കൊവിഡ് 19: മലയാളികളുള്‍പ്പെടെ അമ്പതിലേറെ ഇന്ത്യക്കാര്‍ മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നു

Posted on: March 19, 2020 2:46 pm | Last updated: March 19, 2020 at 7:49 pm

ക്വാലാലംപൂര്‍ | കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ ശ്രമിച്ച അമ്പതിലേറെ പേര്‍ ക്വലാലംപൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. ഇതിലേറെയും മലയാളികളും തമിഴ്‌നാട്ടുകാരുമാണ്. രണ്ട് ദിവസത്തോളമായി ഇവരില്‍ പലരും മലേഷ്യന്‍ തലസ്ഥാനത്തെ വിമാനത്താവളത്തില്‍ തന്നെ കഴിയുകയാണ്. കൈയിലുള്ള പണമെല്ലാം തീര്‍ന്നുതുടങ്ങിയെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയിലേക്ക് പ്രത്യേക വിമാനം പോയെന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇതുസംബന്ധിച്ച ഒരു അറിയിപ്പും മുന്‍കൂര്‍ ലഭിച്ചില്ലെന്നും വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ പറഞ്ഞു. ചോദിച്ചപ്പോള്‍ ബുക്കിംഗ് തീര്‍ന്നുപോയെന്ന മറുപടിയാണത്രെ ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ചത്. മലേഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും തങ്ങള്‍ക്ക് ഒരു സഹായവും ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.