത്രമേ പലപ്പോഴും പലരും കേട്ടിട്ടുണ്ടാകൂ. എന്നാൽ, ബിതർക്കാട് പോലെയുള്ള ഒട്ടനവധി പ്രദേശങ്ങളിൽ നീലഗിരിയുടെ ഭാഗമാണ്. അവയുടെയെല്ലാം കേവലം ആകെത്തുക മാത്രമാണ് ഊട്ടി. ഒരേസമയം തന്നെ കർണാടക, കേരളം തുടങ്ങിയ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതുകൊണ്ട് വയനാട്, മലപ്പുറം ജില്ലകളിൽനിന്നും ഊട്ടി- മൈസൂർ യാത്ര പോകുന്ന സഞ്ചാരികൾക്ക് താമസിക്കാൻ തിരഞ്ഞെടുക്കാവുന്ന ഇടമാണ് ബിതർക്കാട്. സുൽത്താൻ ബത്തേരിയിൽനിന്നും 28 കിലോമീറ്ററാണ് ഇങ്ങോട്ടേക്കുള്ള ദൂരം. ബിതർക്കാട് നിന്നും ഗൂഡല്ലൂർ വഴി കേവലം 73 കി. മീ ദൂരം മാത്രമാണ് ഊട്ടിയിലേക്കുള്ളത്. അതുപോലെ 123 കി.മി ദൂരം മാത്രം മൈസൂരിലേക്കും. ഈ കണക്കുകൾ മാത്രം മതി ബിതർക്കാടിന് ടൂറിസം മേഖലയിലെ പ്രസക്തി മനസ്സിലാക്കാൻ. അധികം താമസ സൗകര്യങ്ങളൊന്നും തന്നെ ലഭ്യമല്ലാത്ത ഈ ഗ്രാമത്തിൽ നിലവിൽ സഞ്ചാരികൾക്കായി കുറഞ്ഞ ചെലവിൽ ലഭിക്കുന്ന താമസ സൗകര്യം ബിതർക്കാട് ബംഗ്ലാവിൽ മാത്രമാണ്.
[irp]
148 വർഷം പഴക്കമുള്ള ബംഗ്ലാവ്
കവലയിൽ നിന്നും രാത്രി ഭക്ഷണം തയ്യാറാക്കാനുള്ള സാമഗ്രികളും വാങ്ങി ഇരുട്ട് വീഴും മുന്നേ ഞങ്ങളും ബംഗ്ലാവിലേക്ക്് യാത്ര തിരിച്ചു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ചരൽ നിറഞ്ഞ മലമ്പാത താണ്ടി ആറര മണിയോടെ ഞങ്ങൾ അവിടെയെത്തി. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടത്തിന് ഒത്ത നടുക്കായി പഴയകാല ബ്രിട്ടീഷ് ശൈലിയിൽ പണിതീർത്ത മനോഹരമായ ഒരു വീട് അതാണ് ബിതർക്കാട് ബംഗ്ലാവ്. ഏകദേശം 146 വർഷത്തെ പഴക്കമുണ്ട് ഈ ബംഗ്ലാവിന്. കൊത്തുപണികളാലും തടികൾ കൊണ്ടുള്ള ശിൽപ്പങ്ങളാൽ മനോഹരമാണിത്.
[irp]
“യാത്രകൾ ഉറങ്ങിത്തീർക്കാനുള്ളതല്ല, ഉറക്കം കളയുന്ന കാഴ്ചകളെ തേടിയാവണം ” എന്ന സാമാന ചിന്താഗതി ഉള്ളതുകൊണ്ടാകും എല്ലാവരും അഞ്ച് മണിയോടെ കണ്ണും തിരുമ്മി പുറത്ത് സൂര്യോദയം കാണാനായിറങ്ങി. തണുപ്പിനെ വകവെക്കാതെ നല്ലൊരു സൂര്യോയം പ്രതീക്ഷിച്ചു കാത്തുനിന്ന ഞങ്ങൾക്കുമുന്നിൽ കിഴക്കേ ചക്രവാളം കീറിമുറിച്ച് സൂര്യൻ പുറത്തുവരാൻ തുടങ്ങി. മല്ലൊരു കട്ടൻചായയും കുടിച്ച് സൂര്യ കിരണങ്ങൾ തണുപ്പിനെ കീറിമുറിച്ച് പുറത്തുവരുന്നതും ആസ്വദിച്ചു. അതിരാവിലത്തെ ചെറിയ വെളിച്ചത്തിൽ ബംഗ്ലാവിന്റെയും, തേയിലത്തോട്ടങ്ങളുടെയും ഭംഗിയും ആസ്വദിച്ചുനിന്ന ഞങ്ങൾ വെളിച്ചം പൂർണമായും എത്തിയതോടെ ക്യാമറയും തൂക്കി തേയിലക്കാടുകളിലേക്കിറങ്ങി.
ജനവാസം കുറഞ്ഞ പ്രദേശം
ഗ്രാമവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന ചെറിയൊരു കൂട്ടം ജനങ്ങൾ മാത്രമേ നിലവിൽ ഇവിടെ അധിവസിക്കുന്നുള്ളൂ. ഒരുകാലത്ത് പുലി, കരടി ഉൾപ്പെടെയുള്ള വന്യ ജീവികൾ വിഹരിച്ചിരുന്ന സ്ഥലമായിരുന്നിത്. പിന്നീട് കുറച്ചൊക്കെ ആളുകൾ ഇവിടെ വന്ന് താമസം തുടങ്ങിയ ശേഷമാണ് ഇതിൽ നിന്ന് കുറേയേറെ മാറ്റം വന്നത്. അങ്ങനെ ഒമ്പത് മണിയോടെ രാവിലത്തെ നടത്തവും കുളിയും കഴിഞ്ഞു പ്രാതൽ കഴിക്കാനായി കവലയിലേക്കെത്തിയ ഞങ്ങളെ ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു സർപ്രൈസ് നൽകിയാണ് ബിതർക്കാട് വീണ്ടും ഞെട്ടിച്ചത്. നല്ല ചൂട് പൊറോട്ട, ബീഫ്, നെയ്‌റോസ്റ്റ്, കാപ്പി. എല്ലാം ഒന്നിനൊന്നിനും മെച്ചം. ശരിക്കും അനുഭവിച്ചറിയേണ്ട രുചി വൈവിധ്യം. ഹോട്ടലുകാരനോട് നന്ദിയും പറഞ്ഞ് ഞങ്ങൾ തിരികെ ബംഗ്ലാവിലേക്ക് തിരിച്ചു.
കാട്ടുവഴിയിലൂടെയുള്ള സവാരി
ഇനി അടുത്ത ഉദ്യമം രാജൻ എസ്‌റ്റേറ്റിനെ ചുറ്റിക്കിടക്കുന്ന ഒരു കാട്ടുവഴിയിലൂടെയുള്ള മൂന്ന് കി. മീ നീളുന്ന ചെറിയൊരു ട്രക്കിംഗാണ്. ബംഗ്ലാവിന്റെ പിൻവശത്തെ റോഡിനപ്പുറത്ത് കാണുന്ന പടികളിൽ കൂടി താഴേക്കിറങ്ങി വേണം യാത്ര ആരംഭിക്കാൻ. ബിതർക്കാടിന്റെ വന്യത മനസ്സിലാക്കിത്തരുന്ന ചെറിയൊരു ട്രക്കിംഗാണിത്. കാപ്പിത്തോട്ടങ്ങളും വള്ളിപ്പടർപ്പുകളും തേയിലത്തോട്ടങ്ങളും താണ്ടി ചെറിയ കുന്നുകളും കയറിയുള്ള യാത്ര അൽപ്പം ഭയപ്പെടുത്തുന്നതാണ്. ഇടക്ക് എപ്പോഴോ വഴി തെറ്റിയെങ്കിലും മറുവശത്തുകൂടി പോകുന്ന വാഹനങ്ങളുടെ ശബ്ദം ലക്ഷ്യമാക്കി നടന്നതോടെ ഞങ്ങൾ ഏതോ ഒരു റോഡിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഒരു ഊഹം വെച്ച് വീണ്ടും ബംഗ്ലാവിലേക്ക് നടക്കാനാരംഭിച്ചു. അങ്ങനെ ഒരു മണിക്കൂറിലധികം നീണ്ട നടപ്പിനൊടുവിൽ 12 മണിയോടെ ഞങ്ങൾ തിരികെ ബംഗ്ലാവിൽ എത്തിച്ചേർന്നു. വന്ന വഴിയിലുടനീളം വേഴാമ്പൽ ഉൾപ്പെടെ നിരവധി പക്ഷികളേയും വിവിധ തരം ശലഭങ്ങളെയും കാണാൻ സാധിച്ചു. തേയില കൂടാതെ കാപ്പി, കാരറ്റ്, സപ്പോട്ട തുടങ്ങിയവയും കുരുമുളക് ഉൾപ്പെടെ പലതരം സുഗന്ധവ്യഞ്ജനങ്ങളും, ഇടവിളയായി അടക്കയും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. യാത്ര എന്നത് പലപ്പോഴും കണ്ണുകൊണ്ട് കാണേണ്ട ഒന്നു മാത്രമല്ല, ഉള്ളുകൊണ്ട് അനുഭവിക്കാൻ ഉള്ളതുകൂടിയാണ്. അത്തരത്തിൽ അനുഭവിച്ചറിയാനുള്ള ഒരു സ്ഥലമാണ് തീർച്ചയായും ബിതർക്കാട്.
[irp]
കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം മടക്കയാത്രയെ പറ്റിയുള്ള ആലോചനയിലും സാധനങ്ങൾ പാക്ക് ചെയ്യാനുമുള്ള തിരക്കിലുമായി ഞങ്ങളെല്ലാവരും. അങ്ങനെ ബിതർക്കാടൊരുക്കിയ കാഴ്ചകൾക് ഉള്ളുകൊണ്ട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ഒരു മണിയോടെ, മനസ്സില്ലാ മനസ്സുമായി ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു. മടക്കയാത്രയിലുടനീളം പേരറിയാത്ത ഏതോ ഒരു നീല പൂവും, അവ വീണുകിടക്കുന്ന മനോഹരമായ റോഡും, തട്ടുകളായുള്ള തേയിലത്തോട്ടങ്ങളും, ആകാശം മുട്ടെ നിൽക്കുന്ന കുന്നുകളും ഞങ്ങളുടെ ക്യാമറ കണ്ണുകൾക്ക് വിരുന്നൊരുക്കി. നാടുകാണിയിലെ കച്ചവടക്കാരിൽ നിന്നും വാങ്ങിയ നെല്ലിക്കയും, പുളി മാങ്ങയും, ചാമ്പക്കയും രുചിച്ചും, മ്യൂസിക് പ്ലെയറിൽ നിന്നും ഒഴുകി വരുന്ന പാട്ടിന് കൂടെ ഈണമിട്ടും മൂന്ന് മണിയോടെ ഞങ്ങൾ നിലമ്പൂരിൽ എത്തിച്ചേർന്നു.