Connect with us

Religion

നീരുറവ

Published

|

Last Updated

ഭൂമുഖത്ത് അതിവസിക്കുന്ന മനുഷ്യരടക്കമുള്ള സകല ജീവജാലകങ്ങളുടെയും ജീവാമൃതാണ് ജലം. ജലമില്ലാതെ ജീവനില്ല. അതുകൊണ്ടാണ് ഭൂമ്യേതര ഗ്രഹങ്ങളിൽ ജീവന്റെ കണിക കണ്ടെത്തുന്നതിന് ജലാംശം ഉണ്ടോ എന്ന് ശാസ്ത്രം അന്വേഷിക്കുന്നത്. പാനീയം പ്രാണിനാം പ്രാണം വിശ്വമേവ ചതന്മയം അഥവാ പ്രാണനുള്ളവക്കെല്ലാം പ്രാണനാണ് ജലം, ലോകംതന്നെ ജലാത്മകമാണ് എന്നാണ് ആയുർവേദത്തിന്റെ ഭാഷ്യം. ഭക്ഷണമില്ലാതെ ദിവസങ്ങളോളം മനുഷ്യന് ജീവിക്കാമെങ്കിലും പാനീയമില്ലാതെ നാലോ അഞ്ചോ ദിവസത്തിൽ കൂടുതൽ ജീവിക്കാൻ സാധ്യമല്ല. വെള്ളം അവസാനിക്കുന്നിടത്ത് ജീവൻ ഇല്ലാതാകുമെന്ന് ചുരുക്കം. പ്രപഞ്ചത്തിലെ പലതിനും ബദലുകൾ ശാസ്ത്രലോകം കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും വെള്ളത്തിന് പകരമായി ഇന്നേവരെ മറ്റൊന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം.
ജീവനും ജീവിതവുമായി വെള്ളത്തിന് അഭേദ്യമായ ബന്ധമുണ്ട്. കാരണം, ജീവികളുടെ ഉത്ഭവം തന്നെ ജലത്തിൽ നിന്നാണെന്നാണ് വേദങ്ങളിലുള്ളത്. വിശുദ്ധ ഖുർആൻ പറയുന്നു: “അല്ലാഹു എല്ലാ ജീവികളെയും ജലത്തിൽ നിന്ന് സൃഷ്ടിച്ചു. അവയിൽ ഇഴഞ്ഞ് നടക്കുന്നവയും രണ്ടുകാലിൽ നടക്കുന്നവയും നാലുകാലിൽ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. നിശ്ചയം അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്” (സൂറത്തുന്നൂർ: 45).
മനുഷ്യന്റെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിലും ആന്തരികമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിലും ജലത്തിന് നിർണായകമായ പങ്കുണ്ട്. ജലത്തിന്റെ തോത് കുറയുമ്പോൾ ദഹനവിസർജന പ്രക്രിയകളിൽ അസ്വാഭാവികത സംഭവിക്കുന്നു. ശരാശരി മനുഷ്യന്റെ ശാരീരിക സുസ്ഥിതിക്ക് 25 ലിറ്ററെങ്കിലും വെള്ളം ശരീരത്തിൽ വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രായപൂർത്തിയായ പുരുഷന്റെ ശരീരത്തിൽ 65 ശതമാനവും സ്ത്രീയിൽ 58 ശതമാനവും ജലാംശമുണ്ട്. ആകയാൽ ആരോഗ്യ സംരക്ഷണത്തിന് ഓരോരുത്തരും ദിനേന ചുരുങ്ങിയത് രണ്ടര ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന് ആരോഗ്യ ശാസ്ത്രം ആവശ്യപ്പെടുന്നു.
ഭൂമിയുടെ മുക്കാൽ ഭാഗവും ജലമാണ്. അതിൽ ജലത്തിന്റെ 97.5 ശതമാനവും ഉപ്പ് കലർന്ന സമുദ്രജലമാണ്. ഭൂഗോളത്തിലെ മൊത്തം ജലത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. ഈ രണ്ടര ശതമാനം ശുദ്ധജലത്തിന്റെ 70 ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 29 ശതമാനത്തോളം ഭൂഗർഭ ജലവും. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ ഒരു ശതമാനം മാത്രമാണ് നദികളിലും തടാകങ്ങളിലും തണ്ണീർത്തടങ്ങളിലുമെല്ലാമുള്ള ഉപരിതല ശുദ്ധജലം.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുർലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ നിഴലിലാണ് നാമിപ്പോൾ ജീവിക്കുന്നത്. കുടിനീരിനായി പലയിടത്തും ജനങ്ങൾ നെട്ടോട്ടമോടുകയാണ്. അമ്പതോളം രാഷ്ട്രങ്ങൾ അതിരൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഭൂമുഖത്തെ ജലാശയങ്ങൾ വറ്റിക്കൊണ്ടിരിക്കുകയും ഉള്ളത് മലിനമാകുകയും ജലസ്രോതസ്സുകൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. മഴയുടെ ലഭ്യത കുറയുകയും വർഷിക്കുന്ന മഴത്തുള്ളികൾ ഭൂമിയിലേക്ക് ഇറങ്ങാതെ ഒലിച്ച് പോകുകയും ചെയ്യുന്നു. മഴവെള്ള സംഭരണത്തിന് പൂർവികർ നടപ്പാക്കിയ വരമ്പുകെട്ടലും മഴക്കുഴികളുമെല്ലാം ഇന്ന് അപ്രത്യക്ഷമാകുന്നു.

നമ്മുടെ രാജ്യവും കടുത്ത ജലക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. ജലക്ഷാമം രൂക്ഷമായ ഏഷ്യയിലെ 27 നഗരങ്ങളിൽ ഡൽഹി, ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളും 255 ജില്ലകളിലായി 756 പ്രധാന സിറ്റികളും 4387 ഗ്രാമപ്രദേശങ്ങളുമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. തമിഴ്‌നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ സ്ഥലങ്ങൾ ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന ഗ്രൗണ്ട് വാട്ടർ എസ്റ്റിമേറ്റ് കമ്മിറ്റി നടത്തിയ പുതിയ പഠനങ്ങൾ പ്രകാരം കേരളത്തിലെ സ്ഥിതിയും ആശങ്കപ്പെടുത്തുന്നതാണ്. 44 നദികളും അനേകായിരം കിണറുകളും ധാരാളം കുളങ്ങളും തോടുകളും അരുവികളും മറ്റു ജലസ്രോതസ്സുകളും കൊണ്ട് സമ്പന്നമായ പ്രബുദ്ധ കേരളത്തിൽ കുടിവെള്ളം തേടി പരക്കം പായുന്നവരുടെ എണ്ണം പ്രതിവർഷം കൂടിക്കൂടി വരികയാണ്.
വർഷക്കാലങ്ങളിൽ ശക്തമായ പേമാരിയിൽ ജലപ്രളയങ്ങളുണ്ടായി നഗരവും പാടങ്ങളും ഒരേപോലെ വെള്ളം നിറഞ്ഞ് നിൽക്കുമ്പോഴും ഒരൽപ്പം ശുദ്ധജലം ലഭിക്കാതെ ഒട്ടേറെ പേർ പ്രയാസപ്പെടുന്നു. വേനലിന്റെ കൊടിയ ചൂടിൽ ജലസംഭരണികൾ വറ്റിവരണ്ട് ഒരു തുള്ളി ദാഹജലത്തിന് കിലോമീറ്ററുകളോളം താണ്ടേണ്ട അവസ്ഥയാണ് പലയിടങ്ങളിലുമുള്ളത്. തകിടം മറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥയും നിയന്ത്രണമില്ലാത്ത പ്രകൃതി ചൂഷണവും വെള്ളമില്ലാത്ത ഒരു കാലത്തേക്ക് നമ്മളെ കൊണ്ടെത്തിക്കുമെന്നതിൽ സംശയമില്ല!

ജലക്ഷാമമകറ്റുന്നതിന് ഭരണകൂടങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില നൽകേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ദക്ഷിണാഫ്രിക്കയിലെ ചില ഗ്രാമങ്ങളിൽ ചെന്ന് പത്ത് ലിറ്റർ കുടിവെള്ളം വേണോ അതോ ഒരു പവൻ സ്വർണമാണോ വേണ്ടത് എന്നു ചോദിച്ചാൽ അവർ ചാടിവീണ് പറയും “കുടിവെള്ളം മതി” എന്ന്. ശുദ്ധജലക്ഷാമം അത്രക്ക് രൂക്ഷമാണവിടെ. ചൈനയുടെ ചില ഭാഗങ്ങളിലും തഥൈവ. ഇനിയൊരു ലോക മഹായുദ്ധമുണ്ടാകുമെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്നാണ് പാരിസ്ഥിതിക പ്രവർത്തകർ നിരീക്ഷിക്കുന്നത്. അത്രമേൽ അനുദിനം ജലം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്.
ജല സ്രോതസ്സുകൾ മലിനമാക്കുന്നവർക്കും പാഴാക്കുന്നവർക്കുമെതിരെ പ്രപഞ്ചനാഥൻ ശക്തമായ താക്കീത് നൽകുന്നുണ്ട്. “നിങ്ങൾ കുടിവെള്ളത്തെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതോ നാമാണോ അത് മേഘത്തിൽ നിന്നു താഴെയിറക്കിയത്?” (സൂറത്തുൽ വാഖിഅ : 68, 69) ” നബിയെ, നിങ്ങൾ പറയുക; നിങ്ങൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം താഴേക്ക് ഉൾവലിഞ്ഞാൽ ആരാണ് ശുദ്ധജലം നിങ്ങൾക്ക് കൊണ്ടുവന്നുതരിക” (സൂറത്തുൽ മുൽക് : 30)
പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് ഖുർആൻ ആഹ്വാനം ചെയ്യുന്നു. “നിങ്ങൾ ഭക്ഷിക്കുക, പാനം ചെയ്യുക. അമിതമാക്കരുത്. നിശ്ചയം അല്ലാഹു അമിതമായി വിനിയോഗിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല” (അൽ അഅ്‌റാഫ്: 31). “അതിക്രമകാരികളുടെ കൽപന നിങ്ങൾ അനുസരിക്കരുത്” (ശുഅറാഅ്: 151) അംഗസ്‌നാനത്തിൽ കൂടുതൽ വെള്ളമൊഴിച്ച സഅദ് (റ) വിനെ തിരുനബി (സ) തിരുത്തിയ സംഭവം ശ്രദ്ധേയമാണ്.

വുളൂ എടുക്കുമ്പോൾ കൂടുതൽ വെള്ളമുപയോഗിച്ച സഅദ് (റ) വിനോട് നബി(സ) ചോദിച്ചു: സഅ്‌ദേ, എന്താണീ അമിതോപയോഗത്തിന്റെ ഉദ്ദേശ്യം? വുളൂ ആകുമ്പോൾ എത്രയും ജലമുപയോഗിക്കാമെന്ന് ധരിച്ചുവെച്ച സഅ്ദ് (റ) അദ്ഭുതത്തോടെ അന്വേഷിച്ചു; വുളൂഇലുണ്ടോ അമിതോപയോഗത്തിന്റെ പ്രശ്‌നം? നബി(സ) പ്രതികരിച്ചു: അതേ സഅ്ദ്. ഒഴുകുന്ന നദിയിൽ നിന്ന് താങ്കൾ വുളൂഅ് ചെയ്യുകയാണെങ്കിൽ പോലും പരിധി വിടരുത് (അഹ്്മദ് ). ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ വെള്ളം സുലഭമായി ലഭിക്കുന്നിടത്ത് വെച്ച് ശുദ്ധീകരണം നടത്തുമ്പോൾ അമിതമാക്കിയാലും കറാഹതാണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
ദുർവ്യയത്തെ തടയുന്നതോടൊപ്പം നിരവധി നല്ല മാതൃകകൾ നബി (സ) തന്റെ അനുചരന്മാർക്ക് പകർന്ന് നൽകിയിട്ടുമുണ്ട്. ഒരു മുദ്ദ് വെള്ളം (800 മില്ലീ ലിറ്റർ) ഉപയോഗിച്ച് അവിടുന്ന് അംഗസ്‌നാനം നടത്തിയതും കുളിക്ക് അതിന്റെ നാലിരട്ടി (ഒരു സ്വാഅ് 3.200 ലിറ്റർ) വെള്ളം ഉപയോഗിച്ച് ശുദ്ധീകരണം നടത്തിയതും നിരവധി ഹദീസുകളിലുണ്ട്. ഇത് മാതൃകയാക്കിയ സ്വഹാബിവര്യന്മാരും കുറഞ്ഞ വെള്ളം കൊണ്ടുള്ള ശുദ്ധീകരണം ജീവിത ശൈലിയാക്കി മാറ്റിയെടുത്തു.
അല്ലാഹുവിന്റെ അമൂല്യ വരദാനമായ ജലം ദാനം ചെയ്യൽ വലിയ പുണ്യമുള്ള കാര്യമാണ്. സഅ്ദുബ്‌നു ഉബാദ(റ)യിൽ നിന്ന് നിവേദനം. മഹാൻ നബി (സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് മരണപ്പെട്ടിട്ടുണ്ട്. അവർക്ക് വേണ്ടി ഞാൻ ധർമം ചെയ്യട്ടെയോ? നബി(സ) പറഞ്ഞു: അതെ, ഞാൻ ചോദിച്ചു: ഏത് സ്വദഖയാണ് കൂടുതൽ ശ്രേഷ്ഠകരം? നബി (സ) പറഞ്ഞു: വെള്ളം കുടിപ്പിക്കൽ. (അഹ്്മദ്, നസാഈ).

ജല ദൗർലഭ്യത്തെ അവസരമാക്കി അതിനെ വാണിജ്യവത്കരിക്കുന്ന പുതിയ കാലത്ത് ഇസ്്ലാമിന്റെ ജലനയ സമീപനം എത്ര മനുഷ്യപ്പറ്റുള്ളതാണ്.
ഒരാളുടെ ഉടമസ്ഥതയിലുള്ള വെള്ളത്തിൽ നിന്ന് തനിക്കും ആശ്രിതർക്കും കുടിക്കാനാവശ്യമായത് മാറ്റിവെച്ച് ബാക്കിയുള്ളത് ആവശ്യക്കാർക്ക് ദാനം ചെയ്യണമെന്ന് ഇസ്്ലാം പറയുന്നു. ക്ഷാമകാലത്തെ ശുചീകരണവും ജലാശയത്തിൽ നിന്ന് വെള്ളമെടുക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ഇസ്്ലാമിക കർമശാസ്ത്രം കൃത്യമായി വിവരിക്കുന്നുണ്ട്. കുടിക്കുന്നതിന്റെയും കുടിപ്പിക്കുന്നതിന്റെയും നനയ്ക്കുന്നതിന്റെയും ക്രമവും രീതിശാസ്ത്രവും അതിലുണ്ട്. മനുഷ്യനും ജീവികൾക്കും കൃഷിക്കും ഉപകാരപ്പെടുകയും എന്നാൽ സ്വയം ഉപദ്രവം ഏറ്റെടുക്കേണ്ടി വരാത്തതുമായ വിധത്തിലാണ് നിർദേശങ്ങളുള്ളത്. ഇമാം ഖതീബുശിർബീനി (റ) പറയുന്നു: “വെള്ളത്തിൽ നിന്ന് തനിക്ക് കുടിക്കാനാവശ്യമായത് കഴിഞ്ഞ് ബാക്കിയുള്ളത് മറ്റുള്ളവർക്ക് കുടിക്കാൻ നൽകൽ നിർബന്ധമാണ്. തന്റെ മൃഗങ്ങൾക്ക് നൽകി ശേഷിക്കുന്നുവെങ്കിൽ അപരന്റെ മൃഗങ്ങൾക്ക് കൂടി നൽകേണ്ടതാണ്. സ്വന്തം ആവശ്യം കഴിഞ്ഞാൽ പിന്നെ ജീവികൾക്ക് വെള്ളം നൽകണം. അങ്ങനെ നൽകുമ്പോൾ ശുദ്ധീകരണത്തിന് ഇല്ലാതാകുന്നുവെങ്കിൽ തയമ്മും ചെയ്യുകയാണ് വേണ്ടത്. (മുഗ്്നി).

കൊറോണ പോലുള്ള പകർച്ചവ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഹാന്റ് വാഷിംഗ് അഥവാ കൈ കഴുകലാണെന്ന് ആരോഗ്യ ശാസ്ത്രം പറയുന്നു. പ്രതിരോധ കുത്തിവെപ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലുകൾ കൊണ്ടും രക്ഷിക്കാവുന്നതിലും കൂടുതൽ ശക്തി ജലമുപയോഗിച്ച് കഴുകുന്നതിലൂടെ ലഭിക്കുന്നുവെന്നാണ് ആധുനിക പഠനങ്ങൾ പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും മലമൂത്രവിസർജനത്തിന് ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുന്ന ശീലം കൊണ്ടുവരാൻ ലോകാരോഗ്യ സംഘടനകൾ നിർദേശിക്കുന്നു. എന്നാൽ, ഇതെല്ലാം ഇസ്്ലാമിന്റെ ശുദ്ധീകരണ പാഠങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സവിസ്തരം പ്രതിപാദിച്ചതാണ്. അവിടങ്ങളിലെല്ലാം ജലോപയോഗത്തിന്റെ അളവും കൃത്യമായി പറയുന്നു. വൈറസ് വ്യാപനത്തെ തടയുന്നതിനുവേണ്ടി വെള്ളമുപയോഗിക്കുന്നതിലും മിതത്വം പാലിക്കാൻ അധികൃതർ നിർദേശം നൽകണം. അല്ലാത്തപക്ഷം ആഗതമായ വേനൽ ചൂടിൽ കഠിനമായ ജലക്ഷാമത്തിന് കൂടി നാം ഇരയാകേണ്ടി വരും.
പ്രപഞ്ച സ്രഷ്ടാവിന്റെ മഹാനുഗ്രഹങ്ങളിലൊന്നായ ജലം മൂല്യശോഷണം സംഭവിക്കാതെ ഗുണപരമായി ഉപയോഗപ്പെടുത്താൻ നാം പരിശീലിക്കുകയും പാകപ്പെടുകയും വേണം. അതിനാവശ്യമായ ബോധവത്കരണങ്ങളും പരിശീലനങ്ങളും നടക്കണം. അനുദിനം ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ പ്രകൃതിയുടെ മതമായ ഇസ്്ലാം അനുശാസിക്കുന്ന ജലനയം അനുവർത്തിക്കലാണ് നവകാല സാഹചര്യത്തിലെ പ്രതിസന്ധികൾക്കുള്ള പരിഹാരമാർഗം.

Latest