Connect with us

Articles

ബേങ്കുകളുടെ അടിത്തറ മാന്തുന്നതാര്?

Published

|

Last Updated

ഒരു തോക്കുകൊണ്ട് ഒരാൾക്ക് ഒരു ബേങ്ക് കൊള്ളയടിക്കാം. ഒരു ബേങ്ക് കൊണ്ട് ഒരാൾക്ക് ഈ ലോകത്തെയാകെ കൊള്ളയടിക്കാം- കാർട്ടർ ഗ്ലാസ്
കാർട്ടർ ഗ്ലാസ്: അമേരിക്കയിലെ റിസർവ് ബേങ്കായ ഫെഡറൽ റിസർവിന്റെ സ്ഥാപകൻ എന്ന് തന്നെ വിളിക്കാവുന്ന സെനറ്റർ (1902-1918). ഫെഡറൽ റിസർവിന് അടിസ്ഥാനമായ നിയമം 1913ൽ യു എസ് സെനറ്റിൽ അവതരിപ്പിച്ച വ്യക്തി. ഒരു രാജ്യത്തെ റിസർവ് ബേങ്കിന്റെ കടമ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയതിനാലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കോർപറേറ്റുകൾക്ക് വിറ്റു തുലക്കാൻ ആവേശം കാട്ടുന്ന സർക്കാർ തന്നെ കോർപറേറ്റുകൾക്ക് കടം നൽകി മുടിഞ്ഞ സ്വകാര്യ ബേങ്കുകൾ ഏറ്റെടുക്കാൻ പൊതുമേഖലാ ബേങ്കിന്റെ പണം മുടക്കുന്നു. യെസ് ബേങ്കിന്റെ 49 ശതമാനം ഓഹരികൾ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ഏറ്റെടുക്കാൻ റിസർവ് ബേങ്ക് നിർദേശിക്കുന്നു.

യെസ് ബേങ്കിലെ കുഴപ്പം അത്ര പെട്ടെന്നുണ്ടായതൊന്നുമല്ല. 2019ൽ തന്നെ ഇത് സംബന്ധിച്ച് റിസർവ് ബേങ്കിന് കൃത്യമായി അറിയാമായിരുന്നു. 2016ലും 17ലും തുടർച്ചയായി വൻ തകർച്ചയിലാണ് യെസ് ബേങ്ക്. ശരിയായ കണക്കുകൾ നൽകാതിരിക്കൽ, കുതിച്ചുയരുന്ന കിട്ടാക്കടങ്ങൾ, പരസ്പരം പോരടിക്കുകയും രാജിവെക്കുകയും ചെയ്യുന്ന ഡയറക്ടർമാർ, ആസ്തി കണക്കിലെ കള്ളക്കളികൾ തുടങ്ങിയ പല കുഴപ്പങ്ങളും ഉണ്ടെന്നു മനസ്സിലായിട്ടും ശക്തമായ ഒരു നടപടിയും സ്വീകരിക്കാതെ ഈ തകർച്ചയിൽ എത്തിയതിന്റെ ഉത്തരവാദിത്വം റിസർവ് ബേങ്കിനാണ്. അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ച കേന്ദ്ര സർക്കാറിനാണ്.
കിട്ടാക്കടങ്ങൾ എന്ന് പറയാവുന്നവ സംബന്ധിച്ച് 2019 മാർച്ചിൽ ഈ ബേങ്ക് നൽകിയ കണക്കുകൾ തെറ്റായിരുന്നു എന്ന് റിസർവ് ബേങ്ക് കണ്ടെത്തിയതാണ്. യഥാർഥത്തിൽ 3,277 കോടിയായിരുന്ന കിട്ടാക്കടം കേവലം 1,259 കോടി മാത്രമെന്ന് അവർ റിപ്പോർട്ട് ചെയ്തു. എന്നാൽ, പരിശോധനയിൽ ഇത് തെറ്റാണെന്നു തെളിഞ്ഞു. ഇത്തരം വ്യത്യാസങ്ങൾ കണ്ടെത്തിയാൽ ഉടനെ തന്നെ ബേങ്കുകൾ അത് പ്രസിദ്ധപ്പെടുത്തണമെന്ന് ഓഹരിക്കമ്പോളം നിയന്ത്രിക്കുന്ന സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ബേങ്കുകളുടെ ഓഹരികൾ വ്യാപാരം ചെയ്യുന്നവർക്ക് ബേങ്കുകളുടെ സാമ്പത്തികാരോഗ്യം സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകാനാണിത്. ഇന്ത്യൻ ബേങ്ക്, ബേങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബേങ്ക്, സെൻട്രൽ ബേങ്ക് തുടങ്ങിയവയെല്ലാം ഈ നിബന്ധന പാലിച്ചു. എന്നാൽ യെസ് ബേങ്ക് അതിനൊന്നും തയ്യാറായില്ലെങ്കിലും റിസർവ് ബേങ്ക് അത് ഗൗനിച്ചില്ല. ഈ ഗുരുതരമായ തെറ്റിന് പരിഹാരം ചെയ്യുമെന്നും നയങ്ങളിലും ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികളിലും മാറ്റം വരുത്തുമെന്നും അവർ ഉറപ്പു നൽകി. 2019 ജനുവരിയിൽ പഴയ എം ഡി റാണാ കപൂറിനെ മാറ്റി നവനീത് ഗില്ലിനെ നിയമിച്ചു. റിസർവ് ബേങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണറായ ആർ ഗാന്ധിയെ ഒരു ഡയറക്ടറായും നിയമിച്ചു. പക്ഷേ, ഒരു വ്യത്യാസവും ഉണ്ടായില്ലെന്ന് മാത്രമല്ല തകർച്ച അതിവേഗത്തിലാകുകയും ചെയ്തു. 2019ൽ തന്നെ ഇത് സംബന്ധിച്ച് റിസർവ് ബേങ്കിന് കൃത്യമായി അറിയാമായിരുന്നു. ഇപ്പോൾ ബേങ്കിൽ പണം നിക്ഷേപിച്ചവർക്ക് തിരിച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ നിയന്ത്രണങ്ങൾ വന്നു. കോടിക്കണക്കിന് ഉപഭോക്താക്കളുടെ ജീവിതം അവതാളത്തിലായി. എങ്ങനെ ഇത്ര വലിയ തുകകൾ കിട്ടാക്കടമായി? രാജ്യമാകെ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ മുഴുവൻ കടങ്ങളും കൂട്ടിയാലും വരാത്തത്ര വരുന്ന തുകകളാണ് ഓരോ കോർപറേറ്റുകൾ വായ്പ എടുത്ത് തിരിച്ചടക്കാനുള്ളത്. റിലയൻസിന്റെ അനിൽ അംബാനി ഗ്രൂപ്പ് (12,800 കോടി രൂപ), എസ് എൽ ഗ്രൂപ്പ് (8,400 കോടി), ഡി എച്ച് എഫ് എൽ ഗ്രൂപ്പ് (4,735 കോടി), ഐ എൽ ആൻഡ് എഫ് എസ് (2,500 കോടി), ജെറ്റ് എയർവേസ് (1,100 കോടി), ഗോ ട്രാവൽ (1,000 കോടി) എന്നിങ്ങനെയാണ് തിരിച്ചടക്കലിൽ വീഴ്ച വരുത്തിയ പ്രധാന സ്ഥാപനങ്ങൾ. ഇവരോടൊക്കെ കടം തിരിച്ചു ചോദിക്കാൻ പാടില്ലെന്നതാണ് കേന്ദ്ര സർക്കാർ നയം, റിസർവ് ബേങ്ക് നയം. പകരം പാവപ്പെട്ട ഉപഭോക്താക്കളെ പിഴിയാം, ദ്രോഹിക്കാം. ഇത് തന്നെയായിരുന്നല്ലോ നോട്ടുനിരോധനത്തിന്റെ ലക്ഷ്യവും. എന്താണ് നമ്മുടെ റിസർവ് ബേങ്ക് ചെയ്യുന്നത്?
യെസ് ബേങ്കിന്റെ കാര്യത്തിൽ മാത്രമല്ല, മുമ്പ് പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബേങ്കിന്റെ കാര്യത്തിലും ഇതുണ്ടായി. ആർ ബി ഐ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ഗവർണർ ശക്തികാന്തദാസ് യാതൊരു തരത്തിലും സാമ്പത്തിക മേഖലയുമായി ബന്ധമില്ലാത്തയാളാണ്. ഭരണ കക്ഷിക്ക് താത്പര്യമുള്ള ആൾ എന്ന ഒറ്റ യോഗ്യത മാത്രം. നോട്ടു പിന്‍വലിക്കലിനെ അദ്ദേഹം പിന്തുണച്ചു എന്നത് മാത്രം. പക്ഷേ, അദ്ദേഹം കൈകാര്യം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യമാണ്. നോട്ടുനിരോധനത്തിന് മുമ്പ് തന്നെ രഘുറാം രാജൻ സ്ഥാനമൊഴിഞ്ഞത് അദ്ദേഹം തുടരാൻ പാടില്ലെന്ന് ആർ എസ് എസ് നിർബന്ധിച്ചത് മൂലമാണ്. സ്വന്തം പിണിയാളും റിലയൻസ് അംബാനിയുടെ കാവൽക്കാരനുമായിരുന്ന ഉർജിത് പട്ടേലാണ് പിന്നീട് വന്നത്. പക്ഷേ, റിസർവ് ബേങ്ക് മേധാവി എന്ന നിലയിൽ രാജ്യത്തെ ബേങ്കിംഗ് സംവിധാനത്തിന്റെ സംരക്ഷകനാണ് താനെന്നുള്ള ധാരണ അദ്ദേഹത്തിനുള്ളതിനാൽ തുടരാൻ കഴിഞ്ഞില്ല. ബേങ്കിലെ സർക്കാറിന്റെ പ്രതിനിധികളുടെ സമ്മർദം അതി കഠിനമായിരുന്നു. അതേ കാരണം കൊണ്ട് തന്നെ ഡെപ്യുട്ടി ഗവർണറായിരുന്ന വിരാൽ ആചാര്യക്കും ഒഴിഞ്ഞു പോരേണ്ടി വന്നു.
എന്താണ് റിസർവ് ബേങ്കിന്റെ ഭരണഘടനാപരമായ ചുമതലകൾ?
1. കറൻസി നോട്ടുകൾ അടിച്ചു വിതരണം ചെയ്യുക.
2. ബേങ്കുകളുടെയും മറ്റു ധനകാര്യസ്ഥാപനങ്ങളുടെയും നിയന്ത്രണം.
3. എല്ലാവിധ പണമിടപാടുകളുടെയും നിയന്ത്രണം.
4. സർക്കാറിന്റെ ബേങ്ക്, കടങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം.
5. വിദേശ നാണയം കൈകാര്യം ചെയ്യലും സുരക്ഷിതത്വം ഉറപ്പാക്കലും.
6. ബേങ്കർമാരുടെ ബേങ്ക്. മറ്റെവിടെ നിന്നും കടം കിട്ടാതെ വരുമ്പോൾ ഏറ്റവും അവസാനത്തെ ഉത്തമർണ്ണൻ (കടം നല്‍കുന്നയാൾ).
7. രാജ്യത്തിന്റെ വികസനത്തിലെ പങ്ക്.
രാജ്യത്തിന്റെ സാമ്പത്തിക സംവിധാനമാകെ കുത്തഴിഞ്ഞു. ഒരു നിയന്ത്രണവും വിശ്വാസ്യതയും ഇല്ലാത്ത അവസ്ഥയിൽ ഏറ്റവും നിർണായക പങ്കുവഹിക്കേണ്ട റിസർവ് ബേങ്കിന്റെ പ്രവർത്തനങ്ങൾ കാണുക.

1. ഇപ്പോൾ 2,000 രൂപയുടെ നോട്ടുകൾ കാര്യമായി പ്രചാരത്തിലില്ല. രാജ്യത്തെ ഏറ്റവും പ്രമുഖ പൊതുമേഖലാ ബേങ്ക് തന്നെ പരസ്യമായി പറയുന്നു, തങ്ങളുടെ എ ടി എമ്മുകളിൽ ഇനിമേൽ ആ നോട്ട് ഉണ്ടാകില്ല എന്ന്. നോട്ട് പിന്‍വലിക്കൽ കാലത്ത് തന്നെ ഒരു മുൻ ധനകാര്യമന്ത്രി പറഞ്ഞു, രണ്ടായിരത്തിന്റെ ഒട്ടനവധി പുതിയ നോട്ടുകൾ ബേങ്കുകളിൽ വരാതെ അടിക്കുന്ന പ്രസിൽ നിന്നും നേരെ ചിലരുടെ കൈകളിലേക്ക് പോയിട്ടുണ്ട് എന്ന്. തിരഞ്ഞെടുപ്പ് കാലത്ത് പലയിടത്തു നിന്നും വലിയ തോതിൽ നോട്ടുകൾ പിടിച്ചു എന്ന വാർത്ത വന്നിരുന്നു. എന്നാൽ കോടിക്കണക്കിന് രണ്ടായിരത്തിന്റെ നോട്ടുകൾ കൈവശം വെച്ച ഒരാളെപ്പോലും നാളിതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അന്ന് ഉന്നയിച്ച ആരോപണം ശരിയാണെന്നു കരുതേണ്ടി വരും.
2. ഒട്ടനവധി അധികാരങ്ങൾ ഉണ്ടായിരുന്നിട്ടും ബേങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നതിൽ റിസർവ് ബേങ്ക് ദയനീയമായി പരാജയപ്പെട്ടു. ഇടത്തരക്കാരെ വരെ കൊള്ളയടിക്കുന്ന വിധത്തിൽ ബേങ്കുകൾ അവരുടെ ഇടപാടുകൾക്കുള്ള ഫീസ് നിരക്ക് ഉയർത്തിയപ്പോൾ അവർ തികഞ്ഞ മൗനം പാലിച്ചു.
3. സർക്കാറിന്റെ ബേങ്കും കടം കൈകാര്യം ചെയ്യുന്ന സ്ഥാപനവുമെന്ന നിലയിൽ അവർ പരാജയപ്പെട്ടതിനാൽ സർക്കാർ ഭീമമായ കടക്കെണിയിലാകുകയും ഐ എം എഫ്, ലോക ബേങ്ക്, എ ഡി ബി മുതലായ സ്ഥാപങ്ങളുടെ ആശ്രിതത്വത്തിലുമായി. ഒപ്പം തറവാടിന്റെ സ്വത്തുക്കളായ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുകയും ചെയ്യുന്നു.
4. ഇലക്ട്രോണിക്കും അല്ലാതെയുമുള്ള നിരവധി തട്ടിപ്പുകൾ ദിനംപ്രതി പെരുകുമ്പോഴും അത് നിയന്ത്രിക്കാൻ ബാധ്യതപ്പെട്ട റിസർവ് ബേങ്ക് വെറും നോക്കുകുത്തിയായി തുടരുന്നു.
5. യഥാർഥത്തിൽ ഇതെല്ലം നിയന്ത്രിക്കാൻ കഴിയുന്ന ഒരു അനുകൂല അവസ്ഥ ഇവിടെയുണ്ട്. അന്താരാഷ്ട്ര കമ്പോളത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധനവിലയും വളരെ കൂടിയ നിരക്കിലുള്ള വിദേശനാണ്യ ഒഴുക്കുമാണ് ഇക്കാലത്തുണ്ടായിരുന്നത്. എന്നിട്ടും എല്ലാം തകരാറിലാക്കി.
6. ബേങ്കർമാരുടെ ബേങ്ക് എന്ന രീതിയിലുള്ള പ്രവർത്തനം ഏറെ ദുരന്തമായതിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബേങ്ക്, യെസ് ബേങ്ക് മുതലായവയുടെ തകർച്ചയിൽ നിന്നും ഇത് വ്യക്തമാണ്. സർക്കാറിന് ധൂർത്തടിക്കാൻ 1.76 ലക്ഷം കോടി രൂപ നൽകേണ്ടി വന്നതോടെ ഇത്തരം തകർച്ചകൾ നേരിടാൻ പണം മുടക്കാനുള്ള ശേഷിയും റിസർവ് ബേങ്കിനില്ലാതായി.
7. ഒരു വികസന ഏജൻസി എന്ന നിലയിൽ അവർ ദയനീയ പരാജയമായി. അവരുടെ ഗവേഷണവിഭാഗം ഏതാണ്ട് നിശ്ചലമായി. ഒരു പ്രതിസന്ധിക്കും പരിഹാരം കാണാൻ കഴിയാതെ വന്നപ്പോൾ പുതിയവ ഉടലെടുത്തു. വികസന മേഖലയിൽ പ്രവർത്തിക്കേണ്ട സാമ്പത്തിക സ്ഥാപനങ്ങളെ ബേങ്കിംഗ് മേഖലയിലേക്ക് വിടുക മാത്രമല്ല, അവയെ സ്വകാര്യവത്കരിക്കുകയും ചെയ്തു. പാർലിമെന്റിന്റെ സമിതികൾ പലവട്ടം ആവശ്യപ്പെട്ടിട്ടും വികസന സാമ്പത്തിക സ്ഥാപനങ്ങളെ തിരികെ കൊണ്ട് വരാൻ ശ്രമിച്ചില്ല. റിസർവ് ബേങ്കിന്റെ, അത് വഴി സർക്കാറിന്റെ മേൽനോട്ടവും നിയന്ത്രണവും ഉണ്ട് എന്നതാണ് രാജ്യത്തെ ബേങ്കിംഗ് മേഖലയുടെ വിശ്വാസ്യതയുടെ അടിത്തറ. അതിലാണ് വലിയ തകർച്ച സംഭവിച്ചിരിക്കുന്നത്. ഇത് തിരികെ പിടിക്കണമെങ്കിൽ ശക്തികാന്ത ദാസും അദ്ദേഹത്തെ പിന്തുണക്കുന്ന സർക്കാർ പ്രതിനിധികളും ഒഴിഞ്ഞു പോകണം.

സി ആര്‍ നീലകണ്ഠന്‍
neelan2011@gmail.com