Connect with us

Editorial

സഹായങ്ങൾ അർഹർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം

Published

|

Last Updated

കൊറോണ ഭീതിയിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ കുടുംബത്തിനു വലിയൊരു ആശ്വാസമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജ്. രോഗഭീതിയിൽ ജനജീവിതം വഴിമുട്ടിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20,000 കോടിയുടെ പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി ഓരോ കുടുംബത്തിനും 2,000 കോടിയുടെ പലിശ രഹിത വായ്പ, എ പി എൽ, ബി പി എൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി 10 കിലോ അരി, ബി പി എൽ, അന്ത്യോദയ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടും പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് 1,000 രൂപയുടെ ധനസഹായം, ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷനും ഈ മാസത്തെ പെൻഷനൊപ്പം മാർച്ച് 31ന് മുമ്പ് വിതരണം, ഏപ്രിൽ മുതൽ കുടുംബശ്രീ മുഖേന, 20 രൂപക്ക് ഊണ് ലഭിക്കുന്ന 1,000 ഹോട്ടലുകൾ തുറക്കൽ, ഏപ്രിൽ, മെയ് മാസങ്ങളിൽ തൊഴിലുറപ്പ് പദ്ധതിക്കായി 1,000 കോടി രൂപ തുടങ്ങിയ പദ്ധതികളാണ് പാക്കേജിന്റെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ചത്. കേന്ദ്ര സർക്കാർ കൊറോണ പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ വിസമ്മതിച്ച സാഹചര്യത്തിൽ കേരളം സ്വന്തം നിലക്കാവും ഇതിനുള്ള പണം കണ്ടെത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി, വാട്ടർ ബില്ലുകൾ പിഴകൂടാതെ അടക്കാൻ ഒരു മാസത്തെ സാവകാശവും ബസുകൾ അടുത്ത മൂന്ന് മാസം നൽകേണ്ട ടാക്‌സിന് ഇളവും അനുവദിച്ചിട്ടുണ്ട്.
കേരളത്തിൽ 40 പേർക്ക് മാത്രമേ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിനു പേർ നിരീക്ഷണത്തിലാണ്. രണ്ട് ദിവസം മുമ്പത്തെ സർക്കാർ കണക്കനുസരിച്ചു വീടുകളിൽ 26,000 ത്തോളം പേരും ആശുപത്രികളിൽ 250 ഓളം പേരും നിരീക്ഷണത്തിലാണ്. നിരീക്ഷണ ഘട്ടം കഴിഞ്ഞു രോഗമില്ലെന്നു സ്ഥിരീകരിച്ചവർ തന്നെ, പുറത്തിറങ്ങിയാൽ സമൂഹം ഭീതിയോടെയും ആശങ്കയോടെയും നോക്കുന്നതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലുമാണ്. വിദേശത്തു നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായ ചിലർ വീട്ടിലേക്കാവശ്യമായ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ, നാട്ടുകാർ പ്രതിഷേധിച്ചതിനാൽ ഒന്നും വാങ്ങാനാകാതെ വിട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്ന സംഭവങ്ങൾ ചില പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. കൂടാതെ കൊറോണ ഭീതി എല്ലാവിധ തൊഴിൽ സ്ഥാപനങ്ങളെയും കച്ചവടമേഖലയെയും ബാധിച്ചതിനാൽ പതിനായിരങ്ങളാണ് തൊഴിൽരഹിതരായി നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്നത്. സർക്കാറിന്റെ സാമ്പത്തിക പാക്കേജ് ഇത്തരക്കാർക്കെല്ലാം വലിയ അനുഗ്രഹമായിരിക്കും.
കഴിഞ്ഞ വർഷം നിപ്പാ രോഗബാധ കാലത്തെ പോലെ ഇപ്പോൾ കൊറോണ പ്രതിരോധത്തിലും നിതാന്ത ജാഗ്രത പുലർത്തി വരുന്നുണ്ട് സംസ്ഥാന സർക്കാർ. ഇത് ദേശീയ അന്തർദേശീയ തലത്തിൽ പ്രശംസിക്കപ്പെടുന്നുമുണ്ട്. കൊറോണ ഭീതിയിൽ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിക്കാനുള്ള സംസ്ഥാന സർക്കാർ നടപടിയെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് അഭിനന്ദിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കുട്ടികൾക്കുള്ള ഭക്ഷണപദാർഥങ്ങൾ എന്ത് ചെയ്യുകയാണ് എന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ ജയിലുകളിൽ പ്രത്യേക ഐസൊലേഷൻ സെല്ലുകൾ സജ്ജീകരിച്ചതും സുപ്രീം കോടതിയുടെ പ്രശംസക്ക് പാത്രീഭവിച്ചിരുന്നു. പുതുതായി എത്തുന്ന പ്രതികളെ ആറ് ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഐസൊലേഷൻ സെല്ലുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് സർക്കാർ ഇപ്പോൾ. കേരളത്തിലെ ജയിലുകളിലും തിഹാർ ജയിലിലുമല്ലാതെ മറ്റൊരിടത്തും ഈ സംവിധാനം ഉള്ളതായി അറിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരാമർശിച്ചിരുന്നു.

രാജ്യത്ത് കൊറോണ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയും രോഗപ്രതിരോധത്തിൽ അടുത്ത ഒരു മാസക്കാലം നിർണായകമാണെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ചൂണ്ടിക്കാട്ടുകയും ചെയ്ത സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്കായി അവധിയെടുത്ത ഡോക്ടർമാരോട് അവധി വെട്ടിച്ചുരുക്കി ഉടനെ ജോലിയിൽ പ്രവേശിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് അടിയന്തര ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇത്തരം മാതൃകാപരമായ നടപടികളുടെയും നിതാന്ത ജാഗ്രതയുടെയും തുടർച്ചയാണ് കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച ധനസഹായ പാക്കേജ്. ഒരു സംസ്ഥാനമെന്ന നിലയിൽ അധികാരങ്ങൾക്ക് പരിമിതിയുള്ള കേരളത്തിന്റെ ഈ ജാഗ്രതയാണ് കൊറോണ കേസുകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സഹായകമായത്.
അതേസമയം, രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന ധനസഹായങ്ങളും മറ്റും യഥാസമയം അർഹതപ്പെട്ടവർക്കു ലഭിക്കുന്നുവെന്നു ഉറപ്പാക്കാനുള്ള നിരീക്ഷണവും ശ്രദ്ധയും അനിവാര്യമാണ്. മഹാപ്രളയത്തിൽ തകർന്ന സംസ്ഥാനത്തെ സർവസ്വവും നഷ്ടപ്പെട്ട ഹതഭാഗ്യരെ സഹായിക്കാനായി ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പോലും തിരിമറി നടത്തിയ തട്ടിപ്പ് വീരന്മാർ വിരാജിക്കുന്നുണ്ട് നമ്മുടെ ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലുമെന്ന് ഇതിനകം വ്യക്തമായതാണല്ലോ. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വീടുകളിൽ ഭക്ഷണവും മരുന്നുമെത്തിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലർക്കും അത് ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങളാണ് നേതൃത്വം നൽകേണ്ടത്. ഇതുസംബന്ധിച്ച് സർക്കാർ അവർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. എന്നാൽ, പല തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest