Connect with us

National

നിര്‍ഭയക്ക് നീതി; നാല് പ്രതികളെയും തൂക്കിലേറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | ഒടുവില്‍ അവള്‍ക്ക് ഈ ലോകത്ത് നീതി ലഭിച്ചിരിക്കുന്നു… രാജ്യം നിര്‍ഭയയെന്ന് പേരിട്ടുവിളിച്ച അവളുടെ മാനവും ജീവനും കവര്‍ന്നെടുത്ത പ്രതികള്‍ക്ക് രാജ്യം തക്ക ശിക്ഷ തന്നെ നല്‍കി. അവര്‍ നാല് പേരും കഴുമരത്തിലൊടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരക്കാണ് തിഹാര്‍ ജയിലില്‍ നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരെ തൂക്കിലേറ്റിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് നാല് പേരുടെയും ശിക്ഷ ഒരുമിച്ച് നടപ്പാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം നാല് പ്രതികളെ തൂക്കിലേറ്റുന്നത്.

തിഹാര്‍ ജയിലിയിലെ മൂന്നാം നമ്പര്‍ മുറിയിലെ കഴുമരത്തിലാണ് പ്രതികളെ തൂക്കിലേറ്റിയത്. കൃത്യം അഞ്ചരക്ക് തന്നെ ശിക്ഷ നടപ്പാക്കി. നാല് പ്രതികളും വ്യാഴാഴ്ച രാത്രി ഉറങ്ങിയിരുന്നില്ലെന്നും കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നരയോടെയാണ് പ്രതികളെ സെല്ലിൽ നിന്ന് പുറത്തുകൊണ്ടുവന്നത്. തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കാറുണ്ട്. എന്നാല്‍ നാല് പേരും അതിന് തയ്യാറായിരുന്നില്ല. ചായയും ഇവര്‍ കഴിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെെജാമയും കൂർത്തയുമാണ് പ്രതികളെ അണിയിച്ചിരുന്നത്. ശിക്ഷാ വിധി നടപ്പാക്കി അര മണിക്കൂറിന് ശേഷമാണ് കഴുമരത്തിൽ നിന്ന് മൃതദേഹങ്ങൾ ഇറക്കിയത്. തുടർന്ന് ജയിൽ അധികൃതർ പ്രതികൾ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു.

വധശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ് വൻ ജനാവലിയാണ് തിഹാർ ജയിലിന് പുറത്ത് തടിച്ചുകൂടിയത്. ശിക്ഷ നടപ്പാക്കിയതതോടെ ജനങ്ങൾ ആഹ്ളാദം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. മധുരം വിളമ്പിയും ജനം ശിക്ഷാവിധി ആഘോഷിച്ചു. കാത്തിരിപ്പിന് ഒടുവിൽ നീതി ലഭിച്ചുവെന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം. സ്വന്തം മകളെ പിച്ചിച്ചീന്തിയ കാപാലികൾക്ക് കഴുമരം വാങ്ങി നൽകും വരെ ഒരു അമ്മ നടത്തിയ സന്ധിയില്ലാ സമരത്തിൻെറ ചരിത്രം കൂടിയാവുകയാണ് നിർഭയ കേസ്.

 

കൊലക്കയറില്‍ നിന്ന് രക്ഷപ്പെടാന്‍ അവസാന നിമിഷം വരെ പ്രതികള്‍ നടത്തിയ എല്ലാ നീക്കങ്ങളും പാളിയതതോടെയാണ് വധശിക്ഷ നടപ്പാക്കാനായത്. പ്രതികള്‍ പല തടസ്സവാദങ്ങള്‍ ഉന്നയിച്ച് വിവിധ കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയതുവഴി മൂന്ന് തവണ മരണവാറണ്ട് മാറ്റിവെച്ചിരുന്നു. ഒടുവില്‍ തൂക്കിലേറ്റപ്പെടുന്നതിന് കേവലം രണ്ട് മണിക്കൂര്‍ മുമ്പ് സുപ്രീം കോടതി അസാധാരണമായി അര്‍ധരാത്രി ചേര്‍ന്നാണ് പ്രതികളുടെ അവസാന ഹരജി പരിഗണിച്ചത്. മൂന്നരയോടെ സുപ്രീം കോടതി പ്രതികളുടെ ഹര്‍ജി തള്ളുകയായിരുന്നു. നിയമപരമായ എല്ലാ സഹായങ്ങളും പ്രതികള്‍ക്ക് നല്‍കിയ ശേഷമാണ് ശിക്ഷാ വിധി നടപ്പാക്കിയത്.

തങ്ങളുടെ പേരില്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയും ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു തലേ ദിവസം പ്രതികള്‍ കോടതിയെ സമീപിച്ചത്. കേസുകള്‍ തീര്‍പ്പാകാതെ കിടക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നായിരുന്നു വാദം. പ്രതികളില്‍ ഒരാളായ അക്ഷയ് ഠാക്കൂറിന്റെ ഭാര്യ നല്‍കിയ വിവാഹ മോചന ഹര്‍ജിയും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തള്ളിയാണ് പ്രതികളുടെ ഹര്‍ജി കോടതി തള്ളിയത്. മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടതില്ലെന്ന വിചാരക്കോടതിയുടെ ഉത്തരവും ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്ന് അര്‍ധരാത്രി തന്നെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അര്‍ധരാത്രി സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചിരുന്നു. ഹര്‍ജി തള്ളിയതോടെയാണ് അന്ന് വധശിക്ഷ നടപ്പിലാക്കിയത്. സമാനമായ സാഹചര്യമാണ് നിര്‍ഭയ കേസിലും ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്.

ഡല്‍ഹിനഗരത്തില്‍ 2012 ഡിസംബര്‍ 16 നു രാത്രിയില്‍ സുഹൃത്തിനൊപ്പംബസ്സില്‍യാത്ര ചെയ്യുകയായിരുന്ന വൈദ്യവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണ് പിന്നീട് നിര്‍ഭയ കേസായി രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമായത്. സംഭവത്തില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന്ഡല്‍ഹിസഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായിസിംഗപ്പൂരിലെമൌണ്ട് എലിസബത്ത് ആശുപത്രിയില്‍പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു.

Latest