Connect with us

Covid19

കൊവിഡ് ഭീഷണി: അതിര്‍ത്തികള്‍ അടയുന്നു

Published

|

Last Updated

വയനാട് | കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടയുന്നു. വയനാട്ടില്‍നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ എല്ലാം നിലച്ചിരിക്കുകയാണ്. ചെക്‌പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമാകും ഇനി കടന്നുപോകുക. കുടകിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് വയനാട് കലക്ടര്‍ അറിയിച്ചു. കര്‍ണാടക ചാമരാജ് നഗര്‍ ജില്ലയിലേക്കും, തമിഴ്‌നാട് നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല.

വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ കേരള അതിര്‍ത്തി പാതകള്‍ അടച്ച് തുടങ്ങി തമിഴ്‌നാടും കര്‍ണാടകയും. കോയമ്പത്തൂര്‍, തേനി, കന്യാകുമാരി, തിരുനെല്‍വേലി, നീലഗിരി ജില്ലകളില്‍നിന്ന് കേരളത്തിലേക്കുള്ള അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ തമിഴ്‌നാട് അടച്ചിരുന്നു. അതേ സമയം അടിയന്തര സര്‍വിസുകള്‍ അനുവദിക്കും.

മൂന്നു ദിവസമായി ചെക്‌പോസ്റ്റുകളില്‍ അണുനാശിനി തളിച്ചും യാത്രക്കാരെ പരിശോധിച്ചുമാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. വെള്ളിയാഴ്ചയോടെ കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തിരിച്ചയച്ചുതുടങ്ങി. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങളെ കേരളത്തിലേക്കും വിടുന്നില്ല.

കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങളും മറ്റും തമിഴ്‌നാട് കര്‍ണാടക ചെക്‌പോസ്റ്റുകള്‍ വഴിയാണ് എത്തുന്നത്. പച്ചക്കറി, പാല്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ നീക്കത്തിന് നിയന്ത്രണം ബാധകമാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മുടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വരമംഗല റോഡ്, ഗാളിമുഖ ഈശ്വരമംഗല ദേലംപാടി റോഡ്, നാട്ടക്കല്‍ സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമ കൊച്ചി റോഡ് എന്നിവയാണ് പൂര്‍ണമായി അടച്ചത്.